നിര്‍ഭയയില്‍ കണ്ട നീതി ആവര്‍ത്തിക്കട്ടെ
നിര്‍ഭയ കേസില്‍ ഒടുവില്‍ വധശിക്ഷ നടപ്പാക്കപ്പെട്ടിരിക്കുന്നു. മാതൃകാപരവും സമാന കുറ്റവാസനകളുള്ളവര്‍ക്ക് മുന്നറിയിപ്പുമാണ് ഈ നടപടിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ബാബരി മസ്ജിദ് പോലുള്ള വിഷയങ്ങളില്‍ ഒട്ടും നീതിയുക്തമല്ലാത്ത വിധി പുറപ്പെടുവിക്കുക വഴി നീതിപീഠത്തെക്കുറിച്ച് സാധാരണ ജനങ്ങളില്‍ അവമതിപ്പുണ്ടായിരുന്നു. എന്നാല്‍, നിര്‍ഭയ കേസിലെ നടപടി ആശ്വാസത്തിന്‍റെ ചെറുകണിക നമ്മില്‍ ബാക്കിയാക്കുന്നുണ്ട്. വധശിക്ഷയോട് പല ഏജന്‍സികളും എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ലൈംഗികാതിക്രമം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷയല്ലാതെ മറ്റെന്താണ് പോംവഴി? ബലാത്സംഗത്തിന് വധശിക്ഷ നടപ്പാക്കുന്ന രാഷ്ട്രങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ കുറവാണ് എന്ന കണക്ക് നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതുണ്ട്. കൈംഗികാതിക്രമങ്ങള്‍ക്ക് ശിക്ഷ വിധിക്കപ്പെട്ട് ഇപ്പോഴും ജനങ്ങളുടെ നികുതിപ്പണം തിന്നു കൊഴുക്കുന്നവര്‍ ഏറെയുണ്ട് നമ്മുടെ നാട്ടില്‍. വൈകിയെത്തുന്ന നീതി അനീതി തന്നെയാണെന്ന് നാം മനസിലാക്കണം. പ്രഖ്യാപിക്കപ്പെട്ട വിധികളെങ്കിലും എളുപ്പത്തില്‍ നടക്കേണ്ടതുണ്ട്.
ടി കെ മൊയ്തീന്‍
മുത്തനൂര്‍
