ലോകമെമ്പാടും മുസ്‌ലിംകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നു -ജോ ബൈഡന്‍
ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ്ഹൗസില്‍ സംഘടിപ്പിച്ച ഈദുല്‍ ഫിത്വ്ര്‍ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകള്‍ നേരിടുന്ന ഭീഷണികള്‍ക്കെതിരെ അവര്‍ക്കൊപ്പം എന്നും അമേരിക്ക ഉണ്ടാവും. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ വെല്ലുവിളികളും ഭീഷണികളും നേരിടുന്നുണ്ടെങ്കിലും മുസ്‌ലിംകള്‍ അമേരിക്കയെ ഓരോ ദിവസവും ശക്തരാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുളള അംബാസഡറായി ആദ്യമായി ഒരു മുസ്‌ലിമിനെ താന്‍ നിയമിച്ചതായി ബൈഡന്‍ പറഞ്ഞു. ലോകമെമ്പാടും നിരവധി മുസ് ലിംകള്‍ അക്രമത്തിന് ഇരയാകുന്നത് നാം കാണുന്നു. ആരും അടിച്ചമര്‍ത്തപ്പെട്ടവരോട് വിവേചനം കാണിക്കരുത്. അല്ലെങ്കില്‍ അവരുടെ മതവിശ്വാസങ്ങളുടെ പേരില്‍ അടിച്ചമര്‍ത്തപ്പെടരുത്. ഈ മഹത്തായ ദിനം ആഘോഷിക്കാന്‍ സാധിക്കാത്ത ഒരുപാട്‌പേര്‍ ലോകത്തുണ്ടെന്നും നാം ഓര്‍ക്കണം. ഉയിഗൂറുകളും റോഹിങ്ക്യകളും ഉള്‍പ്പെടെയുളളവര്‍ പലതരത്തിലുള്ള ക്രൂരതകള്‍ നേരിടുന്നുണ്ട് – ബൈഡന്‍ പറഞ്ഞു.