ലിംഗ വിവേചനം മതവിരുദ്ധമാണ്
ഡോ. ജാബിര്‍ അമാനി

ഇസ്‌ലാം മനുഷ്യരുടെ സര്‍വതോന്മുഖമായ വിമോചനത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ജാതി, വര്‍ഗ, വര്‍ണ, ദേശ, ഭാഷാ, ലിംഗ വേര്‍തിരിവുകള്‍ പരസ്പരം തിരിച്ചറിയുന്നതിനുവേണ്ടി മാത്രമാണ്. ആണ്‍- പെണ്‍ വേര്‍തിരിവിലൂടെ വ്യത്യസ്ത ദൗത്യങ്ങളുടെ നിര്‍വഹണമാണ് ലക്ഷ്യംവെക്കുന്നത്. അതുകൊണ്ടുതന്നെ മതം അനുശാസിക്കുന്ന ഒരു കാര്യത്തിലും ലിംഗവിവേചനം കാണാന്‍ സാധിക്കുകയില്ല. ജൈവ സത്തയില്‍(അനാട്ടമിക്കല്‍)തന്നെ വ്യത്യസ്തരായ സ്ത്രീ-പുരുഷന്മാര്‍ വ്യക്തിപരവും സാമൂഹികവുമായി നിര്‍വഹിക്കുന്ന കര്‍മ മണ്ഡലം വൈവിധ്യമുള്ളതാണ്. കാരണം, മനുഷ്യ സമൂഹത്തില്‍ മാത്രമല്ല, ജൈവലോകത്തും പ്രകൃത്യാതന്നെ വ്യവസ്ഥപ്പെടുത്തിയ ആണ്‍-പെണ്‍ ദ്വന്ദത്തിന്റെ ഘടനയും നിര്‍വഹണവും സമത്വപ്പെടുത്താന്‍ സാധിക്കുകയില്ല.
എന്നാല്‍ അതിസൂക്ഷ്മ തലത്തില്‍ പോലും ആണ്‍-പെണ്‍ ജന്മം വഴി അനീതിയനുഭവിക്കാന്‍ പാടുള്ളതല്ല എന്ന നിര്‍ബന്ധം ദൈവിക മതമായ ഇസ്‌ലാമിന് ഉണ്ട്. ഗര്‍ഭാശയത്തില്‍ മനുഷ്യന്റെ ലിംഗ നിര്‍ണയത്തില്‍ അവന് ഒരു ഘട്ടത്തിലും പങ്കില്ല. (വി.ഖു 3:6, 13:8). അതിനാല്‍ ലിംഗസ്വത്വം വ്യത്യസ്തമായതിന്റെ പേരില്‍ കര്‍മ-ധര്‍മരംഗത്ത് ഒരു അനീതിയും ഉണ്ടാവാന്‍ പാടില്ല. രാവും പകലും ഭിന്നമായിരുന്നിട്ടും ഒരു ദിവസത്തെ രൂപപ്പെടുത്തുന്നതില്‍ ആ രണ്ട് വ്യവസ്ഥയും എത്രത്തോളം അനിവാര്യമാണ് എന്നതുപോലെ അവയുടെ ദൗത്യങ്ങളും വൈവിധ്യമാണ്. അത് സമത്വപ്പെടുത്താനാവില്ല. അതുപോലെതന്നെ മനുഷ്യര്‍ ആണും പെണ്ണുമായി പൂര്‍ണനീതിയില്‍ വര്‍ത്തിക്കേണ്ടതാണ്. അവയെ സമത്വപ്പെടുത്തുന്നത് യുക്തിസഹമായോ, ശാസ്ത്രീയമായോ പ്രായോഗികമാവില്ല. മറിച്ച് ലിംഗനീതി മാത്രമാണ് പ്രകൃതിപരവും പ്രായോഗികവും ജൈവഘടനയോട് യോജിക്കുന്നതും. (വി.ഖു 92:1-4)
ലിംഗസമത്വമെന്ന മേഖലയില്‍ സമ്പൂര്‍ണ സമത്വമല്ല അവസര സമത്വമാണ് ഇസ്‌ലാം പരിഗണിക്കുന്നത്. ലോകത്ത് സ്ത്രീപുരുഷ സമത്വം നടപ്പിലാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയത്തിലാണ് ചെന്നെത്തിയിട്ടുള്ളത് എന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നോബല്‍ സമ്മാനജേതാവും ഫ്രഞ്ച് ദാര്‍ശനികനുമായ അലക്‌സിസ് കാറെല്‍ (1873-1944) ഈ നിരര്‍ഥകതയെ വസ്തുതാപരമായി വിശകലനം ചെയ്തിട്ടുണ്ട് (Alexis carrel, Man; The unknown, Page 79,80)
എവിടെയും സമത്വം പൂര്‍ത്തീകരിക്കപ്പെടുന്നത് നീതി പുലര്‍ന്നു കാണുമ്പോഴാണ്. അതല്ലാതെ ഘടനാപരമായി സമത്വപ്പെടുത്തിയാല്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരനായി മാറുകയും അനീതി തലപൊക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ആണിനും പെണ്ണിനും ഇസ്‌ലാം നിശ്ചയിച്ചിട്ടുള്ള കര്‍മവും ധര്‍മ ദൗത്യങ്ങളും കൃത്യവും വ്യവസ്ഥാപിതത്വമുള്ളതും(ഇസ്തിഖാമത്ത്) ആണ്. അവയെല്ലാം വിവേചനരഹിതമായി നിശ്ചയിച്ചിട്ടും ഉണ്ട് (ജാമിഉല്‍ അഹ്കാമില്‍ ഖുര്‍ആന്‍, ഖുര്‍തുബി, പേ 22)
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സല്‍കര്‍മം പ്രവര്‍ത്തിക്കുന്ന പക്ഷം, തീര്‍ച്ചയായും ആ വ്യക്തിക്ക് നല്ലൊരു ജീവിതം നല്‍കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം പൂര്‍ത്തീകരിച്ച് നല്‍കുകയും ചെയ്യുന്നതാണ്’ (വി.ഖു 16:97, 2:123, 65:2, 32:18)
സല്‍ക്കര്‍മങ്ങളുടെ കാര്യത്തില്‍ ആണിനും പെണ്ണിനുമിടയില്‍ ലിംഗവേര്‍തിരിവ് ഇസ്‌ലാം അംഗീകരിക്കുന്നില്ല. എന്നാല്‍ അവര്‍ ഏത് പ്രവൃത്തിയും ദൗത്യവും ഒരു വേര്‍തിരിവും ഇല്ലാതെ നിര്‍വഹിക്കേണ്ടവരാണ് എന്ന് നിഷ്‌കര്‍ഷിക്കുന്നുമില്ല. സൃഷ്ടിപ്പിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് കോട്ടം തട്ടാത്ത വിധത്തില്‍ പുരുഷനും സ്ത്രീക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നുണ്ട്.
ആണ്‍-പെണ്‍ വര്‍ഗങ്ങളുടെ സൃഷ്ടിപ്പിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്ന് ഇണ ജീവിതമാണ്. സഹസ്രാബ്ദങ്ങളായി ജൈവപ്രപഞ്ചത്തില്‍ വിഹരിക്കപ്പെടുന്നതും ഈ രണ്ട് അസ്തിത്വങ്ങള്‍ വഴിയുള്ള ലൈംഗികതയിലൂടെയാണ്. എതിര്‍ലിംഗ പ്രണയം Hetero sexuality, Hetro normatively എന്നെല്ലാം വിവക്ഷിക്കുന്നത് അതാണ്. ഗര്‍ഭധാരണം, പ്രസവം, മുട്ടയിട്ട് അടയിരുന്ന് വിരിയിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളാണ് ജീവിവര്‍ഗങ്ങളില്‍ വംശവര്‍ധനവിന് നാം കാണുന്നത്. മനുഷ്യരില്‍ ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും ശിശുപരിപാലനവും നടക്കുന്നു. പെണ്‍ ലിംഗ വര്‍ഗമാണല്ലോ ഈ ദൗത്യം നിര്‍വഹിക്കുന്നത്. ശാസ്ത്രീയമായിതന്നെ മാതൃത്വം എന്ന ദൗത്യനിര്‍വഹണത്തിന് സമയവും ത്യാഗവും ഏറെ ആവശ്യമാണ്. ശാരീരിക, മാനസിക തലങ്ങളില്‍ ഒട്ടേറെ ജൈവ വ്യതിയാനങ്ങള്‍ക്ക് നിമിത്തമാവുന്ന മഹോന്നതമായ സന്ദര്‍ഭമാണിത്. അതുകൊണ്ടുതന്നെ മനുഷ്യ സമൂഹത്തിന്റെ നിലനില്പ്പിന്റെ മുഖ്യപങ്ക് നിര്‍വഹിക്കുന്ന ഗര്‍ഭധാരണ-പ്രസവ സന്ദര്‍ഭങ്ങള്‍ ലോകത്ത് എല്ലാ രംഗങ്ങളിലും അനിവാര്യമായ ഇളവുകള്‍ നിശ്ചയിച്ചിട്ടുള്ള സന്ദര്‍ഭമാണ്. ജോലികളില്‍ നിന്ന് ഇളവ് നല്‍കല്‍, ഉത്തരവാദിത്തങ്ങള്‍ ലഘൂകരിച്ച് നല്‍കല്‍, ഉയര്‍ന്ന നിലക്കുള്ള പരിഗണനയും ശ്രദ്ധയും തുടങ്ങി മാതൃത്വമെന്ന മഹോന്നത ദൗത്യത്തെ ജാതി, മത, രാഷ്ട്ര വ്യത്യാസങ്ങളില്ലാതെ സര്‍വരും അംഗീകരിക്കുന്നു. മാതൃത്വ നിര്‍വഹണങ്ങളിലെ വിവിധ ഘട്ടങ്ങളില്‍ സ്ത്രീയെ ജൈവപരമായ ത്യാഗത്തോടൊപ്പം കൂടുതല്‍ ക്ലേശത്തിലേക്കും ചുമതലകളിലേക്കും പരിഗണിക്കുന്നതിനെ കുറ്റകൃത്യമായിപ്പോലും കാണുന്നുണ്ട്.
മതത്തില്‍ ഗൗരവസ്വഭാവത്തില്‍ നിരന്തരമായി നേതൃത്വം നല്‍കി, വിട്ടുവീഴ്ചയില്ലാതെ നിര്‍വഹിക്കേണ്ട ആരാധനാ കര്‍മങ്ങള്‍ ഉണ്ട്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം (ഇമാമത്ത്) നല്‍കല്‍, ബാങ്ക് വിളിക്കല്‍, വെള്ളിയാഴ്ചയിലെ സദുപദേശ നിര്‍വഹണം(ഖുതുബ) എന്നിവ ഉദാഹരണമത്രെ. സമയബന്ധിതമായി കണിശമായി പൂര്‍ത്തീകരിക്കേണ്ട ഇത്തരം ആരാധനകളുടെ, ആരാധനാലയങ്ങളില്‍ നിന്ന് പൊതുവെയുള്ള നേതൃചുമതലയില്‍ നിന്ന് സ്ത്രീകള്‍ക്ക് വിടുതല്‍ നല്‍കുന്നത് ഈയൊരു പശ്ചാത്തലം കൂടി പരിഗണിച്ചുകൊണ്ടാണ്. ലോകത്തെ ഒട്ടുമിക്ക മതങ്ങളും അത്തരമൊരു ചുമതലകളില്‍ നിന്ന് സ്ത്രീകള്‍ക്ക് ഒഴിവു നല്‍കിയിട്ടുണ്ട് എന്നു കാണാം.
എന്നാല്‍ ബാങ്കും ഇഖാമത്തും നമസ്‌കാരനേതൃത്വവും നിരുപാധികം സ്ത്രീകള്‍ക്ക് നിഷിദ്ധമാക്കിയിട്ടുമില്ല. സ്ത്രീകള്‍ക്കുവേണ്ടി സംഘ നമസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ബാങ്ക്, ഇഖാമത്ത് എന്നിവ നിര്‍വഹിക്കുന്നതിനും ഇസ്‌ലാം എതിരല്ല. (സുനനുല്‍ കുബ്‌റാ 1/408, മുസന്നഫ് ഇബ്‌നു അബീശൈബ 1/223,, 2/89, ബൈഹഖി 3/131, അബൂദാവൂദ് 591)
സ്ത്രീകള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കുമ്പോള്‍ പാലിക്കേണ്ട വിധികള്‍ വരെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വീട്ടിലുള്ളവര്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ പാലിക്കേണ്ട വിധികള്‍ വരെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വീട്ടിലുള്ളവര്‍ക്ക് സ്ത്രീകള്‍ നേതൃത്വം നല്‍കി(ഇമാമത്ത്) നമസ്‌കരിക്കുന്നതിന് ഒരിക്കല്‍ പ്രവാചകന്‍ അനുവാദം നല്‍കിയത് (സുബുലുസ്സലാം 2:48) കാണാം.
സാമൂഹിക ബാധ്യതയെന്ന നിലയില്‍ പുരുഷന്മാരുടെ സാന്നിധ്യം കൂടിയുള്ള ആരാധനാലയങ്ങളിലും തത്തുല്യമായ സ്ഥലങ്ങളിലും ബാങ്ക്, ഇഖാമത്ത്, ഇമാമത്ത് എന്നീ ചുമതലകളില്‍ നിന്ന് സ്ത്രീയെ മാറ്റി നിര്‍ത്തുകവഴി, സ്ത്രീ സമൂഹത്തോടുള്ള വിവേചനമല്ല മറിച്ച്, ഒരു വലിയ ബാധ്യതയുടെ ഭാരം ഏല്‍പിക്കാതിരിക്കുകയും ജൈവപരമായ മാതൃത്വ നിര്‍വഹണത്തിന് സമാധാനപൂര്‍ണമായ അവസരമൊരുക്കുകയുമാണ് ചെയ്തിട്ടുള്ളത്.
സ്ത്രീ പുരുഷ മനഃശാസ്ത്രവും ലൈംഗിക ശാസ്ത്രവും കൃത്യമായി ഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സാമൂഹികമായി ഇത്തരം ചുമതലകളില്‍ ജൈവികമായിത്തന്നെ പുരുഷന്‍ നേതൃത്വം നല്‍കുന്നതാണ് പ്രായോഗിക സമീപനം എന്ന് കാണാം. ആര്‍ത്തവം, ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളെ സ്വകാര്യമായി പരിഗണിക്കുന്നതിനാണ് പൊതുവില്‍ സദ്‌വൃത്തകളായ സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. മത ആരാധനകളിലെ സാമൂഹിക സ്വഭാവമുള്ള ഉപര്യുക്ത ഘട്ടങ്ങളില്‍ ഈ സ്വകാര്യതയെ ഭേദിക്കേണ്ടി വരും. മാത്രവുമല്ല, ആര്‍ത്തവ പ്രസവ സന്ദര്‍ഭങ്ങളില്‍ സ്ത്രീക്ക് നമസ്‌കാരം ഉള്‍പ്പെടെയുള്ള ആരാധനകളില്‍ ഇളവ് നല്‍കിയിട്ടുമുണ്ട്. അത്തരം നിയമ നിര്‍ദേശങ്ങളെല്ലാം ലംഘിക്കപ്പെടുകയും സ്വകാര്യതയെ സാരമായി ബാധിക്കുകയും ചെയ്യും.
വെള്ളിയാഴ്ചയിലെ സദുപദേശ നിര്‍വഹണത്തില്‍ നിന്ന് സ്ത്രീക്ക് ഒഴിവ് നല്‍കുന്നതിലും അന്തര്‍ലീനമായ തത്വം ഇതുതന്നെയാണ്. ഇസ്‌ലാം സ്ത്രീയുടെ സുരക്ഷയും ജൈവപരമായ സദാചാര വ്യക്തിത്വവും ലജ്ജയെന്ന മഹോന്നത മൂല്യത്തെയും പരമമായി പരിഗണിക്കുന്ന മതമാണ്. മറിച്ച്, പുരുഷനെപ്പോലെ ‘സമത്വ’പ്പെടുത്തിയും ‘ലിംഗ വിവേചന’മെന്നും ‘പുരുഷാധിപത്യമെന്നും’ ആക്ഷേപിച്ച് മതത്തിന്റെ നിര്‍ദേശത്തെ പരിഹസിക്കുന്നവര്‍ ലോകത്ത് നല്‍കിയിട്ടുള്ള ലിബറല്‍ വാദങ്ങള്‍ അരാജകമായ ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത് എന്നത് സമകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. ജെന്‍ഡര്‍ പൊളിറ്റിക്‌സ് പുറത്തുവിടുന്ന ‘സമത്വ’ വാദങ്ങള്‍ സ്ത്രീക്ക് തണലും കാവലും നല്കുന്നില്ല, മറിച്ച് ജൈവപരമായ ദൗത്യ നിര്‍വഹണത്തോടൊപ്പം കൂടുതല്‍ ക്ലേശങ്ങളും ബാധ്യതകളും കെട്ടിയേല്‍പ്പിക്കുക ചെയ്യുന്നത്.
കുടുംബത്തിലെ വിവിധ ചുമതലകള്‍, സാമൂഹികമായ രംഗത്തെ വ്യത്യസ്ത നേതൃചുമതലകള്‍, സാമ്പത്തികമായി അധ്വാനിക്കുകയും കുടുംബത്തിന്റെ സമഗ്ര കാര്യങ്ങള്‍ക്ക് ചെലവഴിക്കുകയും ചെയ്യല്‍, സന്താനങ്ങളുടെ ഭക്ഷണം, വിദ്യാഭ്യാസം പോലുള്ള ഉത്തരവാദിത്ത നിര്‍വഹണം തുടങ്ങിയ രംഗങ്ങളില്‍ ഒന്നും സ്ത്രീക്ക് പ്രത്യേകമായ ബാധ്യതയും കടമയും ഇസ്‌ലാം നിര്‍ദേശിക്കുന്നില്ല. സ്വമേധയാ തയ്യാറായി നിര്‍വഹിക്കുന്നതിന് മതം തടസ്സം നില്‍ക്കുന്നുമില്ല. മാതൃത്വമെന്ന മഹോന്നത കര്‍മം ജൈവദൗത്യമായി നിര്‍വഹിക്കുന്ന സ്ത്രീയെ ഒരര്‍ഥത്തിലും സൂക്ഷ്മമായ അസ്വസ്ഥതകള്‍പോലും മറ്റൊരു ബാധ്യത വഴി ഉണ്ടാവരുത് എന്ന നിര്‍ബന്ധമാണ് ഇസ്‌ലാമിന് ഉള്ളത്. ഇത് സ്ത്രീ സമൂഹത്തിന് ആശ്വാസമാണോ അതോ പുരുഷാധിപത്യത്തിന്റെ അടയാളമാണോ?
ആരാധനാലയങ്ങളില്‍ സംഘ നമസ്‌കാരങ്ങളിലും വെള്ളിയാഴ്ചകളില്‍ ജുമുഅ നമസ്‌കാരങ്ങളിലും പങ്കെടുക്കുന്നതിന് ഇസ്‌ലാം ഒരു വിലക്കും കല്‍പിക്കുന്നില്ല. റമദാനില്‍ പുണ്യകര്‍മമായി നിശ്ചയിച്ച ഇഅ്തികാഫിന്(പള്ളിയില്‍ ഭജനമിരിക്കല്‍) പ്രവാചക പത്‌നിമാര്‍ ഉള്‍പ്പെടെ വിശ്വാസിനികള്‍ പങ്കെടുത്തിരുന്നുവെന്നതും ഇന്നും മക്ക, മദീന തുടങ്ങി അത്യുന്നത ആരാധനാലയങ്ങളിലും മറ്റു ലക്ഷോപലക്ഷം പള്ളികളിലും ഈ സവിശേഷ ആരാധനയില്‍ മുസ്‌ലിം സ്ത്രീകള്‍ പങ്കാളികളാവുന്നുണ്ടെന്നും ലോകം നേര്‍ക്കുനേരെ കാണുന്നു. ഒരര്‍ഥത്തിലും ലിംഗവിവേചനം പാടില്ലെന്ന് മാത്രമല്ല, ആരാധനാലയങ്ങളില്‍ നിന്ന് സ്ത്രീകളെ തടയാന്‍ പാടില്ലെന്നുകൂടി പ്രവാചകന്‍(സ) പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. പുരുഷനെപ്പോലെ തന്നെ ദൈവത്തിന്റെ സവിശേഷമായ സൃഷ്ടിയാണ് സ്ത്രീ എന്ന് മാത്രമല്ല, പുരുഷന് നിര്‍വഹിക്കാനാവാത്ത മാതൃത്വം, കുടുംബിനി, ശിശുപരിപാലനം, കാരുണ്യം, വാത്സല്യം തുടങ്ങിയ രംഗങ്ങളില്‍ ഒരു പണത്തൂക്കം മുന്‍പിലാണ് വനിതകള്‍ എന്നാണ് മനസ്സിലാക്കാന്‍ കഴിയുക.
