പ്രണയ കൊലപാതകം വിരല്‍ ചൂണ്ടുന്നത്
റസീല ഫര്‍സാന വേങ്ങാട്
കലികാല യുഗമെന്ന പഴമൊഴി അര്‍ഥവത്താവുന്ന സ്ഥിതിയിലൂടെയാണ് ഇന്നു ജീവിച്ചുപോകുന്നത്. പ്രണയം പ്രാണനെടുക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. പ്രണയത്തിനായി സ്വയം പ്രാണന്‍ കളയുന്ന അവസ്ഥയില്‍ നിന്നു പ്രണയിച്ചവന്റെ, പ്രണയിച്ചവളുടെ ജീവനെടുക്കുന്ന സ്ഥിതിയിലേക്ക് ചുവടുവെച്ചുകൊണ്ടിരിക്കുന്നു. പ്രണയത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ, ഭാര്യ ഭര്‍ത്താവിനെ, മക്കളെ വരെ കൊല ചെയ്യുന്ന കാലമാണ് ഇന്ന്. മനുഷ്യജീവനുകള്‍ക്ക് അല്‍പം പോലും വില കല്‍പിക്കാത്ത കാലഘട്ടം.
പ്രണയനിരാസത്തിനു പകരം വീട്ടാന്‍ പ്രാണനെടുക്കുന്ന പ്രവണത കേരളത്തില്‍ വര്‍ധിച്ചുവരുകയാണ്. പ്രണയം നിരസിക്കപ്പെട്ടതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നവരും ഇരകളാകുന്നവരും ഭൂരിഭാഗവും 20 വയസ്സില്‍ താഴെയുള്ളവരാണ്. പ്രണയം നിരസിക്കുന്നതോടെ പ്രണയാഭ്യര്‍ഥന നടത്തിയവര്‍ നിരസിച്ചവരെ പിന്നെ ജീവിക്കാന്‍ അനുവദിക്കാത്ത വികലമായ ചിന്താഗതി മനോവൈകല്യമാണ്. വിദ്യാഭ്യാസവും സമകാലിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ അറിവുമുള്ളവരാണ് പ്രതികളില്‍ പെടുന്ന ഭൂരിഭാഗം. നമ്മുടെ നിയമവും നിയമവ്യവസ്ഥയും തന്നെയാണ് ഇത്തരത്തിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതും. നിയമവും നടപടികളും നന്നായി പഠിച്ചിട്ടാണ് ഓരോ കുറ്റവാളിയും മുന്നിട്ടിറങ്ങുന്നത്. ഇതിനു വീട്ടുകാരും പങ്കുവഹിക്കുന്നതാണ് മറ്റൊരു അദ്ഭുതകരമായ കാര്യം. കുറച്ചു കാലമായി നമ്മള്‍ അറിഞ്ഞ വാര്‍ത്തയില്‍ വീട്ടുകാരുടെ പങ്കും വളരെ വലുതാണ്. വീട്ടില്‍ നിന്നുതന്നെ കൊലയ്ക്കും ചതിക്കും പിന്തുണ കൊടുക്കുമ്പോള്‍ മനുഷ്യര്‍ മനുഷ്യരെത്തന്നെ കൊന്നുതിന്നുന്ന അവസ്ഥ വര്‍ധിക്കുന്നു.
കൗമാര-യുവതലമുറയുടെ മാനസികാരോഗ്യപ്രശ്‌നം കൂടിയായി ഇതിനെ കാണേണ്ടിയിരിക്കുന്നു. പ്രണയവും പ്രണയ മനഃശാസ്ത്രവും ശാസ്ത്രീയമായി പഠനവിഷയമാക്കേണ്ടതുണ്ട്. പ്രണയിക്കുന്നവരുടെ മനോനില, ശരീരത്തിലെ ഹോര്‍മോണുകളുടെ ഉല്‍പാദനം, ശാരീരിക-മാനസിക-വൈകാരിക ഭാവങ്ങളിലെ വ്യതിയാനങ്ങള്‍ എല്ലാം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.
ഇത്തരം കൊലപാതകങ്ങള്‍ അനുകരിക്കുന്ന പ്രവണത കൂടിവരുകയാണ്. നമ്മുടെ മക്കളുടെ ഇത്തരം വികലമായ മനോഗതികള്‍ നാം കണക്കിലെടുക്കുകയും കാര്യമായി ഇതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മനുഷ്യജീവനുകളുടെ വില ഗൗരവമേറിയ വിഷയമായി സമൂഹം കാണണം. പ്രണയം മൂലം നഷ്ടപ്പെടുന്ന ജീവനുകളുടെ വില യുവത്വത്തിനു ബോധ്യമാക്കിക്കൊടുക്കേണ്ടത് അനിവാര്യമാണ്.