ലീഗ് കോട്ട കാത്തപ്പോള്‍ സംഭവിച്ചത്
എം ബിജു ശങ്കര്‍
വരാനിരിക്കുന്ന കേരളാ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നു വിലയിരുത്തപ്പെട്ട തദ്ദേശ ഭരണ തിരഞ്ഞെടുപ്പു ഫലം യു ഡി എഫ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടിയതുപോലുള്ള അപ്രതീക്ഷിത നേട്ടം കൈവരിക്കാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും യു ഡി എഫിനുണ്ടെന്നു മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തിയിട്ടും എവിടെയോ കാര്യങ്ങള്‍ പിഴച്ചു പോയി.
അപ്രതീക്ഷിതമായ ആഘാതത്തിന്റെ കാരണമെന്തെന്നു തിരിയാതെ നട്ടം തിരിയുന്ന യു ഡി എഫ് നേതൃത്വത്തെയാണ് ഇപ്പോള്‍ കാണുന്നത്. അടിത്തറ തകര്‍ന്നില്ലെന്നും കനത്ത പരാജയം ഉണ്ടായിട്ടില്ലെന്നും സ്വയം സമാധാനിക്കുന്നതിന്റെ ഒച്ചപ്പാടുകള്‍ മാത്രമാണു കേള്‍ക്കുന്നത്. യു ഡി എഫ് ക്യാമ്പ് മ്ലാനമായിരിക്കുമ്പോഴും മുസ്‌ലിംലീഗ് തങ്ങളുടെ കരുത്തുറ്റ കോട്ടകള്‍ കാത്തുസൂക്ഷിച്ചു എന്ന പേരില്‍ അവരെ പുകഴ്ത്താനുള്ള ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്നു കാണുന്നു. ദയനീയമായ പതനത്തിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്റെ തലയില്‍ അര്‍പ്പിച്ചു മാറിനിന്ന് ഊറിച്ചിരിക്കുന്ന ലീഗിനെയാണ് സൂക്ഷ്മ ദര്‍ശനത്തില്‍ കാണുന്നത്.
മുസ്ലിംലീഗ് കോട്ടകള്‍
കാത്തുസൂക്ഷിച്ച കഥ
കോണ്‍ഗ്രസ്സിലെ പത്തു രാഷ്ട്രീയ തന്ത്രജ്ഞര്‍ക്ക് ലീഗില്‍ ഒരു കുഞ്ഞാലിക്കുട്ടി മതി എന്ന കാര്യം ആര്‍ക്കാണ് അറിയാത്തത്? ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്ട്രവാദ സംഘടനയെ യു ഡി എഫ് സഖ്യത്തിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവന്നത് സാക്ഷാല്‍ കുഞ്ഞാലിക്കുട്ടിയാണ്. ഏതെങ്കിലും ഒരു പഞ്ചായത്തില്‍ പറയത്തക്ക സ്വാധീനമുള്ള ശക്തിയല്ല ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടിയെന്ന് മറ്റാരെക്കാളും അറിയുന്ന നേതാവ് കുഞ്ഞാലിക്കുട്ടി തന്നെയാണ്. ശബ്ദായമാന സാന്നിധ്യം കൊണ്ട് ഉള്ളതിന്റെ പതിന്‍മടങ്ങു ശേഷിയുണ്ടെന്ന് പൊതുജന മധ്യത്തില്‍ നടിക്കാന്‍ കഴിയുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. മാധ്യമ രംഗത്തെ സ്വാധീനം ഒന്നുകൊണ്ടു മാത്രം തങ്ങള്‍ ഒരു ഇടപെടല്‍ ശക്തിയാണെന്ന് മാലോകരെ കൊണ്ടു തോന്നിപ്പിക്കാനും അവര്‍ക്ക് കുറച്ചൊക്കെ കഴിയാറുണ്ട്. തങ്ങളുടെ അടിസ്ഥാന തത്വസംഹിതയായ മതരാഷ്ട്ര വാദം ഉള്ളില്‍ ഒളിപ്പിച്ചു, മതേതര ജനാധിപത്യ പ്രസ്ഥാനമായി പൊതുസമൂഹത്തില്‍ പ്രത്യക്ഷപ്പെടാന്‍, പതിറ്റാണ്ടുകള്‍ പിന്നിട്ട ഒരു അച്ചടിമാധ്യമവും പുതുതായി പിറവികൊണ്ട ദൃശ്യമാധ്യമവും അവര്‍ക്ക് വഴിയൊരുക്കുന്നു. അവരെ കൂടെ നിര്‍ത്തിയാല്‍ മാധ്യമ പ്രഹര ശേഷി വര്‍ധിപ്പിക്കാമെന്ന കണക്കു പെരുപ്പിച്ചു കാട്ടി യു ഡി എഫിനെ വീഴ്ത്തിയത് മുസ്‌ലിംലീഗാണ്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ പത്രസമ്മേളനം നടത്തലാണെന്നു തെറ്റിദ്ധരിച്ചുപോയ ചെന്നിത്തല, സുരേന്ദ്രാതികള്‍ നയിക്കുന്ന ചര്‍ച്ചാവേദിയായി പ്രതിപക്ഷ രാഷ്ട്രീയം പരിവര്‍ത്തിക്കപ്പെട്ട കാലത്ത് രണ്ടു മാധ്യമങ്ങള്‍ കൈവശമുള്ള ഒരു കക്ഷിക്ക് മുന്നണിയിലേക്ക് അനായാസേന പ്രവേശനം ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
എക്കാലത്തും ലീഗ് രാഷ്ട്രീയത്തിലെ ഉള്‍പിരിവുകളും അന്തപ്പുര നീക്കങ്ങളും മാലോകരെ അറിയിക്കുന്നതില്‍ കണ്ണിലെണ്ണ ഒഴിച്ചു കാത്തിരുന്നിട്ടുള്ളത് ജമാഅത്ത് ജിഹ്വയായിരുന്നു. അവരെ തങ്ങളുടെ പാളയത്തില്‍ എത്തിച്ചാല്‍ കിട്ടുന്ന സൈ്വര്യം എന്താണെന്നു കുഞ്ഞാലിക്കുട്ടിയെ പോലെ മറ്റൊരാള്‍ക്ക് അറിയില്ല. അക്കാര്യത്തില്‍ അദ്ദേഹം വിജയിച്ചു. ജമാഅത്തിനോടൊപ്പം അവരുടെ മാധ്യമപ്പടവാളുകളെയും യു ഡി എഫ് പാളയത്തില്‍ തളച്ചു. കേന്ദ്രഭരണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ലോക്‌സഭയിലേക്കു മത്സരിച്ച പലര്‍ക്കും കാര്യം നടക്കാതായപ്പോള്‍ കേരളത്തിലെ പച്ചപ്പിലേക്കു തിരിച്ചു വരണമെന്നുണ്ടായിരുന്നു. അത്തരം നീക്കത്തിനെതിരെ ഉയരുന്ന പാര്‍ട്ടിയിലെ ശബ്ദങ്ങള്‍ അടക്കാം. എന്നാല്‍ മാധ്യമ നാവുകളെ അടക്കാന്‍ ഏറ്റവും നല്ല വഴി ചില മാധ്യമ വ്യാഘ്രങ്ങളെ കൂടെ നിര്‍ത്തുക എന്നതാണല്ലോ.
അക്കാര്യത്തില്‍ വിജയം കണ്ടു. ഇങ്ങനെ ഒരു കുനുഷ്ഠു പിടിച്ച ലക്ഷ്യം ഹൃദയാന്തരംഗത്തില്‍ ഒതുക്കി ഒരു രാഷ്ട്രീയ സഖ്യത്തെ ഒളിച്ചു കടത്താനുള്ള മുസ്‌ലിം ലീഗിന്റെ നീക്കം പുറത്തു വന്നപ്പോള്‍ തന്നെ സമുദായത്തിലെ മതേതര ജനാധിപത്യ വാദികള്‍ നെഞ്ചുവിരിച്ചു രംഗത്തുവന്നു. മത തീവ്രവാദ പ്രസ്ഥാനമെന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്താന്‍ ഇക്കാലമത്രയും ജാഗ്രത പുലര്‍ത്തിയ പ്രസ്ഥാനങ്ങള്‍ക്ക് ഈ വളഞ്ഞ വഴി തിരിച്ചറിയാന്‍ അധികം സമയം വേണ്ടിവന്നില്ല. അവര്‍ വെട്ടിത്തുറന്നു നിലപാടു പ്രഖ്യാപിച്ചു. പരമ്പരാഗതമായി മുസ്‌ലിം ലീഗ് രാഷ്ട്രീയത്തെ പിന്‍തുണക്കാറുള്ള സമുദായ സംഘടനകളെ മറികടന്ന് ജമാഅത്ത് ബന്ധം സാധ്യമല്ലെന്നു ലീഗിനും അറിയാമായിരുന്നു. തീവ്രവാദത്തിനെതിരെ ധീരമായ നിലപാടു സ്വീകരിക്കാറുള്ള ലീഗിലെ യുവനിരയെ വെയിലത്തു നിര്‍ത്തി ജമാഅത്തിനെ കയറ്റിയിരുത്താന്‍ കഴിയില്ലെന്ന കാര്യവും വ്യക്തമായിരുന്നു. അതിനുള്ള തന്ത്രവും ലീഗ് ബുദ്ധികേന്ദ്രങ്ങള്‍ കാലേകൂട്ടി കണ്ടിരുന്നു.
സഖ്യനീക്കത്തിന്റെ മുന്‍ നിരയില്‍ നിന്നു ലീഗ് പിന്‍മാറുകയും അതു യു ഡി എഫിന്റെ ഉത്തരവാദിത്തമായി പരിണമിച്ചതും അങ്ങനെയാണ്. യു ഡി എഫ് കണ്‍വീനറായി എം എം ഹസ്സന്‍ വന്നതോടെ കാര്യങ്ങള്‍ എളുപ്പമായി. ചുമതലയേറ്റ ഹസ്സന്‍ ജമാഅത്ത് അമീറിന്റെ ചായ സല്‍ക്കാരം സ്വീകരിച്ച് അവരെ സഖ്യത്തിലേക്കു വരവേറ്റു. രാഷ്ട്രീയകാര്യ സമിതിയില്‍ പ്രാദേശിക ധാരണക്കുള്ള അനുമതിയും സംഘടിപ്പിച്ചു. കോണ്‍ഗ്രസ് എന്ന മതേതര പാര്‍ട്ടിയുടെ ദേശീയ നയത്തില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള സഖ്യത്തിനെതിരെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മൗന സമ്മതമാണു നല്‍കിയത്. രഹസ്യമായി കാര്യങ്ങള്‍ ചെയ്യാനായിരുന്നു ആ സമ്മതം.
ഈ സമ്മതം കേട്ട് ചിരിച്ചിട്ട് ഇരിക്കപ്പൊറുതിയില്ലാതായത് മുന്‍ പ്രചാരണകമ്മിറ്റി തലവന്‍ കെ മുരളീധരന്‍ എം പിക്കാണ്. കുഞ്ഞാലിക്കുട്ടിയെ പോലെ തന്നെ കേരള രാഷ്ട്രീയത്തിലേക്കു വന്നു മന്ത്രിയാകാന്‍ ആഗ്രഹിച്ചിരിക്കുന്ന തന്നെ തടയുന്ന മുല്ലപ്പള്ളിക്കു പണികൊടുക്കാന്‍ കാത്തിരിക്കുകയായിരുന്ന മുരളീധരന്‍ രഹസ്യമായ ജമാഅത്ത് സഖ്യമെന്ന അനുമതിപത്രത്തെ പരസ്യമായി ഇട്ട് അലക്കാന്‍ തുടങ്ങി.
സഖ്യത്തിനു മുന്‍കൈയ്യെടുത്തു ജമാഅത്തിന്റെ ചായ സല്‍ക്കാരം സ്വീകരിക്കാന്‍ പോയ ഹസ്സനും മുരളീധരന്റെ ലക്ഷ്യത്തില്‍ കൂടെ നിന്നു കൊടുത്തു. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ മൂര്‍ധന്യ ഘട്ടത്തിലെല്ലാം ജമാഅത്തു സഖ്യമില്ലെന്നു സ്ഥാപിക്കാന്‍ ശ്രമിച്ച മുല്ലപ്പള്ളിയെ സഖ്യമുണ്ടെന്നും അതു രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനമാണെന്നും പ്രഖ്യാപിച്ച് തെരുവിലിട്ടലക്കി മുരളീധരന്‍. ഒരു പടികൂടിക്കടന്ന്, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ യു ഡി എഫിനെ പിന്‍തുണച്ചതു മുതല്‍ ജമാഅത്തെ ഇസ്‌ലാമി മതേതര പ്രസ്ഥാനമായി മാറി എന്ന് മികച്ച തമാശ പൊട്ടിച്ച് മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും അതുവഴി മുല്ലപ്പള്ളിയുടെ മുഖത്ത് കരിയടിക്കുകയും ചെയ്തു.
മുന്‍ കാലങ്ങളില്‍ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പു പിന്‍തുണ നല്‍കിയെങ്കിലും അവര്‍ ആ ബന്ധം പ്രാദേശികമായ രഹസ്യ ധാരണയായി നിലനിര്‍ത്തുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. വിളക്കു കൊളുത്തി കുടത്തിനുള്ളില്‍ വച്ചിട്ടു കാര്യമില്ലെന്ന ജമാഅത്ത് ബുദ്ധികേന്ദ്രങ്ങളുടെ വേവലാതിയാണ് ബാന്ധവം യു ഡി എഫിലേക്ക് പരിവര്‍ത്തിപ്പിച്ചത്. കാരണം ഒളിച്ചും പാത്തുമുള്ള സഖ്യം ഇനി വേണ്ട, സഖ്യമുണ്ടെങ്കില്‍ പരസ്യമായിട്ടു വേണമെന്ന് ജമാഅത്ത് ആവശ്യപ്പെട്ടു. പാവം ഹസ്സന്‍ അതിനു സമ്മതം മൂളുകയും ചെയ്തു.
കേരളത്തില്‍ ഉണ്ടെന്നു കരുതിയ ഭരണവിരുദ്ധ വികാരത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ യു ഡി എഫ് തരംഗമുണ്ടാവുമ്പോള്‍ ജമാഅത്തിന്റെ കരുത്തില്‍ കേരളം തൂത്തുവാരി എന്നു ഉലക്കയില്‍ മഷി മുക്കി എഴുതാന്‍ കാത്തിരിക്കുകയായിരുന്നു ജമാഅത്തിന്റെ അച്ചടിപ്പുര. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കു കൂടി സഖ്യം വികസിപ്പിക്കാന്‍ ആവശ്യമായ ചര്‍ച്ചകള്‍ക്കായി മൂര്‍ച്ച കൂട്ടിയിരിക്കുകയായിരുന്നു ജമാഅത്ത് നേതൃത്വം.
മലയാളി അതൊക്കെ ഒടിച്ചു മടക്കി പെട്ടിയിലാക്കിയപ്പോള്‍ മാധ്യമം പത്രത്തിന്റെ ദയനീയമായ മുഖപ്രസംഗം വായിക്കേണ്ടതു തന്നെയായിരുന്നു. ജമാഅത്തെ ഇസ്്‌ലാമിയുമായി യു ഡി എഫ് ഉണ്ടാക്കിയ സഖ്യത്തെ വര്‍ഗീയ സഖ്യമെന്നു പ്രചണ്ഡമായി പ്രചരിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയും സി പി എമ്മും വിജയിച്ചു. മലബാറിലെ സഖ്യത്തെക്കുറിച്ചുള്ള ഈ പ്രചാരണം തെക്കന്‍ കേരളത്തിലും തിരിച്ചടിക്കു കാരണമായി. തങ്ങള്‍ ജനാധിപത്യ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായവരാണെങ്കിലും എന്തോ ദേശാന്തരീയ പ്രശ്‌നങ്ങള്‍ പോലെ സഖ്യത്തെ അവതരിപ്പിക്കുന്നതില്‍ സി പി എം വിജയിച്ചു -അതായിരുന്നു ആ വിലാപത്തിന്റെ ചുരുക്കം.
ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ വച്ച് എസ് ഡി പി ഐ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പൊള്ളിയപ്പോള്‍ ലീഗ് കൈവലിച്ചു. കാടിയാണെങ്കിലും മൂടിക്കുടിക്കാന്‍ കുഞ്ഞാലിക്കുട്ടിക്കറിയാം പാവം കോണ്‍ഗ്രസ്സുകാര്‍ക്ക് അതറിയില്ല.
നേട്ടം ജമാഅത്തിന്
സഖ്യം കൊണ്ട് ജമാഅത്തിനു ഗുണമുണ്ടായി. ലീഗ് കോട്ട കാത്തു. എന്നാല്‍ കോണ്‍ഗ്രസ്സിനു തേച്ചാലും മായ്ചാലും പോകാത്ത കളങ്കം ഉണ്ടാവുകയും ചെയ്തു. കൂട്ടുകെട്ടില്‍ ലീഗിനും കോണ്‍ഗ്രസിനും പരുക്കേറ്റപ്പോള്‍ യു ഡി എഫ് വോട്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സീറ്റ് നേടിയെടുക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കു കഴിഞ്ഞു. സ്വതന്ത്രരായും മറ്റും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാനത്ത് 65 സീറ്റുകള്‍ നേടി. മലപ്പുറം ജില്ലയില്‍ അഞ്ച് മുനിസിപ്പാലിറ്റി, ഒരു ബ്ലോക്ക്, 19 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ അവര്‍ കരസ്ഥമാക്കി. യു ഡി എഫ് വിജയിക്കുന്ന സീറ്റുകളാണ് സഖ്യത്തിലൂടെ അവര്‍ കൈവശമാക്കിയത്. 300 സീറ്റുകളില്‍ സഖ്യത്തിലൂടെ മത്സരിച്ചാണ് 65 സീറ്റുകളിലെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചത്. എല്‍ ഡി എഫ് സര്‍ക്കാറിനെതിരെയുള്ള ആരോപണങ്ങള്‍ വോട്ടാക്കാന്‍ ശ്രമിച്ച യു ഡി എഫിന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം തടസ്സമായിത്തീര്‍ന്നു.
യു ഡി എഫിന് പല സീറ്റുകളും ഇതിന്റെ പേരില്‍ നഷ്ടമായി. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കൂട്ടുകെട്ട് തിരഞ്ഞെടുപ്പ് കാലത്ത് യു ഡി എഫിലും കോണ്‍ഗ്രസിലും അസ്വാസ്ഥ്യങ്ങള്‍ നിറച്ചു. തീവ്രവാദ ബന്ധം എല്‍ ഡി എഫ് അവസാന ലാപ്പിലും പ്രചാരണായുധമാക്കി. ഇത് യു ഡി എഫിന് ലഭിക്കേണ്ട ഇതര മതവിഭാഗങ്ങളുടെ വോട്ടുകളില്‍ വിള്ളലുണ്ടാക്കി.
കോട്ട കാത്തെങ്കിലും പുളിക്കല്‍, എടവണ്ണ, മമ്പാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ജമാഅത്ത് ബന്ധം കാരണം ലീഗിന് തിരിച്ചടിയുണ്ടായി. വിവിധ മുസ്ലിം സംഘടനകള്‍ ലീഗിനെതിരെ തിരിഞ്ഞു. മലബാറില്‍ പലയിടങ്ങളിലും ലീഗ് കോട്ടകളില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഒറ്റ സീറ്റു പോലും നേടാന്‍ ലീഗിനായില്ല. കഴിഞ്ഞ തവണ ഒമ്പത് സീറ്റുകളാണ് ലീഗിന് നിലമ്പൂര്‍ മുനിസിപ്പാലിറ്റിയിലുണ്ടായിരുന്നത്.
സംസ്ഥാനത്ത് വിവിധ ഗ്രാമപഞ്ചായത്തുകളിലായി മൊത്തം 49 സീറ്റുകളാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് നേടാനായത്. മുനിസിപ്പാലിറ്റികളില്‍ 14-ഉം കൊച്ചി കോര്‍പ്പറേഷനില്‍ ഒരു സീറ്റും നേടി. സംസ്ഥാനത്ത് തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍, കാരശ്ശേരി മേഖലകളില്‍ മൊത്തം ആറ് സ്ഥാനങ്ങളില്‍ വെല്‍ഫെയര്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചു. മുക്കം മുനിസിപ്പാലിറ്റിയില്‍ മൂന്ന് വാര്‍ഡുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജയിച്ചത്. കഴിഞ്ഞ തവണ എല്‍ ഡി എഫ് സഖ്യസ്ഥാനാര്‍ഥികള്‍ വിജയിച്ച സീറ്റുകളാണ് 18, 19, 20 വാര്‍ഡുകള്‍. കാരശ്ശേരി പഞ്ചായത്ത് കറുത്ത പറമ്പ് വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയും വെല്‍ഫെയര്‍ പിന്തുണയോടെ വിജയിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തില്‍ രണ്ട് സീറ്റുകളിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി വിജയിച്ചത്.
ആര്‍ എസ് എസ് ഉയര്‍ത്തുന്നതിനു സമാനമായ മതരാഷ്ട്രവാദം പ്രത്യയശാസ്ത്രമായി സ്വീകരിക്കുകയും വേഷ പ്രച്ഛന്നരായി മതേതര സമൂഹത്തില്‍ നുഴഞ്ഞു കയറി രാഷ്ട്രീയത്തിന്റെ ഇടനാഴിയില്‍ വിഹരിക്കുകയും ചെയ്യുകയെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ കാപട്യത്തേയും മതേതര സമൂഹത്തിലേക്ക് തീവ്രവാദ രാഷ്ട്രീയത്തെ ഒളിച്ചുകടത്താന്‍ കോണ്‍ഗ്രസ്സിന്റെയും മുസ്‌ലിംലീഗിന്റെയും സംഘടനാശരീരം ദുരുപയോഗിക്കുകയും ചെയ്ത രാഷ്ട്രീയ അശ്ലീലത്തിനാണ് ബാലറ്റിലൂടെ മലയാളി മറുപടി പറഞ്ഞിരിക്കുന്നത്. ഇത്തരം കുടില രാഷ്ട്രീയ നീക്കങ്ങളില്‍ നിന്നു പിന്‍മാറാന്‍ മതേര പ്രസ്ഥാനങ്ങള്‍ ചങ്കൂറ്റം കാണിക്കുമോ എന്ന ചോദ്യമാണ് പ്രാദേശിക തിരഞ്ഞെടുപ്പാനന്തരം കേരള രാഷ്ട്രീയ മണ്ഡലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നത്