27 Wednesday
March 2024
2024 March 27
1445 Ramadân 17

റബ്ബാനികളായി ജീവിക്കുക

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി


അല്ലാഹു ഒരു മനുഷ്യന് വേദവും മതവിജ്ഞാനവും പ്രവാചകത്വവും നല്‍കുന്നു, എന്നിട്ട് അദ്ദേഹം ജനങ്ങളോട് ‘നിങ്ങള്‍ അല്ലാഹുവിനെ വിട്ട് എന്നെ ആരാധിക്കുന്ന ദാസന്‍മാരാവുക’ എന്നു പറയുന്ന അവസ്ഥയുണ്ടാവുകയില്ല. മറിച്ച്, നിങ്ങള്‍ വേദപുസ്തകം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിലൂടെ റബ്ബാനികളായി ജീവിക്കുക എന്നായിരിക്കും അവര്‍ പറയുക. (ആലുഇംറാന്‍ 79)

മനുഷ്യരെ നേര്‍വഴിക്ക് നയിക്കാന്‍ കാലാകാലങ്ങളില്‍ അല്ലാഹു നിയോഗിക്കുന്നവരാണ് പ്രവാചകന്‍മാര്‍. അവരെ അവന്‍ ഏല്‍പിച്ച മുഖ്യ ദൗത്യമാണ് ഇവിടെ വിവരിക്കുന്നത്. അല്ലാഹുവില്‍ നിന്ന് മനുഷ്യന് ലഭിക്കുന്നത് ദിവ്യജ്ഞാനമാണ്. വഹ്‌യിലൂടെയാണ് അവരിലേക്കത് എത്തുന്നത്. വിശ്വാസവും വിജ്ഞാനവും സംസ്‌കരണ മൂല്യങ്ങളും അതുള്‍ക്കൊള്ളുന്നു. ബുദ്ധിയെയും മനസ്സിനെയും ഉണര്‍ത്തുകയാണ് അതിന്റെ ലക്ഷ്യം.
ഭൗതികാര്‍ജിത വിജ്ഞാനങ്ങളെക്കാള്‍ മനുഷ്യന് സ്വസ്ഥതയും ബൗദ്ധിക ഔന്നത്യവും നല്‍കുന്നത് ദൈവിക ജ്ഞാനമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരൊക്കെ നബിമാര്‍ കൊണ്ടുവന്ന ദിവ്യസന്ദേശത്തെ, തങ്ങള്‍ നേടിയ അറിവില്‍ അഹങ്കരിച്ചുകൊണ്ട് കൈയൊഴിഞ്ഞു. ഈസാ നബി(അ)യുമായി ബന്ധപ്പെടുത്തിയാണ് ഈ വചനമുള്ളത്. ഈസാ(അ)യെ ആരാധിക്കുന്നവരുടെ അവകാശവാദം പൊള്ളത്തരമാണെന്ന് അല്ലാഹു പറയുന്നു. ഈസാ(അ) ഉള്‍പ്പെടെ ഒരു പ്രവാചകനും അല്ലാഹുവിന് പകരം അവരെത്തന്നെ ആരാധിക്കണമെന്നു പറഞ്ഞിട്ടില്ല.
ദിവ്യജ്ഞാനം അല്ലാഹുവിന്റെ അമാനത്ത് എന്ന നിലയ്ക്കാണ് പ്രവാചകന്മാര്‍ ഏറ്റെടുത്തത്. അതിന്റെ പ്രബോധനം ഏറ്റെടുത്ത മറ്റുള്ളവരുടെയും സമീപനം ആ നിലയ്ക്കു തന്നെയായിരിക്കണം. വഹ്‌യ് നല്‍കുന്ന വിജ്ഞാനം നമ്മെ റബ്ബാനികളാക്കി മാറ്റണമെന്നതാണ് അതില്‍ പ്രധാനം. ഇസ്‌ലാമും ഈമാനും തഖ്‌വയും പൂര്‍ണാര്‍ഥത്തില്‍ നമ്മെ ശാക്തീകരിക്കുമ്പോള്‍ മാത്രമേ ഈ പദവിയിലേക്ക് ഉയരാന്‍ കഴിയുകയുള്ളൂ. ‘നല്ല ശീലങ്ങള്‍ സ്വന്തത്തിലും മറ്റുള്ളവരിലും വളര്‍ത്തിയെടുക്കുന്നവര്‍’ എന്നതും റബ്ബാനിയുടെ അര്‍ഥകല്‍പനയാണ്.
വേദഗ്രന്ഥം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എന്ന വിശേഷണമാണ് റബ്ബാനികളുടെ വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടുന്നത്. രണ്ട് പ്രക്രിയകളും ഒരേസമയം ഉണ്ടാവണം. അറിവുകളുടെ കൈമാറ്റം നടക്കുമ്പോള്‍ നല്ല ഗുണപാഠമായി അത് ജീവിതത്തില്‍ ബാക്കി നില്‍ക്കും. മറ്റുള്ളവരെ പഠിപ്പിക്കുന്നതിന് ‘തുഅല്ലിമൂന’, സ്വയം പഠനത്തിന് ‘തദ്‌റുസൂന’ എന്നീ പ്രയോഗങ്ങളുടെ അര്‍ഥം പ്രസക്തമാകുന്നത് ഇവിടെയാണ്.
‘ഞാന്‍ നിങ്ങളെ പിതാവിന്റെ സ്ഥാനത്തിരുന്ന് പഠിപ്പിക്കുന്നു’ എന്ന നബിവചനം ഇതിലേക്ക് ചേര്‍ത്തുവെക്കാം. അധ്യാപകന്റെ ജ്ഞാനതൃഷ്ണയും പിതാവിന്റെ തലോടലുമാണ് ഉസ്താദിനെ പഠിതാക്കള്‍ക്കിടയില്‍ റോള്‍മോഡലാക്കുന്നത്. അവര്‍ തന്നെയായിരിക്കും റബ്ബാനികള്‍. വിവിധ സാഹചര്യങ്ങള്‍ നല്‍കുന്ന ഗുണപാഠങ്ങളാണ് നമ്മുടെ അകക്കണ്ണുകളെ പ്രകാശിപ്പിക്കുന്നത്.
ജീവിതത്തെ പുണ്യാവരണം അണിയിക്കാന്‍ അമിത ഭക്തിയുടെ ആവശ്യമില്ല എന്നും ഈ വചനം അറിയിക്കുന്നു. റബ്ബാനി എന്നത് പൗരോഹിത്യമല്ല. ലളിതജീവിതവും ഉല്‍കൃഷ്ട പ്രവര്‍ത്തനങ്ങളും പതിവാക്കിയാല്‍ അല്ലാഹുവിങ്കല്‍ ലഭിക്കുന്ന അംഗീകാരമാണ് അത്. ദിവ്യഗ്രന്ഥവുമായുള്ള ആത്മബന്ധമാണ് ഇതിന് ആവശ്യം. വിശ്വാസികളുടെ വ്യക്തിത്വത്തിനും ചിന്തകള്‍ക്കും സംസ്‌കാരത്തിനും ദൈവികതയുടെ നിറം നല്‍കാനാണ് വേദഗ്രന്ഥത്തെ കൂട്ടുപിടിക്കേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x