1 Friday
March 2024
2024 March 1
1445 Chabân 20

ലിംഗഭേദമില്ലാത്ത പ്രണയങ്ങള്‍!


കേരളത്തിലെ ഇടതു വിദ്യാര്‍ഥി സംഘടന ഈ വര്‍ഷത്തെ പ്രണയദിനത്തോട് അനുബന്ധിച്ച് പ്രചരിപ്പിച്ച പോസ്റ്ററുകളിലെ മുഖ്യ പ്രമേയം ലിംഗഭേദമില്ലാത്ത പ്രണയങ്ങളെക്കുറിച്ചായിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമുകള്‍ക്കായുള്ള ചില മുറവിളികളും അതിനു ശേഷം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇപ്പോള്‍ ജെന്‍ഡര്‍ എന്ന വിഷയം വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒരു മുസ്‌ലിം കുടുംബത്തിലെ രണ്ടു പെണ്‍കുട്ടികള്‍ പരസ്പരം പ്രണയിക്കുകയും ജീവിതപങ്കാളികളായി മാറുകയും ചെയ്തതാണ് പുതിയ സംഭവവികാസം. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടികളിലൊരാള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഈ സംഭവത്തെ തുടര്‍ന്ന് സ്വവര്‍ഗ ലൈംഗികതയെ മഹത്വവത്കരിക്കാനും ഇസ്‌ലാമിനുള്ളില്‍ സാധൂകരിക്കാനുമുള്ള ചില ശ്രമങ്ങള്‍ സോഷ്യല്‍ മീഡിയകളിലുണ്ടായി. പാശ്ചാത്യ അക്കാദമിസ്റ്റുകളുടെ പഠനങ്ങളെ ഉപജീവിച്ചുകൊണ്ടുള്ള പാതിവെന്ത സിദ്ധാന്തങ്ങളാണ് അവര്‍ എഴുന്നള്ളിക്കുന്നത്. ഒരു കാര്യം വ്യക്തമാണ്: സ്വവര്‍ഗരതിയെ ന്യായീകരിക്കുകയോ അംഗീകരിക്കുകയോ അതിനോട് അനുഭാവം പുലര്‍ത്തുകയോ ചെയ്യുന്ന ഒന്നുംതന്നെ ഇസ്‌ലാമിക പ്രമാണങ്ങളിലോ ചരിത്രത്തിലോ ഇല്ല. സ്വവര്‍ഗ ലൈംഗികതയോടുള്ള ഇസ്‌ലാമിന്റെ സമീപനം എന്താണ് എന്നതിനു ഖുര്‍ആനിലും പ്രവാചക വചനങ്ങളിലും കൃത്യമായ നിര്‍ദേശങ്ങളുണ്ട്. ആധുനിക ലോകത്ത് പുതുതായുണ്ടായ ഒരു സംഭവവികാസമോ സാമൂഹികാവസ്ഥയോ അല്ല സ്വവര്‍ഗ ലൈംഗികത. ഖുര്‍ആന്‍ അവതരിക്കുന്നതിനും എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച സദൂം നിവാസികളുടെ സ്വവര്‍ഗഭോഗത്തെ അങ്ങേയറ്റം രൂക്ഷമായ ശൈലിയിലാണ് ഖുര്‍ആന്‍ വിമര്‍ശിക്കുന്നത് (ഖുര്‍ആന്‍ 29:28-29, 27:54-58). അതൊരു ദുഷ്പ്രവൃത്തിയാണ് എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. പിന്നെ ഒരു വാദമുള്ളത് സ്വവര്‍ഗ ലൈംഗികത അടക്കമുള്ള ലൈംഗികാഭിനിവേശങ്ങളെ ജെന്‍ഡറായി പരിഗണിച്ച് അവര്‍ക്ക് പ്രത്യേകം അവകാശങ്ങള്‍ നല്‍കണമെന്നതാണ്. ആണ്‍-പെണ്‍ സ്വത്വങ്ങള്‍ക്കു പുറമേ മറ്റൊരു വര്‍ഗസ്വത്വത്തെ ഇസ്‌ലാം അനുവദിക്കുന്നില്ല. മാത്രമല്ല, എന്തുകൊണ്ട് ഇസ്‌ലാം സ്വവര്‍ഗലൈംഗികതയെ എതിര്‍ക്കുന്നുവെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം വിവാഹത്തിലൂടെയല്ലാത്ത എല്ലാ തരം ലൈംഗികതയെയും ഇസ്‌ലാം വിരോധിക്കുന്നു എന്നതാണ്. ആണും പെണ്ണും തമ്മിലുള്ള, നിക്കാഹിന്റെ നിബന്ധനകള്‍ പൂര്‍ത്തീകരിച്ച വിവാഹത്തിലൂടെയുള്ള ലൈംഗികബന്ധം മാത്രമേ ഇസ്‌ലാം അനുവദിക്കുന്നുള്ളൂ. അതിനപ്പുറമുള്ളതെല്ലാം അതിരുകവിയലാണ്, നിഷിദ്ധമാണ്, അത് പ്രകൃതിപരമെന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന ആണും പെണ്ണും തമ്മിലുള്ള ഉഭയകക്ഷി ലൈംഗികബന്ധമായിരുന്നാലും സ്വവര്‍ഗ ലൈംഗികതയായാലും ശരി.
മദ്യപാനം, വ്യഭിചാരം പോലുള്ള ഇസ്‌ലാം വിരോധിച്ച കുറ്റകൃത്യങ്ങള്‍ നിയമപരമായി അനുവദിക്കപ്പെട്ട ഒരു രാജ്യത്താണ് നാം ജീവിക്കുന്നത്. ഈ രാജ്യത്തെ നിയമപ്രകാരം സ്വവര്‍ഗ ലൈംഗികതയും കുറ്റകൃത്യമല്ല. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ മനുഷ്യ കാമനകളും നിയന്ത്രിക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്ത മതമാണ് ഇസ്‌ലാം. മദ്യം സേവിക്കാനും അഗമ്യഗമനത്തിനും ഒരാള്‍ക്ക് ചോദനയുണ്ടെന്നു കരുതി അത് അയാളുടെ അഭിനിവേശവും അവകാശവുമാണെന്ന നിലയ്ക്ക് ഇസ്‌ലാം അത് വകവെച്ചുനല്‍കുന്നില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പേ നിലനിന്നിരുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള എല്ലാ ആചാരങ്ങളെയും നിഷിദ്ധമാക്കുകയും ലൈംഗികതയുടെ അനുവദനീയമായ വഴി പഠിപ്പിക്കുകയും ചെയ്യുകയാണ് ഇസ്‌ലാം ചെയ്തത്. തെറ്റ് ചെയ്യാനുള്ള പ്രേരണ മനുഷ്യസഹജമാണ്. അതിനെ നിയന്ത്രിക്കാനും വെടിയാനുമുള്ള പരിശീലനമാണ് ഇസ്‌ലാമിലെ ആരാധനകളും കര്‍മങ്ങളും മുന്നോട്ടുവെക്കുന്നത്.
ഒരു വിശ്വാസി ഇത്തരം ആളുകളോട് എന്തു സമീപനമാണ് പുലര്‍ത്തേണ്ടത്? മദ്യപാനം, വ്യഭിചാരം പോലുള്ള തെറ്റുകള്‍ ചെയ്യുന്നവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ആ തിന്മയെ മനസ്സു കൊണ്ടെങ്കിലും വെറുക്കാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ലൈംഗികതയില്‍ അതിരുകവിയുന്ന ഏതൊരാളോടും നാം പുലര്‍ത്തേണ്ട സമീപനം ഗുണകാംക്ഷയുടേതാകണം. അതേസമയം, ഇസ്‌ലാം നിഷിദ്ധമാക്കിയ ഒരു കാര്യം ഹലാലാെണന്നു വാദിച്ചുകൊണ്ട് ഹറാമില്‍ തന്നെ തുടരുന്നത് സത്യനിഷേധത്തിന്റെ ലക്ഷണമായാണ് ഇസ്‌ലാം കാണുന്നത്. മദ്യം കഴിക്കുന്നത് ഹറാമാണ്, എന്നാല്‍ മദ്യം ഇസ്‌ലാമില്‍ ഹലാലാണെന്നു വാദിക്കുന്നത് കുഫ്‌റാണ്.
ഈ വേര്‍തിരിവ് നാം ഗൗരവത്തോടെ കാണണം. മതം അനുഷ്ഠിക്കുന്നവര്‍ക്കും മതം ഉപേക്ഷിക്കുന്നവര്‍ക്കും ഒരുപോലെ ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന നാടാണ് നമ്മുടേത്. ഭൗതികമായി നിയമം അനുവദിച്ചിട്ടും ആത്മീയപ്രേരണയാല്‍ തിന്മകളില്‍ നിന്ന് മാറിനില്‍ക്കുന്നവരാണ് വിശ്വാസികള്‍. അതിനാല്‍ തന്നെ ആരെങ്കിലും സത്യനിഷേധിയായി മാറുന്ന സാഹചര്യത്തെ കായികമായി നേരിടേണ്ട ആവശ്യം വിശ്വാസികള്‍ക്കില്ല. അതേസമയം, സത്യനിഷേധത്തിനെതിരെയും അത് മുന്നോട്ടുവെക്കുന്ന സ്വവര്‍ഗ ലൈംഗികത അടക്കമുള്ള തിന്മകള്‍ക്കെതിരെയും പ്രബോധനം നടത്താന്‍ വിശ്വാസികള്‍ക്ക് ബാധ്യതയും അവകാശവുമുണ്ട്.

3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x