തഖ്‌വയുടെ വസ്ത്രമാണ് ഉത്തമം
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
”ആദം സന്തതികളെ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗുഹ്യ സ്ഥാനങ്ങള്‍ മറക്കാനുള്ള വസ്ത്രവും അലങ്കാര വസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയുടെ വസ്ത്രമാണ് ഉത്തമം. ജനങ്ങള്‍ ശ്രദ്ധിച്ച് മനസിലാക്കാന്‍ അല്ലാഹു നല്‍കുന്ന ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണിത്.” (7:26)
മനുഷ്യന്റെ പ്രാഥമികാവശ്യമാണ് വസ്ത്രം. അത് ഇന്ന് തര്‍ക്ക വിവാദങ്ങളുടെ വേദിയായിരിക്കുകയാണ്. മത ചിഹ്നങ്ങളെ അവഹേളിക്കുകയും കാലഹരണപ്പെട്ട സദാചാരമായി കാണുകയും ചെയ്യുന്ന പ്രവണതയാണ് ഈ വിവാദങ്ങള്‍ക്ക് പിന്നില്‍. ഓരോരുത്തരുടേയും സാംസ്‌കാരിക സങ്കല്‍പങ്ങള്‍ക്ക് അനുസൃതമായ വസ്ത്ര രീതി നാട്ടിലെ പൗരാവകാശം വകവെച്ചു നല്‍കുന്ന കാര്യവുമാണ്.
മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ് വസ്ത്രം. ആദ്യ മനുഷ്യന്‍ മുതല്‍ തന്നെ വസ്ത്രധാരണം എന്ന സഹജ ബോധം അവനില്‍ നില നില്‍ക്കുന്നുണ്ട്. മറ്റെല്ലാ കാര്യങ്ങളിലുമെന്ന പോലെ വേഷ വിധാനത്തിലും ഇസ്ലാമിന് കൃത്യമായ സമീപനമുണ്ട്. അത് മാന്യമായിരിക്കണം, ഭംഗിയുമുണ്ടാവണം. ദുരഭിമാനത്തിന്റേയും ദുഷ്ചിന്തകളുടേയും പ്രകടനമാകരുത്. അതില്‍ ദുര്‍വ്യയവും പാടില്ല. പ്രാര്‍ഥനാ പൂര്‍വം, അല്ലാഹുവിന് കൃതജ്ഞത പ്രകാശിപ്പിച്ചു കൊണ്ടായിരിക്കണം പുതു വസ്ത്രമണിയേണ്ടത്.
നഗ്‌നത മറക്കാനായിരിക്കണം വസ്ത്ര ധാരണമെന്ന് ഈ വചനം വ്യക്തമാക്കുന്നു. അത് നിര്‍ണയിക്കാനുള്ള ധര്‍മ സദാചാര മാനദണ്ഡങ്ങള്‍ കാലത്തിനനുസരിച്ച് മാറ്റപ്പെടണം എന്ന കേവല ഭൗതിക സങ്കല്‍പ്പം ബുദ്ധി ശൂന്യമാണ്. വസ്ത്ര ധാരണത്തിലൂടെ ശരീര സുരക്ഷ കൂടുതല്‍ ആവശ്യമുള്ളവരാണ് സ്ത്രീകള്‍. അതുകൊണ്ട് തന്നെ അവരുടെ ഡ്രസ്‌കോഡില്‍ കുറച്ചധികം കണിശത മതം നിശ്ചയിച്ചിരിക്കുന്നു. സൗന്ദര്യ പ്രകടനത്തിന് അവരുടെ വേഷം ഇടം നല്‍കരുത്. വസ്ത്രം ധരിച്ചിട്ടും അര്‍ധ നഗ്‌നകളായി നടക്കുന്ന ആധുനിക സംസ്‌ക്കാരം യഥാര്‍ഥത്തില്‍ സ്ത്രീത്വത്തിന് അപമാനവും, നൈതികതയോടുള്ള പോരാട്ടവുമാണ്.
‘തഖ്‌വയുടെ വസ്ത്രമാണ് ഉത്തമം’ എന്നത് കാലാകാലങ്ങളില്‍ മനുഷ്യന്‍ സ്വീകരിക്കുന്ന വസ്ത്ര സംസ്‌കാരത്തില്‍ ധര്‍മനിഷ്ടയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. മനസ്സില്‍ വേരുറക്കേണ്ട വിശ്വാസവും അത് ഉല്‍പാദിപ്പിക്കുന്ന ഭക്തിയുമാണ് ജീവിതത്തെ സുകൃതങ്ങളിലൂടെ ശാക്തീകരിക്കുന്നത്. അതിന്റെ പ്രതിഫലനം വസ്ത്രത്തിലും പ്രകടമാവണം.
ഈ പ്രപഞ്ചത്തോളം പഴക്കവും പാരമ്പര്യവുമുള്ള സത്യവും ധര്‍മവും മാറ്റമില്ലാതെ തുടരണമെന്നതാണ് ദൈവിക ബോധനം. ഭൗതികാര്‍ജിത സൗകര്യങ്ങളേക്കാള്‍ ധര്‍മനിഷ്ഠയാണ് വ്യക്തിക്കും സമൂഹത്തിനും സുരക്ഷിതത്വം നല്‍കുന്നത്. അത് ഉപേക്ഷിക്കുമ്പോള്‍ പകരം വരുന്നത് അരാജകത്വവും ആഭാസങ്ങളുമായിരിക്കും. ഇസ്ലാമിന്റെ ചിഹ്നങ്ങളെ ജീവിതത്തിന്റെ പൊതുധാരയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ബോധപൂര്‍വ നീക്കങ്ങള്‍ അക്കാദമിക് സാംസ്‌കാരിക തലങ്ങളില്‍ നടക്കുന്നുണ്ട്. ഉത്തരാധുനികത സൃഷ്ടിക്കുന്ന മൂല്യരഹിത ജീവിതം കൊടിയ ദുരന്തങ്ങളിലായിരിക്കും അവസാനിക്കുന്നത്.
നഗ്‌നതയുടെ വിപണനമാണ് ലോകത്ത് വളര്‍ന്നു വരുന്ന ലാഭകരമായ ബിസിനസ്. നഗ്‌നത മറക്കാനുളള വസ്ത്രത്തിന്റെ പരസ്യങ്ങള്‍ പോലും നഗ്‌നത ആസ്വദിപ്പിക്കാനുളള സന്ദര്‍ഭങ്ങളാണിന്ന്. ധര്‍മത്തിന്റെയും ആത്മ വിശുദ്ധിയുടേയും വസ്ത്രമുരിയുന്ന മതവിരുദ്ധ ചിന്തകളെ ചെറുത്ത് തോല്‍പിക്കാന്‍ അന്തസും മാന്യതയുമുള്ള, തഖ്‌വയുടെ വസ്ത്ര സങ്കല്‍പം ജനപ്രിയമാകേണ്ടതുണ്ട്.