ലിബറലിസം അരാജകത്വം സൃഷ്ടിക്കും: എം എസ് എം
തിരൂര്‍: ലിബറലിസം സമൂഹത്തിന് സമ്മാനിക്കുക അരാജകത്വവും അധാര്‍മികതയുമാണെന്ന് എം എസ് എം സംസ്ഥാന സമിതി തിരൂരില്‍ സംഘടിപ്പിച്ച സകലിസം പഠന കാമ്പ് അഭിപ്രായപ്പെട്ടു. സമൂഹത്തെ പിറകോട്ട് വലിക്കുന്ന ആശയങ്ങളാണ് പുരോഗമനമെന്ന പേരില്‍ പലപ്പോഴും അടിച്ചേല്പിക്കുന്നത്. ഇത്തരം ആശയങ്ങളും ഇസങ്ങളും വരുത്തി വെക്കുന്ന വിപത്തിനെ പരിഷ്‌കൃത സമൂഹങ്ങള്‍ തിരിച്ചറിയണമെന്നും കാമ്പ് ആവശ്യപ്പെട്ടു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീന്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു. യുക്തിവാദം, ലിബറലിസം, ഫെമിനിസം, ഹോമോ സെക്ഷ്വാലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്ന ചോദ്യോത്തര സെഷന്‍ ക്യാമ്പിന്റെ ആകര്‍ഷണമായി മാറി. വിവിധ സെഷനുകളില്‍ സി എം മൗലവി ആലുവ, ഡോ. ജാബിര്‍ അമാനി, എം ടി മനാഫ്, റിഹാസ് പുലാമന്തോള്‍, സി പി അബ്ദുസ്സമദ്, ജസീം സാജിദ്, ആദില്‍ നസീഫ് ഫാറൂഖി, ഫാത്തിമ ഹിബ, ഫിദ ബിസ്മ, ദാനിഷ് അരീക്കോട്, റുഫൈഹ തിരൂരങ്ങാടി, ഹാമിദ് സനീന്‍ പ്രസംഗിച്ചു.