30 Monday
December 2024
2024 December 30
1446 Joumada II 28

ലിംഗനീതിയോ ലിംഗസമത്വമോ?

ഡോ. ജാബിര്‍ അമാനി


ജൈവ പ്രപഞ്ചത്തിന്റെ മുഖ്യ സവിശേഷത ഇണകളോടെയുള്ള സൃഷ്ടിപ്പാണ്. ആണ്‍-പെണ്‍ എന്നീ രണ്ട് അടിസ്ഥാന അസ്തിത്വങ്ങളും അവയോട് അനുബന്ധമായ ഉഭയലിംഗവും ആണ്. മൂന്നാം ലിംഗം, ട്രാന്‍സ് ജെന്‍ഡര്‍ എന്നീ സാങ്കേതിക പദങ്ങളിലൂടെയും അവ പരിചയപ്പെടുത്താറുണ്ട്.(1)
സെക്‌സ്, ജെന്‍ഡര്‍ എന്നീ പദങ്ങളുടെ ചര്‍ച്ചയും തത്വാധിഷ്ഠിത പ്രഖ്യാപനങ്ങളും സജീവമാകുന്നത് എഴുപതുകളിലെ അവസാനത്തിലാണ്.(2) ലിംഗം (സെക്സ്) എന്നത് ഒരു വ്യക്തിയെ അടിസ്ഥാനപരമായി നിര്‍ണയിക്കുന്ന ഘടകമാണ്. ജനിറ്റല്‍ ഓര്‍ഗണ്‍ ആണ് അതുകൊണ്ടുദ്ദേശിക്കുന്നത്.
ലിംഗത്വം (ജെന്‍ഡര്‍) എന്നത് ഒരാളുടെ ലൈംഗിക വ്യക്തിത്വമാണ്. ഇതില്‍ സെക്സ് ശാരീരികവും ജെന്‍ഡര്‍ സാമൂഹികവുമാണ്. ലിംഗവും ലിംഗത്വവും ഏറെക്കുറെ ഒന്നായി തന്നെയാണ് പ്രകൃതിയില്‍ സഹസ്രാബ്ദങ്ങളായി തുടരുന്നത്. സ്ത്രീ ലൈംഗിക അവയവവും ശാരീരിക ഘടനയും ജൈവപ്രതിഭാസങ്ങളും ഉള്ള ഒരു വ്യക്തി, സാമൂഹിക മണ്ഡലത്തില്‍ പുരുഷനായും തിരിച്ചും കാണപ്പെടുന്ന അവസ്ഥ പൊതുവില്‍ ഇല്ല. അപൂര്‍വമായ ഏതെങ്കിലും വ്യതിയാനങ്ങള്‍ സംഭവിക്കാം. അതാണ് ട്രാന്‍സ്ജെന്‍ഡറായിട്ട് പരിഗണിക്കുന്നത്. ശരീരവും മനസും ലിംഗവും ലിംഗത്വവും ഒരേപോലെ വര്‍ത്തിക്കുന്നതിനെ സമാന ലിംഗത്വമുള്ളവര്‍ (cisgender) എന്നും വിളിക്കുന്നു(3).
1927-ല്‍ ആന്‍ ഓക്‌ലീ(4) തന്റെ സെക്‌സ്, ജെന്‍ഡര്‍ ആന്റ് സൊസൈറ്റി എന്ന ഗ്രന്ഥത്തിലൂടെയാണ് ജെന്‍ഡര്‍ ചര്‍ച്ചകളും ലിംഗനീതി, സമത്വ വാദങ്ങളും ആധുനിക ലോകത്ത് ഔദ്യോഗികമായി സജീവമാക്കുന്നത്(5). ഇറ്റാലിയന്‍ പദമായ ഏലിൗല്‍െ നിന്നാണ് ജെന്‍ഡര്‍ എന്ന പദം രൂപപ്പെടുന്നത്.
സെക്സ് ജൈവികമായ ഒരസ്തിത്വമാണ്. കാലദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറ്റം വരാത്തതും മാറ്റപ്പെടുത്താന്‍ ആത്യന്തികമായി അസാധ്യമായതുമാണ്. ശാരീരിക പ്രദാനമായ ക്രോമസോം, ജീനുകള്‍, ഹോര്‍മോണുകള്‍, പ്രത്യുല്പാദന, അന്തസ്രാവീ വ്യവസ്ഥകള്‍, വൈകാരിക വിനിമയങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശരീര ശാസ്ത്രപരമായ സംവിധാനം. അവ രൂപപ്പെടുന്നതിലോ ജനനത്തിന് മുമ്പ് ക്രമീകരിക്കുന്നതിലോ മനുഷ്യന് അണു അളവ് പോലും പങ്കില്ല. ഇടപെടാന്‍ സാധ്യവുമല്ല. അത് പൂര്‍ണമായും സ്രഷ്ടാവിന്റെ തീരുമാനത്തിന് വിധേയമാണ്. നാസ്തിക ദര്‍ശനങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയാത്ത മേഖല കൂടിയാണ് ഭ്രൂണ വിജ്ഞാനീയവുമായി ബന്ധപ്പെട്ട മനുഷ്യ സൃഷ്ടിപ്പും ലിംഗനിര്‍ണയങ്ങളും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”ഗര്‍ഭാശയങ്ങളില്‍ താനുദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.” (വി.ഖു 3:6)
”ഓരോ സ്ത്രീയും ഗര്‍ഭം ധരിക്കുന്നത് എന്തെന്ന് അല്ലാഹു അറിയുന്നു. ഗര്‍ഭാശയങ്ങള്‍ക്കകത്ത് കുറവ് വരുന്നതും വര്‍ധനവുണ്ടാക്കുന്നതും (കുട്ടികളുടെ എണ്ണവും വളര്‍ച്ചകളും) അവനറിയുന്നു. ഏതൊരു കാര്യവും അവന്റെ അടുക്കല്‍ ഒരു നിശ്ചിത തോതനുസരിച്ചാകുന്നു.” (വി.ഖു 13:8)
ശാരീരിക പ്രദാനമായ ഈ മേഖല ഒരു ശിശു ജനിക്കുന്നതു വരെയും ജനിച്ച ശേഷവും പ്രപഞ്ചാന്ത്യം വരെ മാറ്റമില്ലാതെ തുടരുന്നതാണ്. അനാട്ടമി, ഫിസിയോളജി തുടങ്ങിയ പദങ്ങളാണ് വൈദ്യശാസ്ത്രത്തില്‍ ഇതിനുപയോഗിക്കുന്നത്. അവയുടെ നിര്‍വഹണവും പ്രകൃത്യാ തന്നെ നിശ്ചയിച്ച് വ്യവസ്ഥപ്പെടുത്തിയതുമാണ്. അതുകൊണ്ടു തന്നെ ആണ്‍, പെണ്‍ എന്നീ അടിസ്ഥാന അസ്തിത്വത്തിന്റെ ഘടനയും നിര്‍വഹണവും സമത്വപ്പെടുത്താന്‍ സാധ്യമല്ല.(6) വൈവിധ്യവും വ്യത്യസ്തവുമായ അസ്തിത്വങ്ങളെ ഒരേ പോലെയാക്കുന്നതാണ് പ്രകൃതി വിരുദ്ധം.

എന്താണ് ജെന്‍ഡര്‍?
ഒരു കുഞ്ഞ് ആണോ പെണ്ണോ ആയി ജനിച്ചതിനു ശേഷം ജീവിതം ആരംഭിക്കുമ്പോഴുള്ള സാമൂഹിക പ്രതിനിധാനമാണ് ഒരര്‍ഥത്തില്‍ ജെന്‍ഡര്‍. പ്രസ്തുത ജീവിത മാര്‍ഗങ്ങളില്‍ അതിസൂക്ഷ്മമായ തലങ്ങളില്‍ പോലും നീതിവിരുദ്ധമായത് സംഭവിക്കാന്‍ പാടുള്ളതല്ല. അങ്ങനെ വരുമ്പോള്‍ അത് ദൈവികമായ അന്യായമായി മാറും. കാരണം, ഒരു ശിശുവിനും തന്റെ മാതൃപിതൃ നിര്‍ണയത്തിലോ ലിംഗ നിര്‍ണയത്തിലോ സൂക്ഷ്മമായ പങ്കുപോലും ഇല്ല. തികച്ചും സ്രഷ്ടാവിന്റെ പരമാധികാര മേഖലയായ ലിംഗ നിര്‍ണയവും വ്യവസ്ഥപ്പടുത്തലും വഴി, ആണോ പെണ്ണോ ആയി ജനിച്ച ശേഷം ഇന്നയിന്ന കാരണങ്ങളാല്‍ ജീവിതത്തില്‍ ‘അനീതി’ കൂടി സൃഷ്ടിക്കുന്നത് സ്രഷ്ടാവിന്റെ സവിശേഷ താല്പര്യത്തിന് യോജിക്കുന്നതല്ല.
ആണിനും പെണ്ണിനും വ്യത്യസ്ത കഴിവുകളും കര്‍മ മേഖലകളും സ്വാഭാവികമായും ഉണ്ടാവുന്നതാണ്. എന്നാല്‍ ഒരേ കര്‍മം തന്നെ പുരുഷന്‍ ചെയ്താല്‍ കൂടുതല്‍ പ്രതിഫലവും പരിഗണനയും ലഭിക്കുകയും പെണ്ണിന് വിവേചനം ഉണ്ടാവുകയും ചെയ്യാന്‍ പാടുള്ളതല്ല എന്നതാണ് നീതി. ഖുര്‍ആന്‍ ഇക്കാര്യം സുവ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്.
രാപ്പകലുകള്‍ ഒരു ദിവസത്തെ രൂപപ്പെടുത്തുന്നതില്‍ തുല്യപങ്ക് നിര്‍വഹിക്കുന്നു. രണ്ടും രണ്ട് അര്‍ധപാതികളാണ്. അവയുടെ ഓരോ പ്രതിഭാസത്തിന്റെയും ധര്‍മം വൈവിധ്യവും വ്യത്യസ്തവുമാണ്. അപ്രകാരം തന്നെയാണ് മനുഷ്യവര്‍ഗത്തില്‍ സ്ത്രീ-പുരുഷന്മാരുടെ ഭാഗധേയവും. ”രാവിനെ തന്നെയാണ് സത്യം, അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍. പകലിനെ തന്നെയാണ് സത്യം, അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍. ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ് സത്യം. തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തില്‍ ഉള്ളതാകുന്നു.” (92:14)
സ്ത്രീ പുരുഷന്മാര്‍ രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളാണ് എന്നതിനാല്‍ ഒരേ അച്ചില്‍ ഇവരെ തുല്യതപ്പെടുത്താന്‍ കഴിയില്ല. മാതൃത്വവും പിതൃത്വവും ഒന്നാക്കുകയെന്ന ‘സമത്വ’ സിദ്ധാന്തം അടിസ്ഥാനപരമായി പ്രകൃതി വിരുദ്ധമാണ്. അസംഭവ്യവുമാണ്. ജൈവവ്യത്യാസങ്ങളെ നിഷേധിച്ചും നിരാകരിച്ചും കൊണ്ടുള്ള സ്ത്രീ പുരുഷ സമത്വ വാദം അപ്രായോഗികവും മിഥ്യയുമാണ്. ഇത്തരം കൃത്രിമ സമത്വവാദങ്ങളും കോലാഹലങ്ങളുമാണ് ലിംഗനീതി സിദ്ധാന്തങ്ങളില്‍ കാണുന്നത്. യുക്തിസഹമായോ ശാസ്ത്രീയമായോ ഈ തലതിരിഞ്ഞ സമത്വവാദത്തെ അതിന്റെ പ്രണേതാക്കള്‍ക്കു പോലും കൃത്യമായി സമര്‍ഥിക്കാന്‍ സാധിച്ചിട്ടില്ല.

റഫറന്‍സ്
1. മൂന്നാംലിംഗം പൂര്‍ണാര്‍ഥത്തില്‍ തന്നെ ഒരു വര്‍ഗമല്ലെന്നും ഒരു രോഗമോ അവയവങ്ങളിലെ ന്യൂനതകളോ വ്യത്യാസങ്ങളോ ആണെന്നും അഭിപ്രായങ്ങളുണ്ട്.
2. www.saaid.net/female/0165htm
3. ജെന്‍ഡര്‍ തിയറിയും ജെന്‍ഡര്‍ പൊളിറ്റിക്സും ഈ അടിസ്ഥാനത്തോട് വിയോജിക്കുകയും ഒരാളുടെ ലിംഗം (സെക്സ്) എന്തായിരുന്നാലും അയാളുടെ തോന്നലുകള്‍ക്കനുസരിച്ച് ജെന്‍ഡര്‍ പരിഗണിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കണമെന്നുമാണ് വാദിക്കുന്നത്.
4. Ann Oakkley(1944), British sociologist and feminist, www. annoakley.co.uk
5. sex, gender and society/Ann Oakley/London/1972/ISBN: 9781857421712
6. സ്ത്രീ പുരുഷന്മാരുടെ ശാരീരിക പ്രദാനമായ വ്യത്യാസങ്ങളെക്കുറിച്ച് വിശദമായി വിവരണം നല്‍കുന്നതാണ്.

Back to Top