20 Thursday
June 2024
2024 June 20
1445 Dhoul-Hijja 13

പ്രാദേശിക രാഷ്ട്രീയം കലങ്ങിത്തെളിയുമ്പോള്‍

എ റഷീദുദ്ദീന്‍


നിതീഷ് കുമാര്‍ ബി ജെ പിയുമായി പിണങ്ങി വീണ്ടുമൊരിക്കല്‍ കൂടി മഹാഗഡ്ബന്ധന്‍ രൂപീകരിച്ചതിനെ തള്ളണോ കൊള്ളണോ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പൊതുസമൂഹം. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അദ്ദേഹത്തെ തല്‍ക്കാലത്തേക്ക് വിശ്വസിക്കുന്നതും കാണാനുണ്ട്. ഇത് അവരുടെ നേട്ടമാവാനും ഒരുപക്ഷേ ഭാവിയില്‍ ഒരു മുന്നണിയായി മാറാനും സാധ്യതയുണ്ടെങ്കിലും ഈ ചിത്രം ദേശീയ രാഷ്ട്രീയത്തില്‍ എത്രത്തോളം പ്രതിഫലിക്കുമെന്ന കാര്യത്തില്‍ ഒരു വ്യക്തതയും ഇപ്പോഴില്ല. ആര്‍ സി പി സിങ് എന്ന ജനതാദള്‍ യുനൈറ്റഡ് നേതാവിനെ മുന്നില്‍ നിര്‍ത്തി നിതീഷിനെതിരെ പാര്‍ട്ടിക്കകത്ത് വിമത കലാപം ആരംഭിക്കാനുള്ള ബി ജെ പിയുടെ നീക്കം ഒരു ഭാഗത്ത് ശക്തമായപ്പോഴാണ് നിതീഷ് എന്‍ ഡി എ സഖ്യം വിടുന്നത്. എന്നാല്‍ 2020ല്‍ നിതീഷ് മുഖ്യമന്ത്രിയായി ഇപ്പോഴത്തെ സര്‍ക്കാര്‍ രൂപീകരിച്ച അന്നു മുതല്‍ ബിഹാറില്‍ ബി ജെ പി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടായിരുന്നു. നിതീഷുമായി കൂടിയാലോചിക്കാതെയാണ് സംസ്ഥാനത്തെ എല്ലാ ബി ജെ പി മന്ത്രിമാരും മുന്നോട്ടു പോകുന്നത്. എത്രത്തോളമെന്നാല്‍, അമിത്ഷാക്കാണ് അവര്‍ റിപോര്‍ട്ട് ചെയ്യുന്നതെന്നു പോലും മാധ്യമ വാര്‍ത്തകളുണ്ട്. അപ്പോഴൊന്നും കുലുങ്ങാതിരുന്ന നിതീഷ് ഒടുവില്‍ എന്‍ ഡി എ വിട്ടത് പട പാളയത്തിനകത്തു നിന്നുതന്നെ പന്തം കൊളുത്തിയപ്പോഴാണ്.
ബിഹാറിലെ നിതീഷ് സര്‍ക്കാര്‍ ബി ജെ പിയുടെ പിന്തുണയോടെയാണ് ഭരിക്കുന്നതെങ്കിലും സഖ്യത്തില്‍ നിന്നു സ്വയം പിന്‍വാങ്ങി നിതീഷിനെ വീഴ്ത്താനായിരുന്നില്ല, പകരം നിതീഷിന്റെ പാര്‍ട്ടിയെ കൊണ്ടുതന്നെ പാലം വലിപ്പിക്കാനായിരുന്നു ശ്രമം നടന്നത്. മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ എന്ന ഒരു കൂലിത്തല്ലുകാരനെ ബി ജെ പി ഇതിനായി വാടകയ്ക്ക് എടുത്തതുപോലെ ബിഹാറില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടു പേരെയെങ്കിലും സംഘടിപ്പിച്ചതായാണ് വിവരം. രാംചന്ദ്ര പ്രസാദ് സിങ് എന്ന ആര്‍ സി പി സിങിനു പുറമേ സ്വയം രാജിവെച്ചു പുറത്തുപോയ മനീഷ് ബാരിയര്‍ എന്ന ജെ ഡി യു വക്താവായിരുന്നു രണ്ടാമത്തെയാള്‍. മറ്റുള്ള പാര്‍ട്ടികളെ വീഴ്ത്തുക എന്നത് ബി ജെ പിയുടെ അജണ്ടയല്ലെന്നും അവര്‍ ആഭ്യന്തരമായ പ്രശ്‌നങ്ങളെച്ചൊല്ലി സ്വയം തകരുകയാണെന്നും ബാഹ്യമായി പറഞ്ഞുനില്‍ക്കാനുള്ള അവസരത്തിനു വേണ്ടിയായിരിക്കണം ഈ കാപട്യം. മഹാരാഷ്ട്രയില്‍ അതായിരുന്നല്ലോ ബി ജെ പിയുടെ വാദം. ബിഹാറില്‍ ഈ കുതന്ത്രം പരമ ദയനീയമാം വിധം ചീറ്റിപ്പോയി. ബി ജെ പിയുടെ അതേ കളരിയില്‍ കഴിഞ്ഞ പത്തിരുപതു കൊല്ലമായി കസര്‍ത്തു പിടിക്കുന്ന നിതീഷിന്, മോദിയും അമിത്ഷായും മനസ്സില്‍ കണ്ടത് മരത്തില്‍ കാണാന്‍ കഴിഞ്ഞതുകൊണ്ട് അങ്ങേരുടെ കേസര ഇളകിയില്ല.
ബി ജെ പി നേതൃത്വം നല്‍കിയ ദേശീയ ജനാധിപത്യ സഖ്യം തത്വത്തില്‍ രാജ്യത്ത് ഇല്ലാതാവുകയും മഹാഗഡ്ബന്ധന്‍ എന്ന പഴയ മതേതര സഖ്യം ബിഹാറില്‍ പുനരുജ്ജീവിപ്പിക്കപ്പെടുകയുമാണ് ഉണ്ടായത്. എന്‍ ഡി എയില്‍ പാര്‍ലമെന്റ് അംഗങ്ങളുള്ള കക്ഷികളുടെ കണക്കെടുത്താല്‍ ശിവസേനയിലെ വിമതരും അണ്ണാ ഡി എം കെയിലെ എടപ്പാടി കെ പളനി സ്വാമിയും മാത്രമാണ് ബി ജെ പിയോടൊപ്പമുള്ളത്. ഇതില്‍ ശിവസേനാ അംഗങ്ങള്‍ മഹാരാഷ്ട്രയില്‍ ബി ജെ പിക്കെതിരെ മത്സരിച്ചവരും ഒടുവിലത്തെ കാലുമാറ്റ നാടകത്തിന്റെ ഭാഗമായി മറുകണ്ടം ചാടിയവരുമാണ്. രേഖകളില്‍ രാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടി ഉണ്ടെങ്കിലും ഔദ്യോഗികമായി ചിരാഗ് പാസ്വാനും അദ്ദേഹത്തിന്റെ ആറ് എം പിമാരും എന്‍ ഡി എയുടെ ഭാഗമല്ല. മോദി കാലഘട്ടത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ എന്‍ ഡി എയില്‍ ഉറച്ചുനിന്നവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. പലപ്പോഴായി 19 ഘടകകക്ഷികളാണ് എന്‍ ഡി എയെ വിട്ടൊഴിഞ്ഞു പുറത്തുവന്നവര്‍. ശിവസേന, ശിരോമണി അകാലിദള്‍, ജെ എം എം, എ ജെ എസ് യു, എച്ച് ജെ സി, പി എം കെ, ഡി എം ഡി കെ, അപ്നാദള്‍, എസ് ബി എസ് പി, ആര്‍ എല്‍ എസ് പി, ടി ഡി പി തുടങ്ങിയ ഈ പാര്‍ട്ടികളൊക്കെ ബി ജെ പിയില്‍ നിന്നേറ്റ അപമാനത്തെ ചൊല്ലിയാണ് സഖ്യം ഉപേക്ഷിച്ചത്. ഈ പട്ടികയിലേക്കാണ് വാജ്‌പേയി കാലം തൊട്ടുള്ള സഖ്യകക്ഷിയായ ജനതാദള്‍ യുനൈറ്റഡ് കൂടി ഒടുവിലത്തെ കക്ഷിയായി സ്വന്തം പേര് രേഖപ്പെടുത്തിയത്. ബി ജെ പിയുമായുള്ള സഖ്യം 2013-ല്‍ ജെ ഡിയു ഉപേക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് അതിലേക്ക് മടങ്ങിയെത്തിയിരുന്നു.
ശിവസേന കഴിഞ്ഞാല്‍ ബി ജെ പിയുമായി ഏറ്റവുമധികം കാലം സഖ്യത്തിലേര്‍പ്പെട്ട ഘടകകക്ഷിയും ജെ ഡി യു ആയിരുന്നു. എന്നിട്ടും ഒപ്പം നിന്ന് അവരെ ചതിക്കാന്‍ ബി ജെ പി കരുക്കള്‍ നീക്കി. രാഷ്ട്രീയത്തിലെ ‘സംസ്‌കാര’ത്തെക്കുറിച്ച് പ്രസംഗിക്കുകയും എന്നാല്‍ അധികാരത്തിനു വേണ്ടി എന്തു വൃത്തികേടും ചെയ്യുകയുമായിരുന്നു അമിത്ഷായുടെ കാലം തൊട്ട് പാര്‍ട്ടി അവലംബിച്ചുപോന്ന രീതി. ഇന്ന് പുതിയ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ ചെറിയ പാര്‍ട്ടികള്‍ എം എല്‍ എമാരെയും കൊണ്ട് അന്യഗ്രഹങ്ങളിലേക്കു പോലും ഓടി രക്ഷപ്പെടേണ്ട അവസ്ഥയെ സ്വന്തം മിടുക്കായാണ് ബി ജെ പി വിലയിരുത്തുന്നത്. ആ ഹിപോക്രസിക്ക് ചെകിടടച്ചു കിട്ടിയ ഒന്നാംതരം അടിയായിരുന്നു ബിഹാറിലേത്. നിതീഷ് കുമാര്‍ സ്വന്തം പദവിയെയും പാര്‍ട്ടിയെയും രക്ഷിച്ചതാണെങ്കിലും മഹാരാഷ്ട്രയില്‍ ചെയ്യാനാവുമെങ്കില്‍ രാജ്യത്തെവിടെയും അത് ആവര്‍ത്തിക്കാനാവുമെന്ന ബി ജെ പിയുടെ അഹങ്കാരത്തിന് ഇതിനേക്കാളും നല്ല മറുപടി വേറെ ഉണ്ടായിരുന്നില്ല.
കോണ്‍ഗ്രസിനെ ഇന്ത്യയില്‍ ഇല്ലാതാക്കിയെന്നു വിശ്വസിക്കുന്ന ബി ജെ പി നിലവില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് പ്രാദേശിക കക്ഷികളെ ഉന്‍മൂലനം ചെയ്യാനാണ്. ഒരു പാര്‍ട്ടി, ഒരു കൊടി, ഒരു നേതാവ്, ഒരു മതം, ഒരു ഭക്ഷണം തുടങ്ങി കഴിഞ്ഞ കുറേ കാലമായി ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്ന അസംബന്ധങ്ങളുടെ പട്ടികയിലെ ഒടുവിലത്തെ ഇനമാണിത്. ഈ യാഥാര്‍ഥ്യം നേരത്തേ തിരിച്ചറിഞ്ഞപ്പോഴാണ് ശിവസേനയ്ക്ക് നിലനില്‍പിനായി സ്വന്തം അടിസ്ഥാനങ്ങള്‍ പോലും മറന്ന് കോണ്‍ഗ്രസിനോടും എന്‍ സി പിയോടും കൂട്ടുകൂടേണ്ടിവന്നത്. സ്വന്തം കാലില്‍ വെടിവെച്ച് പിടിച്ചുനില്‍ക്കാന്‍ നോക്കിയിട്ടും അകത്തുള്ളവരെ കൊണ്ടുതന്നെ ബി ജെ പി ശിവസേനയെ വേട്ടയാടി ലക്ഷ്യം നേടി. അടുത്ത തെരഞ്ഞെടുപ്പില്‍ ഏക്‌നാഥ് ഷിന്‍ഡെയും കൂട്ടരും ബി ജെ പി പിന്തുണയുള്ള പുതിയൊരു പാര്‍ട്ടിയായി ശിവസേനയ്‌ക്കെതിരെ മത്സരിക്കാനാണ് ഏറ്റവും വലിയ സാധ്യത. കച്ചവടം ഉറപ്പിച്ച ഒന്നോ രണ്ടോ ഒറ്റുകാരെ ഷിന്‍ഡെ പാര്‍ട്ടിയില്‍ നിന്നു ബി ജെ പി ജയിപ്പിക്കുകയും ചെയ്യും. നവ്‌നിര്‍മാണ്‍ സേനയ്ക്കും ഷിന്‍ഡെക്കും ഉദ്ധവിനുമിടയില്‍ ശിവസേനയുടെ വോട്ടുബാങ്ക് ചിതറുന്നതോടെ ബാല്‍ താക്കറെ കൊണ്ടുവന്ന മറാത്താ രാഷ്ട്രീയത്തിന് ചരമക്കുറിപ്പ് എഴുതുകയല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടാവില്ല. ഇതേ മനപ്പായസമുണ്ടാണ് ബിഹാറിലും ബി ജെ പി കരുക്കള്‍ നീക്കിയത്.

അധികാരത്തില്‍ നിന്നു നിതീഷിനെ വലിച്ച് താഴെയിടാനായാല്‍ പിന്നീട് ഒരു സഖ്യം അദ്ദേഹത്തിന് രൂപപ്പെടുത്തുക എളുപ്പമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ രൂപപ്പെട്ട സഖ്യത്തിന് ചില പ്രത്യേകതകള്‍ കൂടിയുണ്ട്. ജനതാ പാര്‍ട്ടി രാഷ്ട്രീയത്തില്‍ നിന്നു ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി ആയും സമതാ പാര്‍ട്ടിയായും ജനതാദള്‍ യുനൈറ്റഡായും ലോക് താന്ത്രിക് സമതാ പാര്‍ട്ടിയായും ലോക് താന്ത്രിക് ജനതാദള്‍ ആയുമൊക്കെ പല വഴി ചിതറിയവരെല്ലാം ഒന്നിക്കുകയാണ് ഇപ്പോള്‍ ഉണ്ടായത്. അതില്‍ നിതീഷ് പക്ഷത്ത് ആര്‍ എല്‍ എസ് പിയും ജെ ഡി യുവും ലയിച്ചപ്പോള്‍ ശരദ് യാദവിന്റെ പാര്‍ട്ടി ആര്‍ ജെ ഡിയിലും ലയിച്ചു. ബിഹാറിലെ മണ്ഡലങ്ങളുടെ ഘടനകള്‍ക്കകത്ത് ഇതുണ്ടാക്കാന്‍ പോകുന്ന മാറ്റം കുറച്ചൊന്നുമല്ല. അത്രമാത്രം നിര്‍ണായകമല്ലെങ്കിലും ഈ മുന്നണിയില്‍ കോണ്‍ഗ്രസും ഒപ്പം ചേരുന്നതോടെ പ്രതിപക്ഷം സമ്പൂര്‍ണമാകുകയാണ് ബിഹാറില്‍. ബിഹാര്‍ അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ ജെ ഡിയും കോണ്‍ഗ്രസും ഉള്‍പ്പെടെ 164 അംഗങ്ങളുടെ ഭൂരിപക്ഷമാണ് നിലവില്‍ നിതീഷിന്റെ സര്‍ക്കാരിനുള്ളത്. ബി ജെ പിയുമായി ചേര്‍ന്ന് ഭരിച്ച കാലത്ത് കേവല ഭൂരിപക്ഷത്തേക്കാള്‍ വെറും രണ്ട് സീറ്റ് മാത്രമാണ് നിതീഷിന് അധികമുണ്ടായിരുന്നത്.
ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ശേഷിച്ച സംസ്ഥാനങ്ങളില്‍ എന്താണ് സംഭവിക്കുക എന്നാണ് ഇനി അറിയാനുള്ളത്. യു പിയിലെ ദലിത് രാഷ്ട്രീയത്തിന്റെ ധ്വജവാഹകരായ ബഹുജന്‍ സമാജ് പാര്‍ട്ടി തകര്‍ച്ചയില്‍ നിന്നു തകര്‍ച്ചയിലേക്ക് നീങ്ങുകയാണെങ്കിലും യാഥാര്‍ഥ്യബോധത്തിന്റെ അടുത്തൊന്നുമല്ല പാര്‍ട്ടി അധ്യക്ഷയായ മായാവതി ഇപ്പോഴുമുള്ളത്. 12 ശതമാനം വോട്ടുകള്‍ മാത്രമുള്ള വളരെ ചെറിയൊരു പാര്‍ട്ടിയാണ് താനെന്നും ഒറ്റയ്ക്ക് മത്സരിച്ചാല്‍ രണ്ടക്കം പോലും പാര്‍ട്ടിക്ക് തികയ്ക്കാന്‍ കഴിയില്ലെന്നും അവര്‍ ഉള്‍ക്കൊള്ളുകയാണ് ആ സംസ്ഥാനത്ത് സംഭവിക്കേണ്ട സുപ്രധാനമായ മാറ്റം. മായാവതിയുടെ പകുതിയിലധികം വോട്ടുബാങ്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് നഷ്ടമായി. അത് ബി ജെ പിയിലേക്കും സമാജ്‌വാദിയിലേക്കും ഒരുപോലെ ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ ബി ജെ പിയുടെ വഴിയിലൂടെയാണ് മായാവതി ദലിത് രാഷ്ട്രീയത്തെ ആട്ടിത്തെളിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാംമന്ദിര്‍ നിര്‍മാണത്തെക്കുറിച്ചു വരെ അവര്‍ പ്രഖ്യാപനം നടത്തി. എന്നാല്‍ ദലിത് രാഷ്ട്രീയത്തിനു കുറേക്കൂടി യോജിച്ചുനില്‍ക്കാന്‍ കഴിയുന്നത് അഖിലേഷിനോടാണെന്ന് മായാവതി ഇപ്പോഴും മനസ്സുകൊണ്ട് അംഗീകരിച്ചിട്ടില്ല. ഏറ്റവുമൊടുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സ്വയം തോല്‍വിക്കു വഴങ്ങിയും സമാജ്‌വാദിയെ തോല്‍പിക്കാനായി ബി ജെ പിയുടെ ചട്ടുകമാവുകയായിരുന്നു മായാവതി. ഇ ഡിയെയും സി ബി ഐയെയുമൊക്കെ ഭയന്നിട്ടായാലും സ്വന്തം രാഷ്ട്രീയബോധ്യങ്ങളുടെ അടിസ്ഥാനത്തിലായാലും ശരി, നിലവിലുള്ള മായാവതി ബി ജെ പിയുടെ ഒരു ഉപഗ്രഹം മാത്രമായി അധഃപതിച്ചുകഴിഞ്ഞു. മാത്രവുമല്ല, അതിവേഗത്തിലാണ് അവരുടെ പരമ്പരാഗത വോട്ടുബാങ്കായ ജാട്ടുകള്‍ ബി ജെ പിയിലേക്ക് ഒഴുകിയെത്തുന്നത്. കോണ്‍ഗ്രസിന് യു പിയില്‍ എടുത്തുപറയത്തക്ക ഒന്നും തന്നെയില്ലെങ്കിലും മായാവതിക്കും സമാജ്‌വാദിക്കുമൊപ്പം നില്‍ക്കാന്‍ കഴിഞ്ഞാല്‍ തന്നെ 2024-ല്‍ തെരഞ്ഞെടുപ്പിന്റെ മൊത്തം ചിത്രവും മാറും.

ഈ മാറ്റങ്ങളെ ജാതീയമായി സമീപിക്കുകയാണെങ്കില്‍ സമീപകാല തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായ ഒരു അന്തര്‍ധാര രൂപപ്പെടുന്നുണ്ടെന്ന് സമ്മതിക്കേണ്ടിവരും. അത് ഒ ബി സി വിഭാഗങ്ങളില്‍ ഉണ്ടായ മാറ്റമാണ്. മറ്റൊന്ന് ദലിതുകളുടേതും. ഈ രണ്ടു വിഭാഗങ്ങളിലും പെട്ടവരെ ബി ജെ പി ഇതിനകം വിശാലമായ ഹിന്ദുത്വത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരുന്നതില്‍ വിജയിച്ചിട്ടുണ്ട്. സ്വാമി പ്രസാദ് മൗര്യ, ധരം പ്രസാദ് സൈനി, അജയ് കുമാര്‍ ലല്ലു, രാം ഗോവിന്ദ് ചൗധരി തുടങ്ങി സമാജ്‌വാദിയുടെയും കോണ്‍ഗ്രസിന്റെയും ഒ ബി സി മുഖങ്ങളെല്ലാം യു പിയില്‍ കൂട്ടത്തോല്‍വി ഏറ്റുവാങ്ങിയതാണ് കഴിഞ്ഞ തവണ കണ്ടത്.
സ്വാമി പ്രസാദ് മൗര്യയുടേത് കൂട്ടത്തില്‍ എടുത്തുപറയേണ്ട തോല്‍വിയാണ്. ബി എസ് പിയില്‍ നിന്ന് ആനയും അമ്പാരിയുമായി ബി ജെ പി ആനയിച്ചു കൊണ്ടുവന്ന സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ കാബിനറ്റില്‍ മന്ത്രിയായിരുന്നിട്ടുകൂടി ബി ജെ പിയില്‍ നിന്നു സമാജ്‌വാദിയില്‍ എത്തിയത് വലിയ പ്രതീക്ഷകളായിരുന്നു സൃഷ്ടിച്ചത്. മൗര്യ സമൂഹത്തിന്റെ കിരീടം വെക്കാത്ത ഈ രാജാവ് തന്റെ ആറാമത്തെ തെരഞ്ഞെടുപ്പില്‍ ഇതാദ്യമായി അതേ സമൂഹത്തിന്റെ ശക്തികേന്ദ്രമായ ഫസില്‍ നഗറില്‍ തോറ്റു. അദ്ദേഹത്തിന്റെ സ്വന്തം സമുദായം ബി ജെ പിയെയാണ് തുണച്ചത്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍, 17 ഒ ബി സി പാര്‍ട്ടികള്‍ ഒരുമിച്ചുനിന്നാണ് യു പിയില്‍ കഴിഞ്ഞ തവണ ആദിത്യനാഥിനെ നേരിട്ടതെങ്കിലും അതിന്റെ നേട്ടം അഖിലേഷിനു കിട്ടിയില്ല. ഒറ്റ മായാവതിയാണ് മതേതര ചേരിയെ ഒറ്റിക്കൊടുക്കാന്‍ ബി ജെ പിയുമായി ഒത്തുകളിച്ചത്. സ്വന്തം ശവക്കുഴി തോണ്ടിക്കൊണ്ടായിരുന്നു അത്.
ബി ജെ പിയിലേക്ക് കൂറുമാറിത്തുടങ്ങിയ ദലിതുകളെ മായാവതി തിരികെ പിടിക്കാനുള്ള സാധ്യതയും വളരെ നേരിയതാണ്. അവര്‍ കൂടുതല്‍ ദുര്‍ബലമാകുന്നതാണ് കാണാനുള്ളത്. ഇപ്പോഴത്തെ അവസ്ഥയില്‍ പുതുതായി കിട്ടിയ ഒ ബി സി വോട്ടുകള്‍ക്കു പുറമെ ബി എസ് പിയില്‍ ബാക്കിയുള്ള നിര്‍ണായകമായ ആ 12 ശതമാനം കൂടി ബി ജെ പിയില്‍ എത്തിപ്പെട്ടേക്കും. കഴിഞ്ഞ ഏതാനും പൊതുതെരഞ്ഞെടുപ്പുകളുടെ കണക്ക് പരിശോധിക്കുമ്പോള്‍ വളരെ പ്രത്യക്ഷമായിത്തന്നെ ദലിതുകളിലും ഒ ബി സികളിലുമുള്ള ഈ മാറ്റം കാണാനാവും. 2009ല്‍ ബി ജെ പിക്ക് 22 ശതമാനം ഒ ബി സി വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജ്യത്തെ 42 ശതമാനം ഒ ബി സി വോട്ടുകളും നേടിയത് പ്രാദേശിക പാര്‍ട്ടികളായിരുന്നു. എന്നാല്‍ 2019 ആയപ്പോഴേക്കും ചിത്രം നേരെ തിരിഞ്ഞു. ബി ജെ പിക്കാണ് കൂടുതല്‍ നേടാനായത്. വി പി സിങിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഒ ബി സി പ്രതിഭാസം അസ്തമിച്ചു തുടങ്ങുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബിഹാറില്‍ മാത്രമാണ് പക്ഷേ ഒ ബി സികളുടെ രാഷ്ട്രീയം പിടിച്ചുനിന്നത്. നിതീഷിനെ വീഴ്ത്തിയിരുന്നെങ്കിലും അദ്ദേഹത്തിന് മഹാഗഡ്ബന്ധന്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നെങ്കിലും അന്തിമമായ കൊലച്ചിരി ഇപ്പോള്‍ ബി ജെ പിയുടേതാകുമായിരുന്നു. നരേന്ദ്ര മോദി കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലൂടെ നേടിയെടുത്ത ഒ ബി സി സമുദായങ്ങളുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചു നിര്‍ത്താനായാല്‍ സമാജ്‌വാദി അടക്കമുള്ളവരുടെ പ്രാദേശിക രാഷ്ട്രീയം അടുത്ത തെരഞ്ഞെടുപ്പോടെ പൂട്ടിക്കെട്ടുമെന്ന് ജെ പി നദ്ദ പറഞ്ഞത് ഒന്നും കാണാതെയായിരുന്നില്ല. അണിയറയില്‍ അവര്‍ അത്രയേറെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
2021ല്‍ ആരംഭിച്ച സെന്‍സസിനൊടുവില്‍ 1931നു ശേഷം ഇതാദ്യമായി ഇന്ത്യയിലെ ഒ ബി സി സമുദായാംഗങ്ങളുടെ കണക്കുകള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പരസ്യപ്പെടുത്താന്‍ തയാറെടുക്കുകയാണ്. 1951ല്‍ ഇങ്ങനെയൊരു കണക്ക് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചിരുന്നുവെങ്കിലും അത് ക്ലാസിഫൈഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രഹസ്യമാക്കി വെക്കുകയാണ് ഉണ്ടായത്. കോണ്‍ഗ്രസിനെ ഇല്ലാതാക്കി, ജാതിരാഷ്ട്രീയ കക്ഷികളെ വിഴുങ്ങി, പ്രതിപക്ഷത്ത് ആരുമില്ലാത്ത ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് പ്രതിജ്ഞാബദ്ധമായി മുന്നോട്ടുപോകുന്ന ബി ജെ പി എന്തുകൊണ്ട് ഒ ബി സികളെ കുറിച്ച കണക്കുകള്‍ പുറത്തുവിടാനൊരുങ്ങുന്നു? മണ്ഡല്‍ രാഷ്ട്രീയമല്ല അവരെ രക്ഷിച്ചതെന്നും, ഇനിയങ്ങോട്ട് ഹിന്ദുത്വം മാത്രമേ രക്ഷയ്‌ക്കെത്തൂ എന്നും ബോധ്യപ്പെടുത്താനായിരിക്കും. കുറേക്കൂടി ആസൂത്രിതമായി ജില്ലകളും വാര്‍ഡുകളും വരെ കൃത്യമായി പഠിച്ചറിഞ്ഞ്, ഒ ബി സി ജാതികള്‍ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ പുറത്തുവിടാനുള്ള നീക്കങ്ങളും തകൃതിയാണ്. ജാതിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തെ ചോദ്യം ചെയ്യാനും അത് ഉയര്‍ന്നുവരുന്ന സാഹചര്യങ്ങളെ പ്രായോഗികമായി നേരിടാനുമാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്. അതായത്, ജാതീയതയില്‍ നിന്നു ഹിന്ദുത്വത്തിലേക്ക് കൂറുമാറിയ, മതമല്ലാതെ പ്രത്യേകിച്ച് ഒരു അടിത്തറയുമില്ലാത്ത ബി ജെ പി സൃഷ്ടിച്ചുണ്ടാക്കുന്ന പുതിയ വോട്ടുബാങ്കും, മറുഭാഗത്ത് തത്വങ്ങളില്‍ വിശ്വസിക്കുന്ന ചെറിയൊരു സമൂഹവുമാവും ബാക്കിയുണ്ടാവുക. അതിനെ ഒന്നാം ഘട്ടമായി കണക്കാക്കിയാല്‍ അടുത്ത ഘട്ടം എന്തായിരിക്കുമെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിസാമര്‍ഥ്യമൊന്നും ആവശ്യമില്ല.
അവിടെയാണ് ബിഹാറിലെ മാറ്റം പ്രസക്തമാവുന്നത്. വിഘടിച്ചുനിന്ന ഒരു വലിയ കാലഘട്ടത്തിനു ശേഷം ജാതി അടിസ്ഥാനമാക്കി തന്നെയുള്ള, എന്നാല്‍ ഹിന്ദുത്വവിരുദ്ധമായ ഒരു രാഷ്ട്രീയമാണ് അവിടെ രൂപപ്പെടുന്നത്. ആ അര്‍ഥത്തില്‍ മഹാഗഡ്ബന്ധന്‍ വലിയ പ്രതീക്ഷയായാണ് മാറുന്നത്. വിഘടിച്ചുനിന്നതുകൊണ്ട് കാര്യമില്ലെന്ന് മറ്റു സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാര്‍ക്കുകൂടി മനസ്സിലാവാനും അത് വഴിയൊരുക്കിയേക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x