30 Monday
June 2025
2025 June 30
1447 Mouharrem 4

രോഗപ്പകര്‍ച്ചയും അപരര്‍ക്കുമേല്‍ കെട്ടിവെക്കുന്നവര്‍

ഇന്ന് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ലോകമൊന്നടങ്കം അതീവ വിനാശകാരിയായൊരു പകര്‍ച്ചവ്യാധിയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ദക്ഷിണാര്‍ധ ഗോളത്തില്‍ (ഏഹീയമഹ ടീൗവേ) മാത്രമല്ല അത് നാശം വിതച്ചുകൊണ്ടിരിക്കുന്നത്, മറിച്ച് പകര്‍ച്ചവ്യാധികള്‍ എന്നാല്‍ തങ്ങളുടെ പൂര്‍വ ചരിത്രത്തിന്‍റെ മാത്രം ഭാഗമാണെന്ന് ധരിച്ചിരുന്ന യൂറോപ്പിലെയും നോര്‍ത്ത് അമേരിക്കയിലെയും ആസ്ട്രേലിയയിലെയും രാജ്യങ്ങളില്‍ കൂടിയാണ്. തൊണ്ണൂറുകളില്‍ ഈ രാജ്യങ്ങളൊക്കെ എച്ച് ഐ വി/ഐഡ്സ് വ്യാധിയെ അഭിമുഖീകരിച്ചിട്ടുണ്ടെന്നത് ശരി തന്നെ, എന്നാല്‍ അവരില്‍ ഭൂരിഭാഗവും അതിനെ മനസ്സിലാക്കിയത് തങ്ങളുടെ സമൂഹത്തിലെ അപരരെ, കൃത്യമായി പറഞ്ഞാല്‍, സ്വവര്‍ഗ ലൈംഗികതയുള്ളവരെയും ന്യൂനപക്ഷങ്ങളെയും വികസ്വര രാജ്യങ്ങളിലെ പൗരന്മാരെയും മാത്രം ബാധിക്കുന്ന പ്രശ്നമാണ് അതെന്നാണ്.
കൊറോണ വൈറസ് ഫാമിലി യിലെ ഉഗ്രശേഷിയുള്ളൊരു വൈറസ് ഈ ജനുവരിയാദ്യം ചൈനയില്‍ സ്ഥിരീകരിക്കപ്പെട്ടതില്‍ പിന്നെ, ഇറ്റലിയും യു എസും യു കെയും ജര്‍മനിയുമടക്കമുള്ള നൂറിലേറെ രാജ്യങ്ങളിലേക്ക് പടര്‍ന്നുകയറിയിട്ടുണ്ട്. മാര്‍ച്ച് പതിനൊന്നിന് ലോകാരോഗ്യ സംഘടന കൊറോണ വൈറസ് വ്യാപനത്തെ മഹാവ്യാധിയായി പ്രഖ്യാപിച്ചു. കൊറോണ ബാധിത രാജ്യങ്ങളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. തങ്ങളുടെ ബാഹ്യ/ആന്തരിക ‘അപരരി’ല്‍ മാത്രമൊതുങ്ങാതെ, വിവേചനരഹിതമായി പൗരാവലിയെ ഒന്നടങ്കം വേട്ടയാടുന്നൊരു മാരകവ്യാധിയുടെ പിടിയിലാണ് ഇന്ന് ഉത്തരാര്‍ധ ഗോളമെന്ന് പറയാം. ഈ വ്യാധിയില്‍ മരണമടഞ്ഞവരുടെ എണ്ണം പതിനായിരം പിന്നിടുകയും ലോകസമ്പദ് വ്യവസ്ഥ ഒന്നടങ്കം സ്തബ്ദമാവുകയും ചെയ്തു. വിദൂര ദൃശ്യങ്ങള്‍ കണക്കെ പകര്‍ച്ച വ്യാധികളെ കണ്ടിരുന്ന പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാരില്‍ വൈറസ് കൂടുതല്‍ നാശം വിതക്കും മുമ്പ് എങ്ങനെയെങ്കിലും നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള അക്ഷീണ യത്നത്തിലാണിപ്പോള്‍.
വൈറസ്ബാധയെ തുടര്‍ന്ന് ആറായിരത്തിലേറെ പേര്‍ മരിച്ച ഇറ്റലിയില്‍ രാജ്യവ്യാപകമായി ക്വാറന്‍റൈന്‍ പ്രഖ്യാപിക്കപ്പെടുകയും രാജ്യമൊന്നടങ്കം നിശ്ചലമാവുകയും ചെയ്തു. യു എസ് യൂറോപ്യ ന്‍ രാജ്യങ്ങളുടെ പൗരന്മാര്‍ക്ക്മേ ല്‍ ഒരു മാസത്തെ യാത്രാനിരോധനം ഏര്‍പ്പെടുത്തി. ഓസ്ട്രിയ, ഡെ ന്മാര്‍ക്ക്, ഫ്രാന്‍സ്, ലക്സംബര്‍ഗ്, സ്വിറ്റസര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ള തങ്ങളുടെ അതിര്‍ത്തി ജര്‍മനി അടച്ചിടുകയുണ്ടായി. നൂറിലേറെ പേര്‍ സംബന്ധിക്കുന്ന മുഴുവന്‍ പൊതുപരിപാടികളും ജര്‍മന്‍ സര്‍ക്കാര്‍ നിരോധിച്ചു. സ്പെയിന്‍ എല്ലാ താമസക്കാരോടും വീടുകളുടെ അകത്ത്തന്നെ കഴിയാന്‍ ആവശ്യപ്പെടുകയും സ്കൂളുകളും റെസ്റ്റോറന്‍റുകളും ബാറുകളും അടക്കുകയും ചെയ്തു. വ്യോമപാതകളും ഏറെക്കുറെ വിജനമായി മാറിയിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും തിരക്ക് പിടിച്ച വിമാനത്താവളമായിരുന്ന ലണ്ടനിലെ ഹീത്രൂ എയര്‍പോര്‍ട്ടില്‍ 2019 ലെ ഇതേ സമയവുമായി തുലനം ചെയ്തുനോക്കുമ്പോള്‍ യാത്രക്കാരുടെ സംഖ്യ 4.8% മാത്രമായി ചുരുങ്ങിയത്രേ.
ഈ പകര്‍ച്ച വ്യാധിയോടും ഗ്ലോബല്‍ നോര്‍ത്ത് കൈക്കൊണ്ട സമീപനം പല നിലക്കും ചരിത്രത്തിലെ പ്ലേഗ് വ്യാപന സമയത്ത് യൂറോപ്പ് കൈക്കൊണ്ടിരുന്ന അപരവിദ്വേഷപൂര്‍ണമായ സമീപനങ്ങളോട് സാദൃശ്യമുള്ളവയാണ്. രോഗത്തെ പുറത്ത് നിര്‍ത്തുന്നതിനായി തങ്ങളുടെ രാജ്യാതിര്‍ത്തികള്‍ വിദേശികള്‍ക്ക് മുന്നില്‍ കൊട്ടിയടക്കാന്‍ ധൃതി കൂട്ടുന്നതിന് പുറമെ, യുക്തിരഹിതമായ ഭീതിയോടെയും അപരവിദ്വേഷത്തോടെയും വംശീയ മുന്‍ധാരണകളോടെയും പ്രതികരിക്കുകയാണ് ഈ രാജ്യങ്ങള്‍. യു എസ് മുതല്‍ യു കെ വരെയുള്ള രാജ്യങ്ങളിലെ ഏഷ്യന്‍ വംശജര്‍, പൊതുസമൂഹം ഈ വിപത്തിന്‍റെ കാരണക്കാരായി അവരെ മുദ്രകുത്തുക വഴി, വംശീയ അതിക്രമങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു.
പൊതുവെ, ഗ്ലോബല്‍ നോര്‍ത്തിലെ രാജ്യങ്ങള്‍ ഈ പ്രതിസന്ധിയുടെ ഒരു ആഗോള സ്വഭാവം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുകയുണ്ടായി. അവര്‍ തങ്ങളെ സ്വയം സംരക്ഷിക്കാന്‍ എടുത്തുചാടിയ വേളയില്‍, മാറാവ്യാധികള്‍ അപരിഷ്കൃതരും അപരിചിതരുമായ ‘അപരര്‍’ വരുത്തിവെക്കുന്നതാണെന്ന അവരുടെ മനോവ്യാപാരങ്ങളുടെ ചരിത്രസ്ഥലികള്‍ ഒരിക്കല്‍ കൂടെ അകപ്പെട്ടുപോയി.
അനീസ് മുഹമ്മദ്

Back to Top