സഈദ് ഫാറൂഖി വിനയാന്വിതനായ സഹപാഠി
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
സഈദ് ഫാറൂഖിയുടെ വിയോഗം മനസ്സില്‍ ഇപ്പോഴും നീറ്റലായി അനുഭവപ്പെടുന്നു. ഞങ്ങള്‍ റൗദത്തുല്‍ ഉലൂമില്‍ 75-80 ബാച്ചിലെ സഹപാഠികളായിരുന്നു. റൗദത്തിനെ മനസ്സില്‍ സൂക്ഷിച്ചിരുന്ന പിതാവ് സി എ മുഹമ്മദ് മൗലവിയുടെ വൈജ്ഞാനിക തല്‍പരത സഈദിലും തുടക്കം മുതല്‍ തന്നെ കണ്ടിരുന്നു. ഡേ സ്‌കോളറായും ചിലപ്പോള്‍ ഹോസ്റ്റലില്‍ താമസിച്ചുമായിരുന്നു സഈദ് കോഴ്‌സ് പൂര്‍ത്തിയാക്കിയത്. അധ്യാപകര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു അദ്ദേഹം.
നര്‍മവും കുസൃതി വര്‍ത്തമാനങ്ങളുമായി സുഹൃത്തുക്കളെ ചിരിപ്പിക്കുന്ന സഈദ്, പഠനം കഴിയുമ്പോഴേക്കും ചിന്തയുടെയും പാണ്ഡിത്യത്തിന്റെയും ശാന്തപ്രകൃതത്തിലേക്കെത്തിയിരുന്നു. അദ്ദേഹത്തിന്റെ വൈജ്ഞാനിക വ്യക്തിത്വത്തെ രൂപപ്പെടുത്തിയത് പിതാവ് തന്നെയായിരുന്നു. റൗദത്തില്‍ നിന്ന് ലഭിച്ച വിജ്ഞാനങ്ങളെ പഠനാനന്തര അനുഭവങ്ങളിലൂടെ സഈദ് കൂടുതല്‍ വിപുലമാക്കി. പിന്നീട് വന്ന പ്രവാസജീവിതത്തിലും അതിന് സന്ദര്‍ഭം ലഭിച്ചു. വിദേശ അറബ് പണ്ഡിതന്‍മാരൊന്നിച്ചുള്ള ജീവിതം സഈദ് ഫാറൂഖിയില്‍ ഒരു ഭാഷാപണ്ഡിതനെ രൂപപ്പെടുത്തി. ഭാഷാശാസ്ത്രം , ശൈലികള്‍, ബോധന രീതി ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അദ്ദേഹത്തിന്റെ ഗവേഷണത്തിന് കേരള പരിസരത്ത് കൂടുതല്‍ സ്വീകാര്യത ലഭിച്ചു. അതിന്റെ മധുരം ഏറെ അനുഭവിച്ചിരിക്കുക അറബി അധ്യാപകര്‍ തന്നെയാണ്. ഖുര്‍ആന്‍ അധിഷ്ഠിത ഭാഷാപഠന സമീപനം സഈദിന്റെ താല്‍പര്യ മേഖലയായിരുന്നു.
അതിന്റെ നല്ല ഉല്‍പന്നമാണ് അല്‍ഫിത്‌റ. ഇതിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് മറ്റു പേരുകളില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളും സഈദിന്റെ ഖുര്‍ആന്‍ പഠന ഗവേഷണത്തിന് ലഭിച്ച അംഗീകാരമാണ്. പലരെപ്പറ്റിയും ‘റോള്‍ മോഡല്‍’ എന്ന് പറയുമ്പോള്‍ അതില്‍ കുറച്ചൊക്കെ അത്യുക്തിയുണ്ടാകാറുണ്ട്. എന്നാല്‍ സഈദിന് ഈ വിശേഷണം ഒട്ടും അധികമാവില്ല.
മതം നല്‍കുന്ന ധര്‍മവിചാരവും പാണ്ഡിത്യത്തിന്റെ വിനയവും വൈജ്ഞാനിക പക്വതയും പ്രവര്‍ത്തനക്ഷമതയുമെല്ലാം സഈദിന്റെ വ്യക്തിത്വത്തിന് തിളക്കം കൂട്ടുന്നു. അദ്ദേഹം തുടങ്ങി വെച്ച മത വൈജ്ഞാനിക സംരംഭങ്ങളുടെ അവസാന ഗുണഭോക്താവിന്റെയും ഒരംശം പുണ്യം സഈദിന് ലഭിക്കും. ഒരു മുസ്ലിമിന് ലഭിക്കുന്ന തുല്യതയില്ലാത്ത മരണാനന്തര ബഹുമതിയും ഇതു തന്നെയാണ്. സഈദിനെ അടുത്തറിഞ്ഞ പരശ്ശതം അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സുഹൃത്തുക്കളുടെയും ദുആ അദ്ദേഹത്തിന് എന്നും ലഭിക്കും.
അല്ലാഹു സഈദിന് ബര്‍കത്ത് നല്‍കട്ടെ, ഖബറിടം പ്രകാശിതമാക്കട്ടെ, സ്വര്‍ഗത്തില്‍ ഉയര്‍ന്ന സ്ഥാനം നല്‍കട്ടെ (ആമീന്‍)