ജനസംഖ്യാ ദിനാചരണവും ഭീതിയും
മുഹമ്മദ് ഇല്‍യാസ്
കഴിഞ്ഞ വാരത്തില്‍ ലോകം ജനസംഖ്യാ ദിനമാചരിച്ചു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം. കൊറോണയുടെ ചങ്ങലക്കണ്ണി മുറിക്കാന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണുകള്‍ പ്രഖ്യാപിച്ച വേളയിലാണ് ഇത്തവണ ജനസംഖ്യാ ദിനാചരണം നടത്തിയത്. ലോക ജനസംഖ്യ 500 കോടി തികഞ്ഞതിന്റെ ഓര്‍മയ്ക്ക് 1987 ജൂലൈ 11-നാണ് ആദ്യമായി ജനസംഖ്യാ ദിനം ആച്ചരിച്ചത്. ജനസംഖ്യാ വര്‍ധന സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. 33 വര്‍ഷമായി ജൂലൈ 11 സ്ഥിരം ജനസംഖ്യാദിനമായി ആചരിക്കുന്നുണ്ടെങ്കിലും ബോധവത്കരണം അത്ര ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1999-ല്‍ ലോക ജനസംഖ്യ 600 കോടിയും 2011-ല്‍ 700 കോടിയും പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം നിലവില്‍ 779 കോടി ജനങ്ങള്‍ ലോകത്തുണ്ട്.
ലോക്ഡൗണ്‍ വേളയില്‍ ബേബി ബൂം പ്രതിഭാസമുണ്ടാകുമെന്ന് ഭയപ്പെടുന്ന ചിലരുണ്ട്. ലോക മഹായുദ്ധങ്ങളുടെ കാലത്താണ് മുമ്പ് ബേബി ബൂം ഉണ്ടായത്. നിശ്ചിത കാലയളവിനുള്ളില്‍ ജനന നിരക്കിലുണ്ടാവുന്ന അപ്രതീക്ഷിത വര്‍ധനവാണ് ബേബി ബൂം. കൊറോണയെ പേടിച്ച് ലോകം വീടുകളില്‍ അടച്ചുപൂട്ടിയിരിക്കേണ്ടി വന്നതോടെ മിക്ക രാജ്യങ്ങളിലും ബേബി ബൂം റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ മുന്നറിയിപ്പ്. ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം.
എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ജനനവും മരണവും സ്രഷ്ടാവിന്റെ ഇംഗിതത്തിന് അനുസരിച്ചുണ്ടാവുന്നതാണ്. ജനന നിയന്ത്രണത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ജനങ്ങളെ സൃഷ്ടിച്ച ദൈവം അവര്‍ക്കുള്ള വിഭവങ്ങളുമൊരുക്കുമെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ദാരിദ്ര്യത്തിന്റെ പേരില്‍ ലോകം ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുമ്പോള്‍, മനുഷ്യവിഭവമെന്ന തുല്യതയില്ലാത്ത പ്രതിഭാസത്തെ കാണാതെ പോകുന്നത് അപലപനീയം തന്നെ
