മദ്യനയം പിന്‍വലിക്കണം
കേരളത്തില്‍ പുതിയൊരു മദ്യനയത്തിന് കൂടി അനുമതി നല്‍കിയിരിക്കുന്നു. മദ്യവര്‍ജനത്തെ പ്രോത്സാഹിപ്പിക്കുന്നതോ ലഹരി വിരുദ്ധ ബോധവത്കരണത്തെ സഹായിക്കുന്നതോ അല്ല പുതിയ മദ്യനയം. വിദ്യാലയങ്ങളിലൂടെ സര്‍ക്കാര്‍ തലത്തില്‍ തന്നെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍, മറുഭാഗത്ത് ലഹരിയുടെ ലോകത്തേക്കുള്ള പ്രവേശിക ഉദാരമാക്കാനും സാര്‍വത്രികമാക്കാനുമാണ് ശ്രമിക്കുന്നത്. പഴവര്‍ഗങ്ങളില്‍ നിന്ന് വൈന്‍ ഉത്പാദിപ്പിക്കുക, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക, കേരള ടോഡി എന്ന പേരില്‍ കള്ളുഷാപ്പുകള്‍ ബ്രാന്‍ഡ് ചെയ്യുക, വിനോദ സഞ്ചാര സീസണുകളില്‍ ഹോട്ടലുകള്‍ മദ്യം വിളമ്പാന്‍ ലൈസന്‍സ് നല്‍കുക, അടഞ്ഞുകിടക്കുന്ന വിദേശമദ്യ ചില്ലറ വില്‍പ്പന ശാലകള്‍ പ്രവര്‍ത്തിപ്പിക്കുക, ഐ ടി പാര്‍ക്കുകളിലും ഓഫീസേഴ്‌സ് ക്ലബ്ബുകളിലും മദ്യം വിളമ്പാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുക തുടങ്ങിയ വമ്പന്‍ തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന മദ്യനയമാണിത്.
ലഹരിയുടെ വിപത്തിനെ സംബന്ധിച്ച് ആരെയെങ്കിലും പ്രത്യേകമായി ബോധവത്കരിക്കേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. നമ്മുടെ കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ഥ്യമാണ്. ആലുവയില്‍ ഒരു അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡനത്തിലൂടെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത് മദ്യലഹരിയാണ്. പോലീസ് പിടിയിലായിട്ടും ചോദ്യം ചെയ്യലിന് വിധേയനാകാന്‍ പോലും കഴിയാത്തവിധം ലഹരിയുടെ കെട്ടിലായിരുന്നു കൊലയാളി. കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിന് വന്‍ഭീഷണിയായി മദ്യവും ലഹരിയും മാറിയിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം. നമ്മുടെ സോഷ്യല്‍ ഫാബ്രിക്കിലേക്ക് നുഴഞ്ഞുകയറുകയും വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പൊതുസമൂഹത്തിനും പരിഹരിക്കാനാകാത്ത ദോഷം വരുത്തുകയും ചെയ്യുന്ന ഒരു വിപത്തായി ലഹരി മാറിയിരിക്കുന്നു. കേരളം നമ്പര്‍ വണ്‍ എന്ന് അവകാശപ്പെടുന്നതിലേക്ക് നയിച്ചിരുന്ന സൂചകങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് ഇവിടുത്തെ സാമൂഹിക സുരക്ഷിതത്വമാണ്. മക്കളെ വീട്ടില്‍ തനിച്ചാക്കി രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്ന അന്തരീക്ഷം കേരളത്തിലുണ്ട് എന്നതാണ് വെപ്പ്. എന്നാല്‍ അതൊരു പൊള്ളയായ യാഥാര്‍ഥ്യമായി മാറുന്നു എന്നാണ് നാം തിരിച്ചറിയേണ്ടത്.
മദ്യം പോഷകാഹാരമാണ് എന്ന് പ്രചാരണം നടത്തുകയാണ് സര്‍ക്കാര്‍. മദ്യവര്‍ജനം നയമാക്കി സ്വീകരിച്ച് പ്രചാരണം നടത്തി അധികാരത്തിലെത്തിയതാണ് ഇടതുപക്ഷം. പൂട്ടിയ ബാറുകളല്ല, സ്‌കൂളുകളാണ് തുറക്കുന്നത് എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ വേദികളില്‍ സജീവമായിരുന്നു. പക്ഷെ, അധികാരത്തില്‍ തുടരുമ്പോള്‍ തലതിരിഞ്ഞ പ്രവര്‍ത്തനമാണ് കാണുന്നത്. സുരക്ഷിത മദ്യപാനം എന്ന ഓമനപ്പേരിട്ടുള്ള മദ്യപ്രോത്സാഹനം ലഹരിയുടെ മാരക ലോകത്തേക്കുള്ള പ്രവേശികയാണ് എന്ന കാര്യം ലഹരി വിരുദ്ധ ബോധവത്കരണം നടത്തുന്ന എല്ലാവരും സമ്മതിക്കുന്ന ഒന്നാണ്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആയി മദ്യവ്യാപാരം നടത്തുന്നത് കൊണ്ട് അതിനെ സിന്തറ്റിക്ക് ലഹരികളെ പോലെ എതിര്‍ക്കുന്നുണ്ടാവില്ല. എന്നാല്‍, സര്‍ക്കാര്‍ തല ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ ഒന്നും തന്നെ സിന്തറ്റിക് ലഹരി ഉപേക്ഷിക്കൂ, മദ്യം ശീലമാക്കൂ എന്ന പ്രചരണമല്ല നടത്തുന്നത്. മദ്യം പോഷകാഹരമാണ് എന്ന നിലപാട് സര്‍ക്കാറിനുണ്ടെങ്കില്‍, ഈ ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പയിനുകള്‍ പ്രഹസനമാണ്. വീര്യം കുറഞ്ഞ, ചെത്തിയ ഉടനെയുള്ള കള്ള് കേരളത്തില്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. വീര്യം കുറഞ്ഞത് മതിയാകാതെ വരുമ്പോള്‍, വീര്യം കൂടിയതിലേക്കും പിന്നീട് നിയമവിരുദ്ധമായ സിന്തറ്റിക് ലഹരി പദാര്‍ഥങ്ങളിലേക്കും പുതിയ തലമുറ ചേക്കേറും.
ലഹരി എല്ലാ തിന്മകളുടെയും മാതാവാണ് എന്ന് ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ മകുടോദാഹരണമാണ് ആലുവയില്‍ കണ്ടത്. വീര്യം കുറഞ്ഞ ലഹരി ഉപഭോക്താക്കളായി മാറാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ പ്രോത്സാഹനം നല്‍കുന്നത് വിരോധാഭാസമാണ്. സര്‍ക്കാര്‍ അതിനെ വരുമാന മാര്‍ഗമായി കാണുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പ്രസ്തുത വഴിയിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാള്‍ എത്രയോ പതിന്മടങ്ങ് ചെലവാണ് അതുമൂലമുണ്ടാകുന്ന വിപത്തുകളെ നേരിടാന്‍ സര്‍ക്കാറിന് ചെലവാക്കേണ്ടി വരുന്നത്. ആരോഗ്യം, സാമൂഹിക സുരക്ഷിതത്വം, ക്രിമിനല്‍ കുറ്റങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍ തുടങ്ങിയ മേഖലകളില്‍ മദ്യം വരുത്തി വെക്കുന്ന വിനകള്‍ പരിശോധിച്ചാല്‍ വരുമാനത്തേക്കാള്‍ നഷ്ടമാണ് ഫലത്തിലുണ്ടാവുന്നത്. അതുകൊണ്ട്, സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മദ്യനയം അടിയന്തരമായി പിന്‍വലിക്കണം.