ലിംഗനീതിയും ജെന്‍ഡര്‍ ന്യൂട്രല്‍ സിദ്ധാന്തങ്ങളും
ഡോ. ജാബിര്‍ അമാനി
ജൈവലോകത്തിന്റെ മുഖ്യസവിശേഷത ഇണകളോടെയുള്ള സൃഷ്ടിപ്പാണ്. ആണ്‍, പെണ്‍ എന്ന അടിസ്ഥാനപരമായ രണ്ട് അസ്തിത്വങ്ങള്‍. ഭിന്നലിംഗങ്ങള്‍ ഈ രണ്ട് അസ്തിത്വങ്ങളിലെ വ്യത്യാസങ്ങളുമാണ്. ശാരീരികവും മാനസികവും സാമൂഹികവുമായ ജൈവബാധ്യതകളുടെ പൂര്‍ത്തീകരണമാണ് ഇണകളായുള്ള സൃഷ്ടിപ്പിന്റെ ലക്ഷ്യം. ഒന്ന് മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമാണെന്നോ പരിഗണനയും പ്രാധാന്യവും അര്‍ഹിക്കുന്നുണ്ടെന്നോ അര്‍ഥമാക്കാന്‍ പാടില്ല. മറിച്ച്, പാരസ്പര്യവും ബഹുമാന ആദരവുകളും അനിവാര്യമായ മനുഷ്യവര്‍ഗത്തിലെ തത്തുല്യമായ രണ്ട് ലിംഗ പരിഗണനകളാണ് സ്ത്രീയും പുരുഷനും. അവരുടെ ധര്‍മങ്ങളും ദൗത്യങ്ങളും വ്യത്യസ്തമാണെന്നിരിക്കെ നിര്‍വഹണ തലത്തിലും വൈവിധ്യങ്ങള്‍ ഉണ്ടായിരിക്കും. ഒരുവേള പരിപൂര്‍ണമായ വ്യതിരിക്തതകളും പ്രത്യേകതകളും കാണാന്‍ കഴിയും. എന്നാല്‍ അടിസ്ഥാനപരമായി ആണിലും പെണ്ണിലും ഉള്ള വൈവിധ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുതന്നെ പരിപൂര്‍ണ ലിംഗനീതി ഉറപ്പാക്കുകയാണ് ഇസ്‌ലാം ആത്യന്തികമായി ചെയ്തിട്ടുള്ളത്.
സെക്‌സ്, ജെന്‍ഡര്‍ എന്നീ പദങ്ങളൂടെ ചര്‍ച്ചയും തത്വാധിഷ്ഠിത പ്രഖ്യാപനങ്ങളും സജീവമാകുന്നത് എഴുപതുകളുടെ അവസാനത്തിലാണ്.(1) സെക്‌സ് എന്നത് ചരിത്രത്തോളം പഴക്കമുള്ളതാണെങ്കിലും ജെന്‍ഡര്‍ പഠനങ്ങള്‍ക്ക് മൂന്നോ നാലോ പതിറ്റാണ്ടിന്റെ പഴക്കമേ കാണാന്‍ കഴിയൂ. സെക്‌സ് എന്ന പരിഗണന അനാട്ടമിക്കലാണ്, ശരീര ശാസ്ത്രപരവുമാണ്. എന്നാല്‍ ജെന്‍ഡര്‍ സാമൂഹികമായ പ്രതിനിധാനമാണ്. 1972ല്‍ അന്ന ഓക്‌ലേ (2) തന്റെ സെക്‌സ്, ജന്‍ഡര്‍ ആന്റ് സൊസൈറ്റി എന്ന ഗ്രന്ഥത്തിലൂടെയാണ് ജെന്‍ഡര്‍ അക്കാദമിക ചര്‍ച്ചകള്‍ ലോകത്ത് ആരംഭിക്കുന്നത്. സ്ത്രീ പുരുഷ സവിശേഷതകളുടെ സാമൂഹികമായ മേഖലയെയാണ് പ്രസ്തുത പദം ആദ്യമായി വിലയിരുത്തിയത്. സാങ്കേതികമായ, സ്ത്രീ പുരുഷന്മാരിലുള്ള സാമൂഹിക സവിശേഷതകളെ സൂചിപ്പിക്കുകയും ധര്‍മ ദൗത്യങ്ങളുടെ വിവരണം ഉള്‍ക്കൊള്ളുകയും ചെയ്യുകയാണ് ജെന്‍ഡര്‍ പഠനങ്ങള്‍ ആദ്യകാലങ്ങളില്‍ ഉള്‍ക്കൊണ്ടിരുന്നത്. എന്നാല്‍ ജെന്‍ഡര്‍ വര്‍ത്തമാനകാല പഠനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ലൈംഗികമായ ഉദാര സമീപനങ്ങളുടെയും ലോകത്താണ് വൈജ്ഞാനിക വ്യവഹാരങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ലിബറലിസത്തിന്റെ, താത്വിക ഉല്പാദകരായിട്ടാണ് ജെന്‍ഡര്‍ പഠന വക്താക്കളെ സമകാലത്ത് കാണാന്‍ സാധിക്കുന്നത്.
സെക്‌സ്, ജൈവികമായ ഒരു അസ്തിത്വമാണ്. കാലദേശങ്ങള്‍ക്കനുസൃതമായി ഒരിക്കലും മാറ്റപ്പെടാത്തത്. ശരീര പ്രദാനമായ ക്രോമസോം, ജീനുകള്‍ പ്രത്യുല്പാദന വ്യവസ്ഥ, വൈകാരിക വിനിമയങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് അവ മുഖ്യമായും ഉള്‍ക്കൊള്ളുന്നത്. പ്രപഞ്ചത്തിന്റെ അന്ത്യം വരെ മാറ്റമില്ലാതെ തുടരുന്ന വിധം ദൈവികമായി എല്ലാ ജീവികളിലും വ്യവസ്ഥപ്പെടുത്തിയിട്ടുള്ള സംവിധാനമാണ് സെക്‌സ്. മനുഷ്യനില്‍ മാത്രമല്ല, ഇതര ജീവജാലങ്ങളിലെയും സ്ത്രീ, പുരുഷ ക്രമീകരണങ്ങള്‍ ഇണ ജീവിതത്തിന്റെ ജൈവികമായ ഭാഗധേയമാണ് നിര്‍വഹിക്കുന്നത്.
ഖുര്‍ആനിലെ
പുരുഷനും സ്ത്രീയും
ഖുര്‍ആനിലെ ആണ്‍, പെണ്‍ അസ്തിത്വങ്ങളെക്കുറിച്ച് പ്രധാനമായും രണ്ട് തലങ്ങളിലൂടെയാണ് വിശദമാക്കുന്നത്. ഒന്ന് അടിസ്ഥാനപരമായ രണ്ട് വര്‍ഗങ്ങളെക്കുറിച്ച പരാമര്‍ശങ്ങള്‍. അത് അദ്ദകര്‍, അല്‍ഉന്‍സാ എന്നീ പ്രയോഗങ്ങളാണ്. അടിസ്ഥാന ലിംഗ വര്‍ഗമായ ആണ്‍ പെണ്‍ എന്ന അര്‍ഥങ്ങള്‍ ഈ വാക്കിന് നല്‍കാം. ”ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമാണ് സൃഷ്ടിച്ചിരിക്കുന്നത്” (49:13). ഒരു ബീജം ഗര്‍ഭാശയത്തില്‍ സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചത് (എന്നുള്ള കാര്യങ്ങള്‍) (53:45,46)
ആണ്‍ പെണ്‍ എന്ന രണ്ട് അസ്തിത്വത്തില്‍ നിന്നാണ് ഖുര്‍ആന്‍ പുരുഷന്‍, സ്ത്രീയെന്ന രണ്ട് വിഭാഗങ്ങളെ പരിചയപ്പെടുത്തുന്നത്. പുരുഷന്‍, സ്ത്രീ എന്നീ സാമൂഹിക പരിഗണന രൂപപ്പെടുക ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ്. ഭര്‍ത്താവ്, പിതാവ്, സഹോദരന്‍, മകന്‍ തുടങ്ങിയ പുരുഷന്റെ വിവിധ സ്ഥാനങ്ങള്‍ ഒരു ആണിനെ പ്രതിനിധീകരിക്കുന്നുണ്ട്. മാതാവ്, ഭാര്യ, സഹോദരി, മകള്‍ എന്നീ പരിഗണന സ്ത്രീയില്‍ നിന്നും ഉണ്ടാവുന്നുണ്ട്.
എല്ലാ ആണ്‍ വര്‍ഗവും ഭര്‍ത്താവും പിതാവും മകനുമൊക്കെയായി വരണമെന്നില്ല. സ്ത്രീകള്‍ മാതാവും സഹോദരിയും ഭാര്യയുമായി ജീവിത മേഖലയില്‍ പ്രതിനിധീകരിക്കണമെന്നും നിര്‍ബന്ധമില്ല. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായി ആണിനും പെണ്ണിനും അവര്‍ ഏത് ദൗത്യങ്ങള്‍ നിര്‍വഹിക്കുന്നവരായാലും തികച്ചും നീതിപൂര്‍വകമായ സമീപനമാണ് ഖുര്‍ആന്‍ നല്‍കിയിട്ടുള്ളത്. ജനനം, ജോലി, സമ്പാദ്യം, ആരാധനാനുഷ്ഠാനങ്ങള്‍, പ്രതിഫലം തുടങ്ങിയ അവകാശ ബാധ്യതകള്‍ തുല്യമായിട്ടാണ് സൂചിപ്പിക്കുന്നത്. അതോടൊപ്പം സ്ത്രീയും പുരുഷനും നിര്‍വഹിക്കുന്ന സാമൂഹികവും വൈയക്തികവുമായ മറ്റു എല്ലാ പ്രവര്‍ത്തന-ദൗത്യ മേഖലകളിലും അവസരസമത്വം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
‘ആണാകട്ടെ, പെണ്ണാകട്ടെ ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല’ (4:124). ‘ആണാവട്ടെ, പെണ്ണാവട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രതിഫലം ഞാന്‍ നിഷ്ഫലമാക്കുകയില്ല’ (3:195). ‘ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍ക്കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക് നാം നല്‍കുന്നതാണ്’ (16:97)
ആണ്‍, പെണ്‍ എന്ന രണ്ട് അസ്തിത്വങ്ങള്‍ ഒരിക്കലും മാറ്റം വരുത്താനാവാത്ത സെക്‌സ് പരിഗണനയാണെങ്കില്‍, സ്ത്രീ, പുരുഷന്‍ എന്നത് ദൗത്യനിര്‍വഹണ മേഖലയായാണ് ഉള്‍ക്കൊള്ളുക. ഒരരര്‍ഥത്തില്‍ ജെന്‍ഡര്‍ എന്ന് പരിചയപ്പെടുത്താവുന്നതാണ്. മനുഷ്യ സമൂഹത്തോടുള്ള സ്രഷ്ടാവിന്റെ ആദ്യത്തെ അഭിസംബോധന ഒരേയവസരത്തില്‍ സ്ത്രീയോടും പുരുഷനോടുമാണ് (2:35). ‘നിങ്ങള്‍’ എന്ന സര്‍വനാമം ഉപയോഗിച്ച് ആദിമ മനുഷ്യരായ ആദം നബിയോടും പത്‌നി ഹവ്വാ(റ)യോടും ഒരുമിച്ച് പറഞ്ഞാലും ഒരിക്കലും തെറ്റായിത്തീരുകയില്ല. എന്നിട്ടും രണ്ടുപേരെയും തുല്യമായി പരിഗണിച്ച് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് മനുഷ്യ സമൂഹത്തോടുള്ള ഓരോ അധ്യാപനങ്ങളുടെയും അന്തസ്സത്ത ആത്യന്തികമായി സ്ത്രീ, പുരുഷന്‍ എന്ന തുല്യതയിലാണെന്ന് മനസ്സിലാക്കുവാന്‍ കഴിയും. സ്ത്രീകളെ പൊതുനിയമത്തില്‍ നിന്ന് ഒഴിവാക്കി പ്രത്യേകം പരാമര്‍ശിക്കാത്തിടത്തോളം പുല്ലിംഗ രൂപത്തില്‍ അറബി ഭാഷാ പ്രയോഗം വന്നാലും പൊതുവായ പരിഗണനയാണ് ഉണ്ടാവുക.(3)
സ്ത്രീ പുരുഷ നീതി
ഇതര സംസ്‌കാരങ്ങളില്‍
ലോകത്ത് സ്ത്രീയെ ആദരിക്കുകയും അവകാശങ്ങളില്‍ തുല്യപദവി നല്കി പുരുഷനോടൊപ്പം പരിഗണിക്കുകയും ചെയ്ത പൗരാണിക മതമാണ് ഇസ്‌ലാം. ആധുനിക കാലത്ത് പോലും സ്ത്രീക്ക് സ്വതന്ത്ര വ്യക്തിത്വവും അസ്തിത്വവും നല്‍കാന്‍ ചില പ്രത്യയശാസ്ത്രങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കും സാധ്യമായിട്ടില്ല.
ഗ്രീക്ക് മിത്തോളജിയില്‍ മനുഷ്യ ദു:ഖങ്ങളുടെയും ദുരന്തങ്ങളുടെയും പ്രഭവകേന്ദ്രമായിട്ടാണ് സ്ത്രീയെ പരിഗണിക്കുന്നത്. റോമന്‍, സംസ്‌കാരങ്ങളില്‍ സ്ത്രീ സ്വതന്ത്ര വ്യക്തിത്വമില്ലാത്തവളും. സമ്പത്തില്‍ ക്രയവിക്രയാവകാശം നിഷേധിക്കപ്പെട്ടവളുമാണ്. സ്ത്രീകളെ അറുകൊല നടത്താന്‍ പോലും പുരുഷന് അധികാരം നല്‍കിയിരുന്നു.(4)
അനന്തരാവകാശം, വിവാഹത്തിന് സമ്മതം നല്‍കുന്നതിലുള്ള അവകാശം സ്വത്തവകാശം തുടങ്ങിയവ ജൂത സംസ്‌കാരത്തില്‍ നിഷിദ്ധമായിരുന്നു. ദൈവ ധിക്കാരം ചെയ്തവളും മറ്റുള്ളവരെ അതിന് പ്രേരിപ്പിച്ചവളുമാണ് സ്ത്രീ എന്ന വീക്ഷണമാണ് യഹൂദര്‍ക്കുള്ളത്. (ഉല്പത്തി 3:12) (സംഖ്യ 30:12). പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നത് അശുദ്ധിയായി പരിഗണിക്കുന്നു (ലേവ്യ 12:15). വിവാഹമോചനത്തിന് പുരുഷന് അവകാശം നല്‍കുമ്പോള്‍ സ്ത്രീക്ക് നിഷേധിക്കുന്നുണ്ട് (ആവര്‍ത്തനം 24:1-4). സ്ത്രീയെ സ്പര്‍ശിക്കാതിരിക്കുന്നതാണ് പുരുഷന് ഉത്തമകരമായതെന്നു കൂടി ബൈബിള്‍ വചനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (1 കൊര്യന്ത്യന്‍ 7:1)
വിവാഹമോചനം അനിവാര്യമായിത്തീരുന്ന ഘട്ടങ്ങള്‍ ഉണ്ടാവാം. എന്നാല്‍ ദാമ്പത്യം അനിഷ്ടകരമായി വന്നാല്‍ പുതിയ ഇണയെ കണ്ടെത്തി വിവാഹമോചനം നിര്‍വഹിക്കുന്ന ഉന്നതമായ(?) സോഷ്യലിസ്റ്റ് രീതിയാണ് ആവശ്യമെന്ന് ആധുനിക കമ്യൂണിസ്റ്റ് വീക്ഷണമായി രേഖപ്പെടുത്തിയിട്ടുണ്ട്(5). (ഇ എം എസ് ചോദ്യങ്ങള്‍ക്ക് മറുപടി, ചിന്ത വാരിക – 1983 നവംബര്‍ 25)
സ്ത്രീയെ ഒരു ഉല്പന്നമായി കാണാനാണ് മുതലാളിത്ത ദര്‍ശനങ്ങള്‍ പറയുന്നത്. പുരുഷാധിപത്യത്തിന്റെ കൈകളില്‍ കറങ്ങുന്ന കേവലമൊരു പാവ മാത്രമാണ് സ്ത്രീ. പതിനൊന്നാം നൂറ്റാണ്ട് വരെ യൂറോപ്പില്‍ ഭാര്യയെ വില്‍ക്കാന്‍ ഭര്‍ത്താവിന് അവകാശം നല്‍കിയിരുന്നു. വാടകക്ക് നല്‍കുന്നതിനും തടസ്സമുണ്ടായിരുന്നില്ല. 1938ല്‍ മാത്രമാണ് ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് സാമ്പത്തിക ക്രയവിക്രയാവകാശം നല്‍കിയത്. ആധുനിക കാലഘട്ടത്തിലാണ് സ്ത്രീകള്‍ക്ക് പല പാശ്ചാത്യന്‍ രാജ്യങ്ങളിലും വോട്ടവകാശം നല്‍കിയത്.(6)
വ്യഭിചാരം ഒരു ‘ബിസിനസ്’ ആയി പരിചയപ്പെടുത്തുന്ന പാശ്ചാത്യ സംസ്‌കാരം, സ്ത്രീക്ക് ആദരണീയതയാണോ നല്‍കുന്നത്? സെക്‌സ് റെവലൂഷന്‍ ലൈംഗിക വിപ്ലവമെന്ന പേരില്‍ ലോകത്ത് നടമാടിയിട്ടുള്ള മുന്നേറ്റ(?)ങ്ങള്‍ വഴി മാനവരാശി അനുഭവിച്ചിട്ടുള്ള ദുരന്തങ്ങള്‍ നിഷേധിക്കാനാവില്ല. ഡേവിഡ് ബ്ലാങ്കണ്‍ ഹോളിന്റെ ‘ഫാദര്‍ലസ് അമേരിക്ക’ എന്ന പുസ്തകം മാത്രം മതി ഇതിന് തെളിവായി മനസ്സിലാക്കുവാന്‍. തലതിരിഞ്ഞ സ്വാതന്ത്ര വാദവും (ലിബറലിസം) ലൈംഗിക അവകാശ പ്രഖ്യാപനങ്ങളും സ്ത്രീ പുരുഷ സമത്വ സിദ്ധാന്തങ്ങളും വരുത്തിവെച്ച വിനകളാണ് വര്‍ത്തമാന പാശ്ചാത്യ ലോകം ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രസ്തുത കൃതി സുവ്യക്തമായി വിലയിരുത്തിയിട്ടുണ്ട്.
കമ്യൂണിസ്റ്റ് ആചാരന്യനും സോവിയറ്റ് സാമൂഹ്യ ശാസ്ത്രജ്ഞനുമായ ആന്റണ്‍ നെമിലോര്‍ തന്റെ ദ ബയോളജിക്കല്‍ ട്രാജഡി ഓഫ് വുമന്‍ എന്ന ഗ്രന്ഥത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചത് ‘ജീവശാസ്ത്രമനുസരിച്ച് സ്ത്രീയും പുരുഷനും സമമല്ലെന്നും അവര്‍ക്ക് എല്ലാ അര്‍ഥത്തിലും തുല്യമായ ഭാരം വഹിക്കാനും ദൗത്യം നിര്‍വഹിക്കുവാനും സാധ്യമല്ലെന്നും ഈ യാഥാര്‍ഥ്യവുമായി ഏറ്റുമുട്ടുന്നതാണ് പാശ്ചാത്യന്‍ വിപ്ലവ സിദ്ധാന്തങ്ങള്‍ എന്ന വസ്തുതയുമാണ് (7)
ലിംഗനീതിയും ലിംഗസമത്വവും
നീതിയെന്നത് അര്‍ഹമായത് പൂര്‍ണാര്‍ഥത്തില്‍ ലഭ്യമാവുകയെന്നതാണ്. സമത്വമെന്നാല്‍ രണ്ട് വസ്തുക്കളെയോ അവസ്ഥയെയോ ഒരേപോലെ പരിഗണിക്കുകയും വ്യവസ്ഥപ്പെടുത്തുകയും ചെയ്യുക എന്നതാണ്. വൈവിധ്യവും വൈരുധ്യവും ഉള്ളതും എന്നാല്‍ സമാന ദൗത്യം നിര്‍വഹിക്കുവാന്‍ കഴിയുന്നതുമായ രംഗമാണ് ആണ്‍ പെണ്‍ എന്ന അസ്തിത്വങ്ങള്‍. സമത്വ), അവസരസമത്വം എന്നീ തലങ്ങള്‍ പരിശോധിക്കുമ്പോള്‍, ലിംഗനീതി എന്നത് ലിംഗസമത്വമായി കാണാന്‍ കഴിയില്ല. ജൈവികവും പ്രകടവുമായ രണ്ട് വ്യത്യസ്ത അസ്തിത്വങ്ങളെ അഥവാ സെക്‌സിനെ ഒരിക്കലും സമത്വപ്പെടുത്താന്‍ കഴിയില്ല.
ആണിന്റെയും പെണ്ണിന്റെയും ശാരീരിക മാനസിക ദൗത്യതലങ്ങള്‍ വ്യത്യസ്തവും വൈവിധ്യവുമാണ്. അവയുടെ ദൗത്യങ്ങളും തഥൈവ. ഇത് മനുഷ്യ സമൂഹത്തില്‍ മാത്രമല്ല, എല്ലാ ജൈവവര്‍ഗങ്ങളിലും ഇപ്രകാരം തന്നെയാണ്. പിടക്കോഴിയെയും പൂവന്‍കോഴിയെയും കാളയെയും പശുവിനെയും എങ്ങിനെയാണ് ഒരേ ധര്‍മ-കര്‍മ നിര്‍വഹിക്കുന്നവരാക്കുക? പുരുഷന്‍ ചെയ്യുന്നതെല്ലാം സ്ത്രീയും തിരിച്ചും എല്ലാ അര്‍ഥത്തിലും ചെയ്ത് തീര്‍ക്കാനുള്ള അവസരവും അംഗീകാരവും നല്‍കുകയെന്നാല്‍ അത് പ്രകൃതിയുടെ തന്നെ നാശത്തെയാണ് തേടുക.
എന്നാല്‍ മൗലികാവകാശങ്ങളിലും ജീവിത വ്യവഹാരങ്ങളിലും സാമൂഹിക പ്രതിനിധാനങ്ങളിലും വിവേചനമില്ലാതെ തുല്യപരിഗണനയും പ്രവര്‍ത്തന സ്വാതന്ത്ര്യവും നല്‍കി ലിംഗനീതി പ്രായോഗികമായി ഉറപ്പുവരുത്തുകയാണ് കരണീയമായിട്ടുള്ളത്. അതിനെയാണ് ലിംഗ അവസരസമത്വം എന്ന് പറയുക. സ്ത്രീ പുരുഷ സമത്വവാദങ്ങളില്‍ അവസരസമത്വം പ്രായോഗികമായി ഉറപ്പുവരുത്തിയ ചരിത്രമാണ് ഇസ്‌ലാമിന് പറയാനുള്ളത്.
മനുഷ്യരില്‍ ആണ്‍ പെണ്‍ തമ്മില്‍ ശാരീരിക മാനസിക ദൗത്യ നിര്‍വഹണങ്ങളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടെന്ന് വൈദ്യശാസ്ത്രവും സാമൂഹ്യശാസ്ത്രവും കൃത്യമായി നിരീക്ഷിച്ചിട്ടുണ്ട്(8). അതുകൊണ്ടുതന്നെ ഒരേ വാര്‍പ്പുമാതൃകയില്‍ ഇവരെ തുല്യപ്പെടുത്താനാവില്ല. അത് നീതിയുമല്ല. മാതൃത്വവും പിതൃത്വവും എങ്ങിനെയാണ് സമത്വപ്പെടുത്തുക? ജൈവ വ്യത്യാസങ്ങളെ നിഷേധിച്ച് കൊണ്ടുള്ള സ്ത്രീ പുരുഷ സമത്വവാദം ലിംഗനീതിയല്ല. കൃത്യമായതും അപ്രായോഗികമായതുമായ സമത്വവാദം മാത്രമാണ്. നവ ഉദാരസ്വതന്ത്രവാദങ്ങളിലും (നിയോ ലിബറലിസം) മാനവികതാ വാദിക(?)ളായി രംഗത്ത് വരുന്നവരിലും (ഹ്യൂമാനിസ്റ്റ് മൂവ്‌മെന്റ്) സ്വതന്ത്ര ലൈംഗികതയെ സിദ്ധാന്തവത്ക്കരിക്കുന്ന ഫെമിനിസ്റ്റ് വക്താക്കളിലും മതനിരാസ പ്രസ്ഥാനങ്ങളിലും കാണുന്ന ബാലിശമായ ഒരു ചിന്താധാര മാത്രമാണത്. ധാര്‍മിക സദാചാര മൂല്യജീവിതത്തിന് അറുതിവരുത്തി കുത്തഴിഞ്ഞ ജീവിതത്തിന് സാമൂഹ്യ പരിസരമൊരുക്കുകയെന്ന അജണ്ട മാത്രമാണ് ഇത്തരം ജെന്‍ഡര്‍ വിവാദങ്ങളില്‍ ഉള്ളത്. സ്ത്രീ – പുരുഷ വൈവിധ്യം അംഗീകരിക്കുമ്പോള്‍ മാത്രമേ സുരക്ഷിത പൂര്‍ണമായ പ്രായോഗിക നീതി പുലര്‍ന്ന് കാണുകയുള്ളൂ. രാവും പകലും ഒരു ദിവസത്തിന്റെ രണ്ട് അസ്തിത്വമാണ്. അവയുടെ ധര്‍മവും വ്യത്യസ്തമാണ്. അവയെ ഏതെങ്കിലും ഒരു പ്രതിഭാസത്തിലേക്ക് ചുരുക്കുമ്പോള്‍ പ്രകൃതിയെന്ന യാഥാര്‍ഥ്യം തന്നെ നാശോന്മുഖമായിത്തീരും.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘രാവിനെ തന്നെയാണ് സത്യം, അത് മൂടിക്കൊണ്ടിരിക്കുമ്പോള്‍. പകലിനെ തന്നെയാണ് സത്യം, അത് പ്രത്യക്ഷപ്പെടുമ്പോള്‍. ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതി തന്നെയാണ് സത്യം. തീര്‍ച്ചയായും നിങ്ങളുടെ (ആണ്‍-പെണ്‍) പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാണ്’ (92:1-4)
സ്ത്രീക്ക് മഹോന്നത പദവിയും പരിഗണനയുമാണ് ഇസ്്‌ലാം നല്‍കിയിട്ടുള്ളത്. പ്രകൃതിയുടെ വരദാനമായ മാതൃത്വം. ദൈവനന്ദിയുടെയും നിന്ദയുടെയും അടയാളം മാതാവിനോടുള്ള സമീപനങ്ങളിലെ ശരിതെറ്റുകളിലേക്ക് ചേര്‍ക്കുകയാണ് ഖുര്‍ആന്‍. ‘മനുഷ്യന്റെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ബാധ്യത മാതാവിനോടായിരിക്കണമെന്ന്’ പ്രവാചകന്‍ അരുള്‍ ചെയ്യുക വഴി അംഗീകാരത്തിന്റെ മഹാ ചക്രവാളം സ്ത്രീക്ക് വിതാനിച്ച് നല്‍കിയിരിക്കുന്നു.
സ്ത്രീകളോടുള്ള ആദരവിലും അംഗീകാരത്തിലും തികഞ്ഞ കാടത്തം പ്രകടമാക്കിയിരുന്ന അറേബ്യന്‍ ജനതയെ, സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടി അപമാനത്തില്‍ നിന്ന് രക്ഷനേടിയിരുന്ന സമൂഹത്തെയാണ് പ്രവാചകന്‍ ഇപ്രകാരം പരിവര്‍ത്തിപ്പിച്ചതെന്ന യാഥാര്‍ഥ്യം ചരിത്രം വിസ്മരിക്കുന്നില്ല.
ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞന്‍ ഗോസ്റ്റപ്പ് ലേബന്‍ പറയുന്നു: ‘പാശ്ചാത്യദേശത്ത് സ്ത്രീയുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ ഇസ്‌ലാം മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രചാരണങ്ങള്‍ക്ക് വിരുദ്ധമായി ഇസ്‌ലാം സ്ത്രീകളുടെ സാമൂഹിക പദവി ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്'(9)
സ്ത്രീയെപ്പോലെ പുരുഷന് ഇസ്്‌ലാം നല്‍കുന്ന സ്ഥാനങ്ങളില്‍ മിക്കതും സ്ഥാനാലങ്കാരങ്ങളും ബഹുമാനങ്ങളുമല്ല. മറിച്ച് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. സൂക്ഷ്മ തലംപോലും പുരുഷാധിപത്യത്തിന്റെ ഇണജീവിതത്തില്‍ പ്രകടമാവരുത് എന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട് (10). സ്ത്രീയെ അപേക്ഷിച്ച് പുരുഷന്‍ നിര്‍വഹിക്കേണ്ട അനിവാര്യബാധ്യതകള്‍ വിലയിരുത്തുമ്പോള്‍ പുരുഷന് എത്രത്തോളം ത്യാഗവും കഷ്ടപ്പാടും നിര്‍വഹിക്കേണ്ടതുണ്ട് എന്ന് ആര്‍ക്കും മനസ്സിലാവുന്നതുമാണ്. എന്നിട്ടും ഒരു മതമെന്ന നിലക്ക് ഇസ്‌ലാമിനെയും വേദഗ്രന്ഥമായ ഖുര്‍ആനിനെയും പുരുഷാധിപത്യത്തിന്റെ (patriarchy) ചുരുക്കപ്പേരായി പ്രചരിപ്പിക്കുന്നത് അജ്ഞത കൊണ്ട് മാത്രമാണ്.
വസ്ത്രവും ലിംഗസമത്വവും
സൃഷ്ടികളില്‍ ശ്രേഷ്ഠവാനായ മനുഷ്യന്റെ മാത്രം പ്രത്യേകതയാണ് നഗ്നതാബോധവും വസ്ത്രത്തിന്റെ ഉപയോഗവും. ആദിമ മനുഷ്യന്‍ ഭൗതിക ജീവിതം ആരംഭിക്കുന്ന സന്ദര്‍ഭത്തില്‍ നഗ്നത വെളിപ്പെട്ടുവെന്ന അവസ്ഥയുണ്ടാവുകയും അത്തരമൊരു വൈകാരിക ബോധത്തെ പരിഹരിക്കുവാനായി വസ്ത്രം ഇറക്കിക്കൊടുക്കുകയും ചെയ്തുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്(11). നാഗരിക സമൂഹങ്ങളിലെല്ലാം മാന്യമായ വസ്ത്രധാരണം മനുഷ്യനില്‍ കാണാന്‍ കഴിയും. വസ്ത്രം ഉപേക്ഷിക്കുന്നത് പ്രാകൃതമായ ജീവിതത്തിന്റെ കൂടി അടയാളമായിട്ടാണ് മനുഷ്യര്‍ പൊതുവില്‍ വിലയിരുത്തുന്നത്.
പ്രധാനമായും മൂന്ന് ആശയങ്ങള്‍ മനുഷ്യന്‍ വസ്ത്രം സ്വീകരിക്കുന്നിടത്ത് കാണാന്‍ കഴിയും. ഒന്ന്, സ്വന്തം ഇച്ഛപ്രകാരം ഏത് വസ്ത്രവും ഏത് രൂപത്തിലും അണിയാനും പ്രദര്‍ശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. ലിബറലിസവും ഹ്യൂമനിസവും കാപ്പിറ്റലിസവും ഈ ആശയത്തെയാണ് താല്പര്യപ്പെടുന്നത്. ഒരാളുടെ നഗ്നതയും സൗന്ദര്യവും സ്വയം തീരുമാനിക്കാമെന്നും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും ഇത്തരം പ്രത്യയശാസ്ത്രങ്ങള്‍ അടിസ്ഥാനപരമായി സിദ്ധാന്തിക്കുന്നു. രണ്ടാമത്തെ വാദം, യാഥാസ്ഥിതിക സമീപനക്കാരുടേതാണ്. സ്ത്രീകളുടെ വസ്ത്രത്തിലാണ് പ്രധാനമായും ഇത്തരം വാദഗതികള്‍ ഉള്ളത്. സ്ത്രീ, ശരീരത്തെ കാറ്റുപോലും സ്പര്‍ശിക്കാത്ത വിധം ‘അടച്ചുപൂട്ടിയ’ ഉടയാടകളായിരിക്കണം സ്വീകരിക്കേണ്ടത് എന്നതാണ് ഈ ചിന്താഗതി. മൂന്നാമത്തേത്, ആണായാലും പെണ്ണായാലും അവരുടെ ജൈവപരമായ പ്രത്യേകതകളും ശാരീരിക വ്യക്തിത്വവും പരിഗണിച്ച് സുരക്ഷിതപൂര്‍ണമായ മാന്യമായ വസ്ത്രം സ്വീകരിക്കുക എന്ന ചിന്ത. ധാര്‍മിക ചിട്ടയും മാന്യതയും സ്വീകരിച്ച് വ്യക്തിത്വം കാത്തുസൂക്ഷിക്കാവുന്ന വസ്ത്രധാരണത്തെ പരിചയപ്പെടുത്തുന്ന ‘ഐഡിയല്‍’ ചിന്താധാരയാണ് ദൈവിക മതങ്ങളും മനുഷ്യത്വപരമായ സംസ്‌കാരങ്ങളും പിന്തുടര്‍ന്നിട്ടുള്ളത്. ഇസ്്‌ലാം ഈ ആശയത്തെയാണ് മൗലികമായി പിന്തുടരുന്നത്.
വസ്ത്രത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് നഗ്നത മറക്കുക എന്നതാണ്. ഒരാളുടെ നഗ്നത ആരാണ് തീരുമാനിക്കേണ്ടത് എന്നത് മൗലികമായ ഒരു വിഷയമാണ്. സ്വയം നിര്‍ണയാവകാശം നല്‍കുക വഴി മനുഷ്യന്‍ എന്ന സവിശേഷ അസ്തിത്വം പോലും തകര്‍ക്കുന്ന സൗന്ദര്യപ്രദര്‍ശനങ്ങള്‍ ഉണ്ടായിത്തീരും.
സ്ത്രീ ശരീരം കേവലം ഒരു തൊലിയാവരണം ചെയ്ത രൂപം മാത്രമല്ല. ഒട്ടുമിക്ക ജീവവര്‍ഗങ്ങളിലും പെണ്ണുടല്‍ പുരുഷനെ ആകര്‍ഷിപ്പിക്കുന്നതിനുള്ള ഉപാധി കൂടിയാണ്. അതുവഴി ജൈവബാധ്യതയായ പ്രത്യുല്പാദനവും പ്രജനനവും നിര്‍വഹിക്കുകയെന്ന ദൗത്യവും ശരീരസൗന്ദര്യത്തിന് ഉണ്ട്. ഇക്കാര്യം ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതുമാണ്. സാമൂഹിക വിശാരദരായ അലന്‍ പീസും പത്‌നി ബാര്‍ബറ പീസും രചിച്ച വൈ മെന്‍ വാണ്ട് സെക്‌സ് ആന്റ് വിമന്‍ നീഡ് ലവ് എന്ന ഗ്രന്ഥം ആണ്‍പെണ്‍ ജൈവ വ്യത്യാസങ്ങളെയും ശാരീരിക ദൗത്യത്തെയും കൃത്യമായി പഠനവിധേയമാക്കിയിട്ടുണ്ട്. ലൈംഗിക ശാസ്ത്രവും ദാമ്പത്യ വിജയവും മനുഷ്യ ലൈംഗികതയില്‍ സ്ത്രീ സൗന്ദര്യത്തിനും നഗ്നതയുടെ ദൃശ്യവത്ക്കരണത്തിനുമുള്ള പങ്കും ഗ്രന്ഥം വിലയിരുത്തിയിട്ടുണ്ട്.
‘സെക്‌സ് ഓണ്‍ ദ ബ്രെയ്ന്‍’ എന്ന അധ്യായത്തില്‍ പുരുഷ നേത്രങ്ങളുടെ ലൈംഗിക ആസ്വാദന ത്വരയും മസ്തിഷ്‌ക ജീവശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ശാസ്ത്രീയമായി വിശകലന വിധേയമാക്കിയിട്ടുണ്ട്. മനുഷ്യ മസ്തിഷ്‌കത്തിന്റെ ചോദനകളും വികാരങ്ങളും ഇലക്ട്രോണിക് ദൃശ്യവത്ക്കരണത്തിലൂടെ പഠിച്ചെടുക്കാനും പ്രത്യേകിച്ച് പുരുഷ മസ്തിഷ്‌ക്കം സ്ത്രീ നഗ്നതയുടെ ദൃശ്യവത്ക്കരണം വഴി ലൈംഗിക പ്രചോദിതനായി മാറുന്നതും കൃത്യമായി നിരീക്ഷിക്കുക കൂടി ചെയ്യുന്നതിനും വൈദ്യശാസ്ത്രത്തില്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. പുരുഷ ഭോഗേച്ഛയുടെ വസ്തുനിഷ്ഠമായ അപഗ്രഥനത്തിന് സഹായിക്കുന്ന എങഞക (Functional magnetic Resonance Imaging), MEG (Megne to Encephalographic scanning) സാങ്കേതിവിദ്യകള്‍ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സ്ത്രീ സൗന്ദര്യത്തെ എപ്രകാരം മാര്‍ക്കറ്റ് ചെയ്യാമെന്ന മുതലാളിത്ത അജണ്ടയുടെ നിര്‍വഹണത്തിന് ആസൂത്രിതമായ സംവിധാനങ്ങള്‍ തദ്ഫലമായി രൂപപ്പെട്ടിട്ടുമുണ്ട്. ഉപഭോക്തൃ മനസ്സിനെ ജൈവപരമായും ശാസ്ത്രീയമായും കീഴടക്കി വിപണി പിടിക്കാന്‍ സഹായിക്കുന്ന വൈജ്ഞാനിക ശാഖയാണ് ന്യൂറോമാര്‍ക്കറ്റിംഗ് (Neuro Marketing)(12)
ഉദാര ലൈംഗികവാദവും ഫ്രീ സെക്‌സ് മാര്‍ക്കറ്റിംഗും സെക്‌സ് ടൂറിസവും പ്രമോട്ട് ചെയ്യുന്നതിന് പാശ്ചാത്യ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ ആസൂത്രിതമായി ശ്രമിക്കുന്നുണ്ട്. അവരുടെ പ്രത്യയശാസ്ത്ര അജണ്ടകള്‍ വിത്താക്കി വികസിപ്പിച്ചെടുക്കുന്നത്, പെണ്ണിന്റെ വസ്ത്രമുരിഞ്ഞും നഗ്നതയെക്കുറിച്ച് സ്വയം നിര്‍ണയാവകാശത്തിനായി വിപ്ലവം ചെയ്തുമാണ്. പെണ്ണുടല്‍ വിപണി മുതലാളിത്തത്തിന്റെ വലിയചരക്കായി മാറുന്നത് അങ്ങിനെയാണ്.
സൃഷ്ടിയെന്ന നിലയില്‍ മനുഷ്യന്റെ നഗ്നത തീരുമാനിക്കേണ്ടത് സ്രഷ്ടാവ് തന്നെയാണ്. പ്രസ്തുത അടിസ്ഥാനപാഠം മതരഹിതര്‍ പോലും ഏറെക്കുറെ അംഗീകരിക്കുന്നുണ്ട്. ആണ്‍, പെണ്‍ നഗ്നതയെക്കുറിച്ച് പൊതുവില്‍ ലോകത്ത് ഒരു പൊതുനിലപാട് കാണാന്‍ കഴിയും. ചുരുങ്ങിയത് ലൈംഗിക അവയവങ്ങളുടെ മറക്കലെങ്കിലും സാധ്യമാവുന്ന മിനിമം വസ്ത്രധാരണം പാശ്ചാത്യ ലോകത്തുപോലും കാണുന്നത് അതുകൊണ്ടാണ്. ഇതുപോലും നിഷേധിക്കുന്ന സെസ്മണ്‍ മോറിസ്‌ന്റെ ചിന്തയും നമുക്ക് കാണാം. മനുഷ്യന്റെ ലൈംഗിക പ്രകൃതം മൃഗതുല്യമാണെന്ന വാദമാണ് പ്രമുഖ നാസ്തികനായ അദ്ദേഹത്തിനുള്ളത്. കേരള പരിസരത്തില്‍ നിന്നുപോലും മനുഷ്യന്റെ ലൈംഗിക ജീവിതത്തിന് അതിര്‍ത്തി വരക്കേണ്ടതില്ലെന്നും മൃഗങ്ങള്‍ക്ക് ലൈംഗിക കാമജീവിതത്തില്‍ അതിര്‍വരമ്പുകളുണ്ടോയെന്ന് തെളിവ് കാണുകയും ചെയ്യുന്ന ‘മതംവിട്ട’ അഭിപ്രായങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
സ്ത്രീ വസ്ത്രങ്ങള്‍ പരിഷ്‌ക്കരിച്ച്(?) പാശ്ചാത്യ മുതലാളിത്ത സമൂഹത്തിന്റെ ലൈംഗിക സാമൂഹ്യഘടന ബോധപൂര്‍വമായി ഇന്ത്യന്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന് വിദേശഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒകള്‍പോലും കാണാവുന്നതാണ്. ആണും പെണ്ണും ഏത് വസ്ത്രം സ്വീകരിക്കണമെന്ന വിവാദങ്ങള്‍ക്കപ്പുറത്ത് മുതലാളിത്ത സാമ്രാജ്യത്വ സംസ്‌കാരങ്ങളെ ബോധപൂര്‍വം വസ്ത്രങ്ങളിലൂടെ ഒളിച്ചുകടത്താനുള്ള ആസൂത്രിത നീക്കത്തിന്റെ ഒരധ്യായം മാത്രമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങളും യൂണിഡ്രസ് പരിഷ്‌കാരങ്ങളും. പെണ്‍കുട്ടി പാന്റ് ധരിക്കുമ്പോഴേക്ക് ഹാലിളകുന്നവര്‍ പക്ഷേ ഈ അജണ്ടകളില്‍ എത്രത്തോളം ബോധവാന്മാരാണ് എന്നറിയില്ല.
ആണിനും പെണ്ണിനും ഇന്നയിന്ന തരം വസ്ത്രങ്ങള്‍ മാത്രമേ ആകാവൂവെന്ന ഡ്രസ് സ്റ്റൈല്‍ ഇസ്‌ലാം കല്പിക്കുന്നില്ല. എന്നാല്‍ ഒരു വ്യക്തി ധരിക്കുന്ന വസ്ത്രത്തില്‍ ഇന്ന മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. കാലദേശ വ്യത്യാസങ്ങള്‍ അനുസരിച്ച് ആണ്‍പെണ്‍ വേഷങ്ങളില്‍ വൈവിധ്യങ്ങള്‍ കാണാന്‍ കഴിയും. ചിലപ്പോള്‍ ഒരേ വേഷം തന്നെ വ്യത്യസ്ത നാടുകളില്‍ ലിംഗവ്യത്യാസത്തോടെ ഉപയോഗിക്കുന്നതും കാണാവുന്നതാണ്.
ഒരു പ്രദേശത്ത് പൊതുവില്‍ സ്വീകാര്യതയുള്ളതും ചിരപരിചിതമായി ദീര്‍ഘമായ കാലയളവില്‍ ഒരു സംസ്‌കാരമായി തന്നെ മതവ്യത്യാസങ്ങളില്ലാതെ ഉപയോഗിച്ച് വരുന്ന വസ്ത്രങ്ങള്‍ ഉണ്ട്. (കേരളത്തില്‍ ഷര്‍ട്ട് തുണി/പാന്റ്, സാരി, ബ്ലൗസ്, ചുരിദാര്‍) അവയില്‍ ആണ്‍, പെണ്‍ വസ്ത്രങ്ങളായി പരിഗണിക്കുന്നവ പൊതുവായി സ്വീകരിക്കുകയാണ് ശരിയായ സംസ്‌കാരം. ‘ആണ്‍വേഷം ധരിക്കുന്ന പെണ്ണിനെയും പെണ്‍വേഷം ധരിക്കുന്ന ആണിനെയും ഇസ്‌ലാം ഗൗരവത്തോടെ താക്കീത് ചെയ്തിട്ടുണ്ട്. വേഷങ്ങളില്‍ കാല-ദേശ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അതത് പ്രദേശങ്ങളിലെ പൊതു സ്വീകാര്യമായ വസ്ത്രധാരണ രീതിയോട് താദാത്മ്യപെട്ടാണ് ഈ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടത്’ എന്നതാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്.
വേഷവൈവിധ്യങ്ങള്‍ ഏകശിലാബന്ധിതമാക്കുകയല്ല, മറിച്ച് വസ്ത്രധാരണത്തിലെ നിബന്ധനകളും മൗലിക ചട്ടങ്ങളും ലക്ഷ്യങ്ങളും കൃത്യമായി അനുധാവനം ചെയ്യുകയാണ് മതനിഷ്ഠയുടെ ഭാഗമായി നാം നിര്‍വഹിക്കേണ്ടത്.
ലിംഗസമത്വത്വത്തിന്റെ പേരില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങല്‍ യൂനിഫോം ആയി നടപ്പിലാക്കുന്നത് പക്ഷേ, കേവലം കണ്‍ഫെര്‍ട്ടബിലിറ്റിയുടെ നിലപാട് തറയില്‍ നിന്നുകൊണ്ടല്ല എന്ന് സാമാന്യബോധം കൊണ്ടുതന്നെ തിരിച്ചറിയാനാവും. സാംസ്‌കാരിക സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഒളിച്ചുകടത്താനുള്ള ശ്രമങ്ങള്‍ ഗൗരവപൂര്‍വം പഠനവിധേയമാക്കേണ്ടതുണ്ട്. (തുടരും)
കുറിപ്പുകള്‍
1) www.saaid.net/female/0165htm
2) Annoakley(1944), British sociologist and feminist
www.annoakley.co.uk
3) ഇഅ്‌ലാമുല്‍ മുവഖിഈന്‍/ ഇബ്‌നുഖയ്യിം, വാ.1, പേ 92, അഹ്കാമുല്‍ ഖുര്‍ആന്‍/ഇബ്‌നുല്‍അറബി, വാ. 3, പേ 137
4) The Story of civilization will durant
5) EMS ചോദ്യങ്ങള്‍ക്ക് മറുപടി, ചിന്ത വാരിക 1983 നവംബര്‍ 25)
6) സ്ത്രീ, ഇസ്‌ലാമിക സമൂഹത്തില്‍, അബ്ദുസ്സലാം വാണിയമ്പലം, ഐ പി എച്ച് കോഴിക്കോട് 2000, പേജ് 24,25
7) ibid, page 33
8) www.eurekalert.org
9) ibid, page 35
10) 2:187
11) 7:26
12) സാമ്പത്തിക പ്രതിസന്ധി, പ്രശ്‌നം, അപഗ്രഥനം, പരിഹാരം, എം എം അക്ബര്‍, ദഅ്‌വ ബുക്‌സ്, കൊച്ചി, 2009, പേജ് 124