19 Tuesday
November 2024
2024 November 19
1446 Joumada I 17

ലിബറലിസം പുരുഷ കാമനകള്‍ക്കു വേണ്ടി കുടുംബത്തെ നിരാകരിക്കുന്നു

സഈദ് പൂനൂര്‍


മുസ്ലിം സ്ത്രീയുടെ കര്‍തൃത്വം വിസ്തൃതമാണ്. ഇസ്ലാമില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണ്. ഒന്നിനെ മറികടന്നുള്ള അധികാരബന്ധം അല്ല മറ്റേത്. ഭാര്യ ഭര്‍ത്താവിന്റെ അടിമയോ വേലക്കാരിയോ അല്ല. സ്വസ്ഥതയും സമാധാനവും പ്രദാനം ചെയ്യുന്ന ഇണയാണെന്നാണ് ഇസ്ലാമിന്റെ ദര്‍ശനം. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്’ (റൂം 21). പുരുഷനുള്ള ഇടങ്ങളിലേക്ക് ഇടിച്ചു കയറുന്നതിനേക്കാള്‍, സ്വന്തമായി ആത്മാവിഷ്‌കാരങ്ങളെ രൂപപ്പെടുത്തുക എന്നതാണ് സ്ത്രീ ശാക്തീകരണത്തിന്റെ തന്നെ ഏറ്റവും ഫലപ്രദമായ രീതി. നേരെ മറിച്ചു വീടുകളിലും സ്‌കൂളുകളിലും വിദ്യാര്‍ഥികളില്‍ ലിംഗ സമത്വമെന്ന പേരില്‍ ലിബറല്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും സ്വവര്‍ഗ ലൈംഗികതയും യുക്തിവാദവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ പവിത്രമായ മതവിശ്വാസങ്ങളെയും ധാര്‍മികതയെയും സദാചാര മൂല്യങ്ങളെയും അത് തകര്‍ക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. അതോടൊപ്പം അശാസ്ത്രീയവും അയുക്തികവുമായ ഇത്തരം പരിഷ്‌കരണ ആശയങ്ങള്‍ വരും തലമുറയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് നോര്‍ഡിക് രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ തെളിയിച്ചതുമാണ്.
മുസ്ലിം സ്ത്രീയും
കുടുംബ വ്യവസ്ഥിതിയും

കുടുംബ വ്യവസ്ഥിതി പ്രാരാബ്ധങ്ങളാണെന്നത് ലിബറല്‍ ആശയ ധാരയുടെ പ്രൊപഗണ്ടയാണ്. ഒരു കുടുംബത്തെ സംബന്ധിച്ച് വീടിന് അകത്തും പുറത്തും ഉത്തരവാദിത്തം ഉണ്ട്. അക്കാര്യത്തില്‍ ഇണയും തുണയും ഒരു ധാരണയില്‍ എത്തുകയും കൂടുതല്‍ പ്രായോഗികം ആയ നിലക്ക് വീതിച്ചെടുക്കുകയും ആണ് നല്ലത്.
മുലയൂട്ടാനും പ്രസവിക്കാനും ആണുങ്ങള്‍ക്ക് കഴിയാത്തതു കൊണ്ടും, ആര്‍ത്തവ സമയത്ത് സ്ത്രീകളെ പ്രയാസപ്പെടുത്തുന്നത് അനിസ്ലാമികമായത് കൊണ്ടും അത്തരം സമയങ്ങളില്‍ പുരുഷന് ഉത്തരവാദിത്തം കൂടുന്നു. അതിനാല്‍, ഞാന്‍ എന്ത് ചെയ്യണം എന്നതിനേക്കാള്‍ നമുക്ക് എങ്ങനെയൊക്കെ ചെയ്യാന്‍ പറ്റും എന്ന പരിഗണനയില്‍ ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടെടുക്കുന്നത് ആയിരിക്കും ക്രിയാത്മകം. കുടുംബം മുന്നോട്ടു പോകാന്‍ ആര് എപ്പോള്‍ എവിടെ എങ്ങനെ ജോലി ചെയ്യണം, ഏറ്റവും പ്രായോഗികം ഏതാണ് എന്നത് ഓരോ കുടുംബത്തിന്റെയും സ്ഥലവും സമയവും സോഷ്യല്‍ സ്റ്റാറ്റസ് ഒക്കെ അനുസരിച്ചും വ്യത്യാസപ്പെടും. ഫെമിനിസ്റ്റുകളുടെ ഭാഷയില്‍ സ്വയം പര്യാപ്തതാ തിയറി വെച്ചാണ് ജീവിതത്തെ അളക്കുന്നത്. കരിയറാണ് കുടുംബത്തെക്കാള്‍ പ്രധാനമെന്നും ജോലിയിലൂടെ മാത്രമേ സ്ത്രീ പര്യാപ്തതയും സംതൃപ്തിയും സന്തോഷവും കൈവരിക്കൂ എന്നുമുള്ള നിരര്‍ഥക ആശയ പ്രതലങ്ങളും ഇതേ ഫെമിനിസ്റ്റ് ആഖ്യാനങ്ങളാണ്.
നമ്മുടെ സാമൂഹിക മണ്ഡലങ്ങളില്‍ ഇവ കൂടുതല്‍ വ്യാപൃതമാണിപ്പോള്‍. പഠനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി വിവാഹത്തെ ഇകഴ്ത്തുന്ന സമീപനം കുടുംബ വ്യവസ്ഥിതിയെയാണ് താറുമാറാക്കുന്നത്. വൈവാഹിക – കുടുംബ ജീവിതം വലിയ പ്രയാസങ്ങളുടെയും പ്രതിസന്ധികളുടെയും ഇടമാണെന്നതും കരിയറിന് വേണ്ടി എന്തും ത്യജിക്കണമെന്നതും പലപ്പോഴായി ആവര്‍ത്തിക്കുന്ന സിദ്ധാന്തമാണ്. ഉദ്ധൃത ആശയധാര സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലുണ്ടാക്കിയ വൈവാഹിക നൈരാശ്യങ്ങളുടെയും മാരകമായ പ്രത്യാഘാതങ്ങളുടെയും കണക്ക് നിരവധി തിസീസുകളായി തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സ്ത്രീയുടെ മേലുള്ള സാമ്പത്തിക ഉത്തരവാദിത്തം തനിക്കുണ്ട് എന്ന ബോധം പോലുമില്ലാതെ വീടിന്റെ വാടകയും റെസ്റ്ററന്റിലെ ബില്ലും തുല്യമായി വീതിക്കുന്ന പടിഞ്ഞാറിലെ സ്ത്രീ പുരുഷ ജീവിതങ്ങള്‍ ആണ് പുരോഗതിയുടെ മാനദണ്ഡം എന്ന് ധരിക്കുന്നത് അതിന്റെ ഫൈനല്‍ റിസള്‍ട്ട് എന്തായിരിക്കും എന്നറിയാത്തത് കൊണ്ടാണ്. ജോലി ചെയ്യുന്ന സ്വയം പര്യാപ്തരായ സ്ത്രീ ജീവിതങ്ങളും ജോലിയുടെ പ്രാരാബ്ധങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നതാണ് വസ്തുത.

പ്രാരാബ്ധം
തൊഴിലിലുമുണ്ട്

പ്രാരാബ്ധം എന്നത് കുടുംബത്തില്‍ ഉള്ളതും തൊഴിലില്‍ ഇല്ലാത്തതുമല്ല. പടിഞ്ഞാറില്‍ ജോലിക്ക് പോകാതിരിക്കാനുള്ള ഓപ്ഷന്‍ തന്നെ സ്ത്രീകള്‍ക്ക് ഇല്ല. കാരണം അവളിലുള്ള സാമ്പത്തിക സുരക്ഷിതത്വം സ്വയം പര്യാപ്തതാ തിയറിയിലൂടെ ക്രമേണ നഷ്ടപ്പെട്ടു. ജോലി ക്രമേണ നിര്‍ബന്ധ ബാധ്യത ആയി. അങ്ങനെ കുടുംബ കേന്ദ്രീകൃതമായ ആ സമൂഹം, കോര്‍പ്പറേറ്റ് കേന്ദ്രീകൃതമാവുകയാണ് ചെയ്തത്.
ജീവിതലക്ഷ്യം പണമുണ്ടാക്കലും ആസ്വാദനവും മാത്രമാണെന്നാണ് കോര്‍പ്പറേറ്റുകള്‍ പഠിപ്പിച്ചത്. കോര്‍പ്പറേറ്റ് വ്യവസ്ഥകളിലെ വാങ്ങലുകാരെ ആസ്വദിപ്പിക്കാന്‍ സ്ത്രീ സാന്നിധ്യം വേണമെന്ന് അവര്‍ക്ക് മനസ്സിലായപ്പോള്‍ സ്ത്രീകളെ വീടുകളില്‍ നിന്ന് പുറത്തു നിര്‍ത്തണമെന്ന് അവര്‍ ഉറപ്പിച്ചു. ഇതിന് സ്ത്രീകള്‍ തയ്യാറാവാത്തതിന്റെ പ്രധാന കാരണം കുടുംബപരിപാലനമാണെന്ന് മനസ്സിലായി. ഈ വ്യവസ്ഥ തകര്‍ക്കാനുള്ള മാര്‍ഗം സ്ത്രീകള്‍ അനുഭവിച്ച് വരുന്ന പ്രശ്‌നങ്ങളുടെയെല്ലാം കാരണം സ്വന്തമായി പണമുണ്ടാക്കാത്തതാണെന്ന് സ്ത്രീകളെ ധരിപ്പിക്കാന്‍ ശ്രമിച്ചു. ഈ പ്രചാരണത്തില്‍ കോര്‍പ്പറേറ്റുകള്‍ വിജയിച്ചു. ഫലമോ കുടുംബജീവിതങ്ങള്‍ ഈഗോക്കും തര്‍ക്ക- വിതര്‍ക്കങ്ങള്‍ക്കുമിടയില്‍ ഉരുകിത്തീരുന്നു.
2023 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാവായ ക്ലോഡിയ ഗോള്‍ഡിനും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ ഹെന്റി ലീയും ചേര്‍ന്നെഴുതിയ കൃതിയാണ് Career and Family: Women’s Century-Long Journey Toward Equity. ഇരുപതാം നൂറ്റാണ്ടില്‍ ലിംഗസമത്വത്തില്‍ വലിയൊരു മാറ്റം അനുഭവപ്പെട്ടപ്പോള്‍, കരിയറും കുടുംബവും സന്തുലിതമാക്കുന്നതിനുള്ള പ്രശ്‌നത്തോട് ആ തലമുറയിലെ സ്ത്രീകള്‍ പ്രതികരിച്ചതെങ്ങനെയെന്നാണ് ഈ പുസ്തകം അന്വേഷിക്കുന്നത്. വേതന അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ തന്നെ കരിയര്‍ – ഫാമിലി സന്തുലിതമായി മാനേജ് ചെയ്തതിന്റെ റിസര്‍ട്ട് ഫീല്‍ഡ് സ്റ്റഡി നടത്തി ക്ലോഡിയ ഗോള്‍ഡിന്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അത് മൂലം കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നവരുടേയും സ്‌ട്രെസ്സ് മൂലം ആത്മഹത്യയിലേക്ക് എത്തിയവരുടേയും ബന്ധങ്ങളെ ബാധിച്ചവരുടേയും ഡാറ്റകള്‍ Career and Family: Women’s Century-Long Journey Toward Equity എന്ന കൃതിയുടെ മറുപുറത്ത് തന്നെയുണ്ട്. ക്ലോഡിയ ഗോള്‍ഡിന്റെ പല പരാമര്‍ശങ്ങളുടേയും സൂചനകളില്‍ തന്നെ അത് വ്യക്തമാണ്.
സമൂഹത്തില്‍ ഒരേ നിലയിലുള്ള ഫലം ഉണ്ടായാല്‍ ജീവിതം വിജയിച്ചുവെന്നത് ആരുടെ ലോജിക്കാണ്? വൈവാഹിക ജീവിതം, മാതൃത്വം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ എല്ലാ ജൈവിക വ്യവസ്ഥിതികളും എങ്ങനെയാണ് രണ്ടാംതരവും പുരോഗമന വിരുദ്ധവുമാവുന്നത്..? ജോലിക്ക് പോകുന്ന സ്ത്രീകള്‍ മാത്രമാണ് സ്വാതന്ത്ര്യം നേടിയവരെന്നും ആണധികാരത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പെണ്ണ് പഠിച്ചു ജോലി നേടേണ്ടതെന്നുമുള്ള തിയറി ഏത് ഉരക്കല്ല് വെച്ചാണ് തിട്ടപ്പെടുത്തിയത്..? അങ്ങനെയാവുന്നത് മാത്രമാണ് സര്‍വസ്ത്രീകളുടേയും സംതൃപ്തിയുടെ അളവുകോലെന്ന് ആരാണ് നിര്‍ണയിച്ചത്..?
പടിഞ്ഞാറിലെ സ്ത്രീ-പുരുഷ ജീവിതമാണ് പുരോഗതിയുടെ മാനദണ്ഡം എന്ന് ധരിക്കുന്നത് അതിന്റെ ഫൈനല്‍ റിസള്‍ട്ട് എന്തായിരുന്നുവെന്ന പഠനങ്ങളെ സംബന്ധിച്ച ധാരണയില്ലായ്മയാണ്. ഇക്വാലിറ്റി റാങ്കിങില്‍ ഏറ്റവും മുന്നിലുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ (Gender Egalitarian Countries) തന്നെയാണ് തൊഴില്‍ മേഖലയിലെ ഈ വ്യത്യാസം ഏറ്റവും കൂടുതലായി കാണുന്നതും.
സ്ത്രീയുടെ സ്വദഖ
സാമ്പത്തികമായി സ്വയം പര്യാപ്തത നേടിയാല്‍ മാത്രമേ സ്ത്രീകള്‍ക്ക് രക്ഷയും സംതൃപ്തിയും ഉണ്ടാവുകയുള്ളൂ എന്ന് പൊതുവത്കരിക്കുന്നതും അസ്ഥാനത്താണ്. കുടുംബത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് പുരോഗമനം ഇല്ല, പീഡിതരാണ് എന്ന കണ്‍ക്ലൂഷനിലെത്തുന്നത് സാമൂഹ്യശാസ്ത്രത്തെക്കുറിച്ചുള്ള ധാരണക്കുറവാണ്. പുരുഷന്റെ ചിലവില്‍ ജീവിക്കുന്നു എന്നതിന്റെ പേരില്‍ സ്ത്രീക്ക് ഒരു അപകര്‍ഷതയും ഇല്ലാതിരിക്കലും ഒപ്പം അവള്‍ക്ക് ഞാനാണ് ചിലവഴിക്കേണ്ടത് എന്നത് ഒരു നിര്‍ബന്ധ ബാധ്യത പോലെ അവനു തോന്നുകയും ചെയ്യുന്ന സാമൂഹിക ക്രമം നല്‍കുന്ന ഒരു ഇക്കണോമിക് പ്രൊട്ടക്ഷന്‍ ഉണ്ട്. ജോലിക്ക് പോവുക തന്നെ വേണം ഇല്ലെങ്കില്‍ നിങ്ങള്‍ പൂര്‍ണത കൈവരിച്ചിട്ടില്ല എന്ന് ഫെമിനിസ്റ്റുകള്‍ പറയുന്നത് അവരില്‍ നിലനില്‍ക്കുന്ന ആണാധികാര സിദ്ധാന്തത്തില്‍ നിന്ന് വന്നതാണ്.
ആണില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടതൊക്കെ ചെയ്യുവിന്‍ എന്ന ആഹ്വാനത്തിന്റെ ഭാഗമായല്ല അത് വിളമ്പേണ്ടത്. കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തില്‍ പങ്കുചേരല്‍ സ്ത്രീയെ സംബന്ധിച്ച് അവള്‍ ചെയ്യുന്ന സ്വദഖയാണ്. അതിന് താല്‍പര്യമുള്ള, സ്ത്രീകള്‍ക്ക് അതിനു പരിശ്രമിക്കാം. അതില്ലാത്തവള്‍ ജോലി ഉള്ളവളെക്കാള്‍ ഒട്ടും താഴെയല്ല. വീടുകളിലെ അകത്തളങ്ങളില്‍ കുടുംബബന്ധങ്ങള്‍ സുന്ദര സമ്പൂര്‍ണമാക്കുന്ന ഉത്തരവാദിത്തങ്ങള്‍ പഴഞ്ചനാണെന്നും, ഇനിയുള്ള കാലം മൂല്യമുണ്ടാവണമെങ്കില്‍ കൂടുതല്‍ പ്രകടനപരതയും പ്രദര്‍ശനപരതയും വേണമെന്നത് വലിയൊരു വിഭാഗം മുസ്ലിം സ്ത്രീകളെ അപരവത്കരിച്ചും അപകര്‍ഷത കുത്തിനിറച്ചും സ്ഥാപിച്ചെടുക്കുന്ന സിദ്ധാന്തമാണ്.
വീട്ടില്‍ സന്തോഷത്തോടെ ദിനേന കടന്നുപോവുന്ന വലിയ കുഞ്ഞുനിമിഷങ്ങള്‍; കുടുംബത്തിന്റെ കൂടെയുള്ള സമയം, പ്രായമായവരൊത്തുള്ള സംഭാഷണങ്ങള്‍, ഒരുമിച്ച് കഴിക്കുന്ന ഭക്ഷണം, പ്രാര്‍ഥനകള്‍ എന്നിങ്ങനെ പ്രദര്‍ശിപ്പിക്കാന്‍ അസാധ്യമായ ഒട്ടേറെ കാര്യങ്ങള്‍ കൊണ്ട് നിറഞ്ഞ എല്ലാവരുടെയും ജീവിതം മൂല്യമുള്ളതാണ്. അങ്ങനെ സംതൃപ്തിയോടെ ഗാര്‍ഹിക ജീവിതത്തില്‍ മുഴുകുന്ന സ്ത്രീകളുടെ മനസ്സില്‍ തങ്ങള്‍ ചെയ്യുന്നതിന് ഒന്നിനും ഒരു വിലയില്ല, കുടുംബം പ്രാരാബ്ധമാണ് തുടങ്ങിയ ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കി, കലഹം സൃഷ്ടിക്കുന്നതില്‍ ആധുനിക ലിബറല്‍ ആശയങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

ഫെമിനിസ്റ്റ് നുണകള്‍
മുസ്ലിം സ്ത്രീയെ പറഞ്ഞു പറ്റിച്ച പത്ത് നുണകള്‍ എന്ന പേരില്‍ മുന്‍ ഫെമിനിസ്റ്റായിരുന്ന ഉമ്മു ഖാലിദ് എഴുതിയ ഒരു പ്രബന്ധം പ്രസക്തമാണ്. അവര്‍ എഴുതിയതിന് കൂടുതല്‍ തെളിച്ചവുമുണ്ട്: ‘സ്ത്രീകള്‍ക്ക് സന്തോഷവും സ്വാതന്ത്ര്യവും നല്‍കുന്നത് ജോലിസ്ഥലവും തെരുവുകളും പുറംലോകവും മാത്രമാണെന്നും, വീടും കുടുംബവും സ്വകാര്യയിടങ്ങളുമെല്ലാം തടവറകളാണെന്നും, പ്രൊഫഷനലുകള്‍, ഉപഭോക്താക്കള്‍ എന്ന നിലയിലുള്ള റോളുകള്‍ സ്റ്റാന്റേഡുള്ളതും ഭാര്യ, മാതാവ് എന്ന നിലയിലുള്ള റോളുകള്‍ ദയനീയമാണെന്നും, പടച്ചവനോടും ഭര്‍ത്താവിനോടുമുള്ള നമ്മുടെ അനുസരണം ബ്രെയിന്‍വാഷിങ്ങും സ്റ്റേറ്റിനേയും നിയമം അടിച്ചേല്‍പിക്കുന്ന ഏജന്‍സികളേയും ബോസ്സിനെയും ‘പുരോഗമന’ സുഹൃത്തുക്കളെയും അനുസരിക്കുന്നത് യുക്തിപരമാണെന്നും, ആധുനിക ഭൗതിക ലിബറല്‍ അധികാരികള്‍ നിശ്ചയിച്ച സിസ്റ്റത്തില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കണമെന്നും നമ്മുടെ സ്രഷ്ടാവ് നിശ്ചയിച്ച സിസ്റ്റത്തെ അത്രമേല്‍ വിശ്വസിക്കേണ്ടതില്ലെന്നും തലതിരിച്ച് സ്ത്രീകളെ പഠിപ്പിച്ചിരിക്കുകയാണ്. ആ ബോധ്യം വേരുറക്കാനുള്ള ഇടം ഒരുക്കിയിരിക്കുകയാണവര്‍’.
ഖദീജ ബീവി ബിസിനസ് ചെയ്തിട്ടുണ്ട്. ഉമര്‍(റ) ഖലീഫയായിരിക്കുമ്പോള്‍ മദീനയിലെ ഏറ്റവും വലിയ മാര്‍ക്കറ്റിന്റെ മേല്‍നോട്ടം വഹിക്കാന്‍ നിയമിച്ചത് ശിഫാ ബിന്‍ത് അബ്ദുല്ലയെ(റ) ആയിരുന്നു. മദീനയിലെ മസ്ജിദുന്നബവിയുടെ സമീപത്ത് റുഫൈദ(റ)യുടെ ഹോസ്പിറ്റല്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണാം. ചരിത്രത്തില്‍ ഒരുപാടുണ്ടങ്ങനെ.
കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തത്തില്‍ പങ്കുചേരല്‍ സ്ത്രീയെ സംബന്ധിച്ച് ഓപ്ഷന്‍ ആണ്. പുരുഷനെ പോലെ നിര്‍ബന്ധ ബാധ്യതയല്ല. താല്‍പര്യമുള്ളവര്‍ക്ക് ആവാം. അല്ലാതെ വിവാഹവും കുടുംബവും പ്രാരാബ്ധങ്ങളാണ്, ‘ഒതുങ്ങിക്കൂടലില്‍’ നിന്ന് സ്ത്രീ പുറത്തിറങ്ങി ജോലിക്ക് പോയേ പറ്റൂ, അത് മാത്രമാണ് സ്ത്രീയുടെ സന്തോഷവും സംതൃപ്തിയും എന്നാല്‍ മാത്രമേ പുരോഗമനമാവൂ, അത് മാത്രമാണ് സ്ത്രീവളര്‍ച്ചയുടെ ആധുനിക വഴികള്‍ തുടങ്ങിയ നരേഷനുകളിലാണ് പ്രശ്‌നം.
വൈജ്ഞാനിക മേഖല
ഇത് കൂടാതെ വൈജ്ഞാനിക – ധൈഷണിക കര്‍തൃത്വങ്ങളിലൂടെ സ്ത്രീകള്‍ വലിയ ഇടപെടലുകള്‍ സാധ്യമാക്കിയ ചരിത്രമാണ് ഇസ്ലാമിന്റേത്. സ്ത്രീ സമൂഹത്തിന് ഗാര്‍ഹിക വിഷയങ്ങളില്‍ മാത്രമേ പങ്കാളിത്തമാകാവൂ എന്ന കാഴ്ചപ്പാട് ഇസ്ലാമികമല്ല. വൈജ്ഞാനികവും ധൈഷണികവുമായ ഇടങ്ങളില്‍ സ്ത്രീ ഇടപെടലുകള്‍ സാധ്യമാക്കിയ മതമാണ് ഇസ്ലാം. തദ്രീസിലും തഅലീഫിലും വലിയ ഭാഗദേയം നിര്‍വഹിച്ച്ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വികാസം പ്രാപിച്ച ഇസ്ലാമിന്റെ ചരിത്രം ഈ യാഥാര്‍ഥ്യം വിളിച്ചോതുന്നതാണ്. കാവ്യങ്ങളിലും ഇതര സാഹിത്യ വൈജ്ഞാനിക മേഖലകളിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് സുല്‍ത്താന റസിയ ബീഗവും ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പത്നി നൂര്‍ജഹാനും. ഇതര മതസ്ഥരില്‍ നിന്നു വ്യത്യസ്തമായി വൈജ്ഞാനിക സാഹിത്യമേഖലകളില്‍ ശോഭിക്കാന്‍ മുസ്ലിം സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് ഇവയൊക്കെ. പണ്ഡിത വനിതകള്‍ക്കുള്ള ഇസ്ലാമിലെ മഹത്വം പറയുന്ന നിരവധി സാഹചര്യങ്ങളും കാണാം. പ്രമുഖ ഇമാമുമാരുടെ ഗുരുവര്യരില്‍ സ്ത്രീകള്‍ കൂടി ഉള്‍പ്പെട്ടിരുന്നു. പ്രമുഖ സ്വഹാബി ഇബ്‌നുല്‍ അബ്ബാസും അലി(റ)യുടെ പേരക്കുട്ടി സൈനുല്‍ ആബിദീനും വുദു പഠിച്ചത് റുബയിഅ ബിന്‍ത് മുഅവ്വിദ് എന്നിവരില്‍ നിന്നാണ്. ഇബ്‌നു ഹജ്ജാറിന്റെ അധ്യാപകരില്‍ 3000 പുരുഷന്മാരും 400 സ്ത്രീകളും ഉണ്ടായിരുന്നുവത്രെ. അഞ്ചു ദിവസം കൊണ്ട് ബുഖാരി മുഴുവനും ഖത്വീബുല്‍ ബഗ്ദാദി, കരിമഅല്‍മര്‍സവിയ്യ എന്ന മഹതിക്ക് ഓതികൊടുത്തിട്ടുണ്ടെന്ന് സംആനി ഉദ്ധരിക്കുന്നുണ്ട്. ഇമാം ദഹബി മുസ്‌നദു ശാഫിഈ പഠിച്ചത് സിത്തുല്‍ വുസറാഅ് ബിന്‍ത് അല്‍ മുജന്നയില്‍ നിന്നാണ്.
43 വാള്യങ്ങളിലായി 9000 ഓളം വരുന്ന ഹദീസ് പണ്ഡിത വനിതകളുടെ ജീവചരിത്രങ്ങളടങ്ങിയ ‘അല്‍ വഫാ ബി അസ്മാഇന്നിസാ’ എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷിലുള്ള സംക്ഷിപ്ത രേഖയാണ് അല്‍മുഹദ്ദിസാത്. തിരുനബിയുടെ ഹദീസ് പഠനങ്ങള്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച വിശ്രുതരായ മുഹദ്ദിസാതുകളെക്കുറിച്ച്(വനിതാ ഹദീസ് പണ്ഡിതര്‍) മുഹമ്മദ് അക്‌റം നദ്‌വി രചിച്ച Al-Muhaddithat: the women scholars in Islam എന്ന ഗ്രന്ഥത്തില്‍ ഹിജ്‌റ ഒന്ന് മുതല്‍ പതിനാല് വരെയുള്ള നൂറ്റാണ്ടുകളില്‍ ഹദീസില്‍ മാത്രം സ്ത്രീകള്‍ നടത്തിയ നിസ്തുലമായ സേവനങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. മുഹദ്ദിസാതിന്റെ ഇംഗ്ലീഷിലുള്ള മൂലഗ്രന്ഥത്തിന്റെ കവര്‍ ചിത്രം ഒരു ഭൂപടമാണ്. ഹിജ്റ ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫാത്വിമ ബിന്‍ത് സഅ്ദ് അല്‍ഖൈര്‍ എന്ന വനിത അറിവു സമ്പാദനത്തിനായി നടത്തിയ യാത്രകളുടെ വഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട് അതില്‍. ആറാം നൂറ്റാണ്ടിലെ ഹാഫിദ് അബൂ അബ്ദില്ലാ മുഹമ്മദ് ബ്ന്‍ മഹ്‌മൂദ് ബ്ന്‍ അന്നജ്ജാര്‍ എന്ന പണ്ഡിതനെക്കുറിച്ചുള്ള ഒരു വിവരണത്തില്‍ പറയുന്നത് അദ്ദേഹത്തിന് നാനൂറ് വനിതാ അധ്യാപികമാര്‍ ഉണ്ടായിരുന്നുവെന്നാണ്. ഇതിന് പുറമെ സാമൂഹികമായും രാഷ്ട്രീയമായും വ്യാവസായികമായും സമഗ്രമായ ഇടപെടലുകള്‍ നടത്തിയ സ്ത്രീകളാണ് ഇസ്ലാമിലെ മാതൃകാ വനിതകള്‍.
ലിബറല്‍ പ്രൊപഗണ്ടയും ധാര്‍മിക മൂല്യങ്ങളും
ലിബറലിസം ഗ്രസിച്ച സ്ത്രീത്വത്തിന്റെ ധാര്‍മികാവസ്ഥയെക്കുറിച്ച ചിത്രവും സദാചാരത്തകര്‍ച്ചയും ലിബറലിസത്തിന് സ്വാധീനമുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്ന് തന്നെ വ്യക്തമായതാണ്. ‘ഫാദര്‍ലെസ് അമേരിക്ക’ എന്ന ഡേവിഡ് ബ്ലാങ്കന്‍ ഹേനിന്റ പ്രസിദ്ധ പുസ്തകം പറയുന്ന വസ്തുതകള്‍ മാത്രം മതി ലിബറല്‍ ഇടങ്ങളിലെ സ്ത്രീ ജീവിതം അനാവൃതമാവാന്‍.
മനുഷ്യ ചരിത്രത്തില്‍ പലതരം വിപ്ലവങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ലിബറല്‍ സദാചാരത്തിന്റെ സംഭാവന സെക്ഷ്വല്‍ റവല്യൂഷന്‍ ആണ്. കുടുംബ വ്യവസ്ഥയുടെ തകര്‍ച്ച സിംഗിള്‍ പാരന്റിംഗ്, സ്വവര്‍ഗ വിവാഹങ്ങള്‍ എന്നിവയാണ് ലിബറല്‍ സദാചാരം ലോകത്തിന് സംഭാവന ചെയ്തത്. പരിസ്ഥിതി പ്രശ്‌നത്തെ തിരിച്ചറിയാന്‍ മുതലാളിത്ത ലോകം വൈകിയതുപോലെതന്നെ ഇത് തിരിച്ചറിയാനും ലോകം വൈകുകയാണ്. അന്തരീക്ഷ മലിനീകരണം തിരിച്ചറിയുന്നവരും സദാചാര മലിനീകരണം തിരിച്ചറിയുന്നില്ല.
വികസനം എന്ന മുദ്രാവാക്യമാണ് ഇത്ര ഭീകരമായ പാരിസ്ഥിതിക തകര്‍ച്ചക്ക് കാരണമായതെങ്കില്‍ വ്യക്തിവാദം എന്ന ആശയമാണ് ഭീകരമായ സദാചാരത്തകര്‍ച്ച സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ലിബറല്‍ പ്രതലങ്ങളിലെ കുടുംബത്തകര്‍ച്ചയുടെ പ്രത്യാഘാതം വളരെ വലുതാണെന്നത് സ്റ്റാറ്റിസ്റ്റിക്കലി തെളിയിക്കപ്പെട്ടതാണ്. പുതിയ തലമുറയുടെ വിദ്യാഭ്യാസത്തെ വരെ അത് ബാധിക്കുന്നുണ്ട്. അതിനാലാണ് ഒരു ഘട്ടത്തില്‍ ബ്രിട്ടനിലെ മാത്തമാറ്റിക്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രാജ്യത്തെ വിദ്യാര്‍ഥികളുടെ ഗണിത അധ്യായനം ശക്തിപ്പെടണമെങ്കില്‍ ബ്രിട്ടനില്‍ കുടുംബവ്യവസ്ഥ തിരിച്ചു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത്.
സ്ത്രീ അനീതിക്കിരയാവുന്ന സദാചാര ക്രമമാണ് ലിബറലിസത്തിന്റേത്. ലിബറലിസത്തില്‍ ലൈംഗികബന്ധത്തിനുള്ള ഉപാധി പരസ്പര സമ്മതമാണ്. അത് പ്രകാരം പരസ്പര സമ്മതത്തോടെ ബന്ധത്തിലേര്‍പ്പട്ട ഒരു സ്ത്രീക്ക് എത്ര കാലത്തിനു ശേഷവും അത് ബലാല്‍ക്കാരമായിരുന്നു എന്ന് പറയാന്‍ കഴിയും. അത്തരം ആരോപണങ്ങള്‍ സമൂഹത്തില്‍ ഇപ്പോള്‍ ധാരാളമായി നടക്കുന്നത് കാണാം. മുതലാളിത്തത്തിന്റെ മാധ്യമവ്യവസായത്തിന് അതും ഒരു അസംസ്‌കൃത വസ്തുവാണ്.
ഇത്തരം ആരോപണങ്ങളില്‍ ചിലത് വസ്തുതാപരം ആയിരിക്കും. ചിലത് കേവല ആരോപണങ്ങളും. യഥാര്‍ഥത്തില്‍ പിന്നീട് വിവാദമാവുന്ന ലൈംഗിക ബന്ധത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ ഒരു രേഖയും ഉണ്ടാവുകയില്ല. അതില്‍ സ്ത്രീയുടെ വാക്ക് ആധികാരികമായി പരിഗണിക്കണം എന്നതാണ് പൊതുവെ ലിബറലിസത്തിന്റെ കാഴ്ചപ്പാട്. ഇത് തികഞ്ഞ അനീതിയും ഏകപക്ഷീയതയുമാണ്. ലിബറല്‍ സദാചാരക്രമത്തില്‍ സ്ത്രീകളെ വിവാഹ വാഗ്ദാനം ചെയ്ത് ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് വഞ്ചിക്കാന്‍ കഴിയും. അത്തരം വാര്‍ത്തകള്‍ സാര്‍വത്രികവുമാണ്. ഏത് ഉടമ്പടിയനുസരിച്ചാണ്, എന്ത് വ്യവസ്ഥ പ്രകാരമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നതിന് അവര്‍ക്കിടയിലും, അവര്‍ക്കും സമൂഹത്തിനും ഇടയിലും ഒരു പ്രമാണവും ഉണ്ടായിരിക്കുകയില്ല. സ്വാഭാവികമായും ഏതു നിമിഷവും അനീതിയിലേക്ക് കൂപ്പുകുത്താവുന്ന സദാചാരക്രമമാണിത്.
എന്നാല്‍ ഇസ്ലാമിക സംസ്‌കാരത്തിനകത്ത് ശരിയോ തെറ്റോ ആയ മീ ടൂ കാമ്പയിനോ വിവാഹ വാഗ്ദാനം ചെയ്ത് വഞ്ചിക്കലോ സാധ്യമല്ല. ഇസ്ലാമില്‍ ലൈംഗികബന്ധത്തിലെ ഉപാധി വിവാഹമാണ്, പരസ്പര സമ്മതം മാത്രം പോരാ, വിവാഹമെന്ന കരാര്‍ കൂടി വേണം. ഒരു വിവാഹബന്ധം തകര്‍ന്നു പോയാലും സ്ത്രീയോ പുരുഷനോ ഇരയാക്കപ്പെടുകയില്ല. രണ്ടുകൂട്ടരുടെയും അവകാശങ്ങളും ബാധ്യതകളും കൃത്യവും വ്യക്തവുമാണ്. കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ അവകാശങ്ങളും കൃത്യപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കും ആരെയും വഞ്ചിക്കാന്‍ കഴിയില്ല എന്നതാണ് ഈ നിയമവ്യവസ്ഥയുടെ പ്രത്യേകത. ‘നിങ്ങള്‍ അക്രമിക്കുകയും ചെയ്യരുത് അക്രമിക്കപ്പെടുകയും ചെയ്യരുത്’ (അല്‍ബഖറ 279). ഈ തത്വം ഇസ്ലാമിക നിയമവ്യവസ്ഥയുടെ വളരെ വലിയ അടിസ്ഥാനമാണ്.
പൊതുവില്‍ ആധുനിക ദര്‍ശനങ്ങള്‍ ശക്തരെ മാത്രം പരിഗണിക്കുന്ന തത്വശാസ്ത്രങ്ങളാണ്; അവയില്‍ പലതും ദുര്‍ബലരുടെ ഭാഷയില്‍ സംസാരിക്കാറുണ്ടെങ്കിലും. കുടുംബം എന്ന സാമൂഹിക സ്ഥാപനത്തിന്റെ തകര്‍ച്ച സമൂഹത്തിലെ ദുര്‍ബലരെ മുഴുവന്‍ നിരാലംബരാക്കും. കുട്ടികള്‍, വൃദ്ധര്‍, പ്രായമുള്ളവര്‍, ശാരീരികമോ, മാനസികമോ ആയി വെല്ലുവിളി നേരിടുന്നവര്‍, രോഗികള്‍ എന്നിവരെല്ലാം കുടുംബമില്ലാതായാല്‍ അരക്ഷിതമായ അവസ്ഥയിലേക്ക് എത്തും. പ്രായമുള്ളവര്‍ ശാരീരികവും മറ്റുമായ ഒരുപാട് ദുര്‍ബലതകള്‍ അനുഭവിക്കുന്നവരായിരിക്കും. അവര്‍ ഉല്‍പ്പാദനത്തില്‍ പങ്കില്ലാത്തവരോ ചെറിയ പങ്കുമാത്രം ഉള്ളവരോ ആയിരിക്കും.
അതുകൊണ്ടുതന്നെ സമൂഹത്തില്‍ അവരുടെ സ്ഥാനവും താരതമ്യേന ചെറുതായിരിക്കും. എന്നാല്‍ കുടുംബത്തില്‍ കാര്യം നേരെ മറിച്ചാണ്. അവിടെ പ്രായമേറുന്നതിനനുസരിച്ച് ആളുകളുടെ പ്രസക്തിയും പ്രാധാന്യവും മൂല്യവും വര്‍ധിക്കുകയാണ് ചെയ്യുക. സ്ത്രീ – പുരുഷ ഭേദമെന്യേ പ്രായമുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യവും പരിഗണനയും കുടുംബം ഉണ്ടാകുമ്പോള്‍ മാത്രം കൈവരുന്നതാണ്. കേവല ഭൗതിക യുക്തിയില്‍ ആലോചിച്ചാല്‍ വളരെ ദുര്‍ബലരായ വിഭാഗത്തിന് കുടുംബവ്യവസ്ഥ വലിയ മൂല്യം നല്‍കുകയാണ്. ഈ മൂല്യം ഒരിക്കലും ഒരു വൃദ്ധസദനത്തില്‍ ലഭ്യമാവുന്നതല്ല.
ശക്തരുടെ ആവശ്യം ദുര്‍ബലരുടെ പേരില്‍ നടപ്പിലാക്കുന്നതിന്റെ പേരാണ് ലിബറലിസത്തിന്റെ കുടുംബവിരുദ്ധവാദം. ദുര്‍ബലരോടുള്ള അനുകമ്പ എന്നത് യഥാര്‍ഥത്തില്‍ ഒരു ഭൗതിക ആശയമല്ല, മതാശയമാണ്. ഭൗതിക ദര്‍ശനങ്ങള്‍ക്ക് ഒരിക്കലുമത് സത്യസന്ധമായും സമതുലിതമായും മനസ്സിലാക്കാനോ നടപ്പിലാക്കാനോ കഴിയില്ല. ബഹുദൈവത്വ സമൂഹങ്ങളില്‍ ആധിപത്യമുള്ളവരുടെ താല്‍പര്യങ്ങള്‍ മതതത്വങ്ങളായി അവതരിപ്പിക്കപ്പെട്ടപോലെ ഇന്ന് ആരോഗ്യമുള്ള പുരുഷന്റെ താല്‍പര്യങ്ങള്‍ പൊതുതാല്‍പര്യങ്ങളായും മര്‍ദിതന്റെ താല്‍പര്യങ്ങളായും അവതരിപ്പിക്കപ്പെടുകയാണ്.
സ്ത്രീ സ്വാതന്ത്ര്യം എന്നു വിളിക്കപ്പെടുന്ന കാര്യങ്ങളില്‍ പലതും വേഷം മാറിവന്ന പുരുഷ സ്വാതന്ത്ര്യമാണെന്ന് കാണാന്‍ കഴിയും. അതും വെറും സ്വാതന്ത്ര്യമല്ല. സ്ത്രീ ശരീരത്തെ ചൂഷണം ചെയ്യാനുള്ള സ്വാതന്ത്ര്യമാണ്. സ്ത്രീ അര്‍ധനഗ്‌നരായി വസ്ത്രം ധരിക്കണം എന്നത് സ്ത്രീയുടെ താല്പര്യമല്ല. സ്ത്രീ ശരീരങ്ങളെ നയനാനന്ദമായി കാണുന്ന കോര്‍പ്പറേറ്റ് പ്രൊപഗണ്ടയുടെ ഭാഗമാണ്. നൈമിഷിക വികാരത്തില്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിന്റെ എല്ലാ ഭാരവും മറ്റൊരു പിന്തുണയുമില്ലാതെ വഹിക്കേണ്ടിവരുന്നത് സ്ത്രീയാണ്. ഏകാംഗ രക്ഷാകര്‍തൃത്വം (സിംഗിള്‍ പാരന്റിഗ്) സ്ത്രീയുടെ മേലും കുട്ടികളുടെ മേലും അടിച്ചേല്‍പ്പിക്കപ്പെടുന്ന കടുത്ത അനീതിയാണ്. പുതിയ കണക്കനുസരിച്ച് പതിനഞ്ച് ലക്ഷം അമ്മമാരാണ് മക്കളെ ഒറ്റക്ക് വളര്‍ത്തേണ്ടിവരുന്നത്. ഇത് ഏകാംഗ രക്ഷിതാക്കളായ പിതാക്കളുടെ എട്ടിരട്ടിയാണ്. ഏകാംഗ രക്ഷാകര്‍തൃത്വം എന്ന ലിബറല്‍ സദാചാരത്തിന്റെ ആവിഷ്‌കാരം എത്ര ആഴത്തിലും പരപ്പിലുമാണ് സ്ത്രീവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2011 ല്‍ യു കെയില്‍ നടന്ന പഠനത്തില്‍ 1.5 മില്യണ്‍ അമ്മമാര്‍ക്ക് തങ്ങളെ മാത്രം ആശ്രയിക്കുന്ന മക്കളുണ്ട്.

Back to Top