28 Thursday
March 2024
2024 March 28
1445 Ramadân 18

ക്രിമിനലിസത്തിലേക്ക് വഴി തുറക്കുന്ന പ്രണയ ബന്ധങ്ങള്‍


പ്രണയവും പ്രണയ നൈരാശ്യവുമെല്ലാം കാല്‍പ്പനിക ശില്‍പ്പങ്ങളാക്കി കവിതകള്‍ എഴുതിയ കാലംപോയി. ഇന്ന് മലയാളിയുടെ പ്രണയ പരിസരങ്ങള്‍ക്ക് മരണത്തിന്റെയും ചോരയുടെയും ഗന്ധമാണ്. തോരാത്ത കണ്ണീരിന്റെയും നിലയ്ക്കാത്ത നിലവിളികളുടേയും ഓര്‍മകളാണ്. എന്തുകൊണ്ടായിരിക്കാം നമ്മുടെ സാമൂഹിക പരിസരം ഇവ്വിധം മാറ്റിമറിക്കപ്പെടുന്നത്. ആഴത്തില്‍ ആലോചനകള്‍ വേണ്ട വിഷയമാണിത്. സമീപ കാലത്ത് പ്രണയ നൈരാശ്യവുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടായ ആത്മഹത്യകളുടേയും കൊലപാതകങ്ങളുടേയും കണക്കെടുത്താല്‍ ഭയം തോന്നും. അതില്‍ ഒടുവിലത്തേതാണ് കോതമംഗലം മാനസ വധവും പെരിന്തല്‍മണ്ണയിലെ ദൃശ്യ വധവും. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡന്റല്‍ കോളജില്‍ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് പ്രണവം വീട്ടില്‍ മാധവന്റെ മകള്‍ പി വി മാനസ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പ്രണയാഭ്യര്‍ഥന നിരസിച്ചെന്ന കാരണം പറഞ്ഞ് യുവാവ് മാനസയെ വെടിവെച്ചു കൊല്ലുകയായിരുന്നു. പ്രതി കണ്ണൂര്‍ പാലയാട് മേലൂര്‍ രാഹുല്‍ നിവാസില്‍ രാഖില്‍ സ്വയം വെടിവെച്ചു ജീവനൊടുക്കുകയും ചെയ്തു.
ഇതിന് ഏതാണ്ട് ഒരു മാസം മുമ്പാണ് പെരിന്തല്‍മണ്ണക്കടുത്ത ഏലംകുളത്ത് ദൃശ്യയെന്ന പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടത്. വീട്ടില്‍ കയറി ആക്രമിച്ച പ്രതി ദൃശ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ ദൃശ്യയുടെ സഹോദരിക്കും ഗുരുതരമായി പരിക്കേറ്റു. ഇതിനു തലേ ദിവസം പെരിന്തല്‍മണ്ണ നഗരത്തിലുള്ള പെണ്‍കുട്ടിയുടെ അച്ഛന്റെ കടക്കു തീവെച്ച ശേഷമായിരുന്നു കൊലപാതകം.
ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചത് ഉള്‍പ്പെടെ അനേകം സംഭവങ്ങളുണ്ട്. പ്രണയ നൈരാശ്യവുമായി ബന്ധപ്പെട്ട കൊലപാതകങ്ങളുടേയോ ആത്മഹത്യകളുടേയോ വാര്‍ത്തകള്‍ ഇല്ലാതെ ഒരു ദിവസം പോലും മലയാള പത്രങ്ങള്‍ പുറത്തിറങ്ങാത്ത സ്ഥിതി വന്നിരിക്കുന്നു.
അപക്വമായ മാനസികാവസ്ഥകളും മോശം സാമൂഹിക ചുറ്റുപാടുകളും അതിവൈകാരികതയില്‍ തളച്ചിടപ്പെടുന്ന പ്രണയബന്ധങ്ങളുമെല്ലാം ഇതിനു കാരണങ്ങളാണ്. അത് ക്രിമിനല്‍ സ്വഭാവം ആര്‍ജ്ജിക്കുന്നിടത്താണ് വലിയ ആശങ്ക നിലനില്‍ക്കുന്നത്. മാനസ വധത്തിന് പ്രതി മാസങ്ങള്‍ നീണ്ട ആലോചനകളും ഒരുക്കങ്ങളും നടത്തിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ദൃശ്യയെ താന്‍ കൊല്ലുമെന്ന് പ്രതി നേരത്തെ തന്നെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവത്രെ. അതായത് ഇവ രണ്ടും ക്ഷിപ്രകോപത്താല്‍ സംഭവിച്ചതല്ലെന്ന് ചുരുക്കം. ആസൂത്രിത ക്രിമിലന്‍ ഗൂഢാലോചനയുടെ അനന്തരഫലമായി സംഭവിച്ചതാണ്. വലിയ തോതിലുള്ള ബോധവല്‍ക്കരണം ഈ വിഷയത്തില്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. പൂത്തുല്ലസിച്ച പ്രണയവും പാതിവഴിയില്‍ വീണുടഞ്ഞുപോയ കനവും അനേകം കഥകള്‍ക്കും കവിതകള്‍ക്കും വിഷയമായിട്ടുണ്ട്. അനേകം ചലച്ചിത്രങ്ങള്‍ക്ക് ഭാഷ്യമായിട്ടുണ്ട്. മരണത്തിനു പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത അനശ്വര പ്രണയത്തെക്കുറിച്ച് കവികള്‍ പാടിയിട്ടുണ്ട്. എന്നാല്‍ അവയിലൊന്നും കാണാത്ത തരത്തിലുള്ള ക്രിമിനല്‍ സ്വഭാവത്തിലേക്ക് മലയാളിയുടെ പ്രണയ ജീവിത പശ്ചാത്തലം മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇഷ്ടം പിടിച്ചുവാങ്ങാനുള്ളതല്ലെന്ന തിരിച്ചറിവില്‍ നിന്നു വേണം ഇതിനെതിരായ ബോധനങ്ങളുടെ ആദ്യ പാഠങ്ങള്‍ തുടങ്ങാന്‍. മനുഷ്യന്റെ മനസ്സിനോളം പിടിതരാത്ത മറ്റൊന്നുമില്ല. ചിലര്‍ ലക്ഷ്യം കാണും വരെ പ്രണയിക്കും. മറ്റു ചിലരുടേത് പാതിവഴിയില്‍ നിലച്ചുപോകും. സഫല പ്രണയങ്ങളെല്ലാം സഫല ജീവിതങ്ങളല്ല എന്നതും യാഥാര്‍ഥ്യമാണ്. രണ്ടായാലും അതിനുള്ളിലെ യാഥാര്‍ഥ്യങ്ങളെ ഉള്‍കൊള്ളാനുള്ള കഴിവാണ് ആര്‍ജിച്ചെടുക്കേണ്ടത്. പ്രതിസന്ധികളെ അതിജീവിക്കാനുള്ള ഊര്‍ജം നേടിയെടുക്കാന്‍ കഴിയണം. നഷ്ടപ്പെടുന്ന പ്രണയം ജീവിതത്തിന്റെ അന്ത്യമല്ലെന്നും മറ്റൊരു ജീവിതത്തിന്റെ തുടക്കമാണെന്നും തിരിച്ചറിയാന്‍ കഴിയണം. പ്രണയത്തിന്റെ പേരില്‍ മറ്റുള്ളവരെ ഇല്ലാതാക്കുമ്പോള്‍ സ്വയം ഇല്ലാതാകുന്ന ജീവിതത്തെക്കുറിച്ചാണ് ആധി വേണ്ടത്. ഒപ്പം നമ്മെ ചുറ്റിപ്പറ്റി നില്‍ക്കുന്ന എത്ര ജീവിതങ്ങള്‍, നാം ഇല്ലാതാക്കുന്നവരെ ചുറ്റിപ്പറ്റി നില്‍ക്കുന്ന എത്ര ജീവിതങ്ങള്‍.., അതോടെ ഇരുളടഞ്ഞു പോകുമെന്ന് ഓര്‍ക്കാന്‍ കഴിയണം. എല്ലാറ്റിനുമപ്പുറം സ്വന്തം വീട്ടകങ്ങളില്‍ താനും തന്റെ മൊബൈല്‍ ഫോണും മാത്രമായി ഒറ്റപ്പെട്ടു പോകുന്ന മലയാളിയുടെ സാമൂഹിക – കുടുംബ ജീവിത പശ്ചാത്തലങ്ങള്‍ക്ക് ഇത്തരം ദുരന്തങ്ങള്‍ വിളിച്ചു വരുത്തുന്നതില്‍ വലിയ പങ്കുണ്ട്. നിരാശകളില്‍ അകപ്പെടുമ്പോള്‍ തോന്നുന്ന വേദന പങ്കുവെക്കാനോ ആശ്വസിപ്പിക്കാനോ ആരുമില്ലാതാകുന്നതിന്റെ ദുരന്തം ചെറുതല്ല. അപ്പോഴത്തെ ഒറ്റപ്പെടല്‍ പല ചിന്തകളിലേക്കും നയിച്ചേക്കാം. അടുത്ത ബന്ധങ്ങളിലൂടേയും അവരുമായി വേദനകള്‍ പങ്കുവെക്കുന്നതിലൂടെയും മാത്രമേ ഈ കെണിയില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയൂ. എത്ര വീടുകളില്‍ അതിനുള്ള കുടുംബ പരിസരമുണ്ട്. എത്ര പേര്‍ക്ക് അത്തരത്തില്‍ വേദനകള്‍ പങ്കുവെക്കാന്‍ കഴിയുന്ന ആത്മാര്‍ഥ സുഹൃദ് ബന്ധങ്ങളുണ്ട്. ഫേസ്ബുക്കിലേയും വാട്‌സ്ആപിലേയും ചാറ്റ്‌ലിസ്റ്റുകള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ അതിനു കഴിഞ്ഞെന്നു വരില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x