21 Saturday
December 2024
2024 December 21
1446 Joumada II 19

സ്വേച്ഛാധിപത്യ മോഹികളെ കരുതിയിരിക്കുക

സുരക്ഷാ നടപടികള്‍ ദുര്‍ബലമായതു കൊണ്ടല്ല കോവിഡ്-19 പ്രതിസന്ധി ഇത്രമാത്രം രൂക്ഷമായത്. മറിച്ച് പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുന്ന തുച്ഛമായ തുകയാണ് അതിനു കാരണം. സ്വകാര്യതയിലേക്ക് കടന്നുകയറും വിധം സുരക്ഷാനിരീക്ഷണ സംവിധാനങ്ങള്‍ക്ക് പൗരന്മാര്‍ക്കു മേല്‍ കൂടുതല്‍ അധികാരം നല്‍കുകയല്ല ഇതിനു പരിഹാരം. മറിച്ച് പൊതുസമ്പത്ത് പുനര്‍ വിതരണം ചെയ്യുക, ആയുധങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും വേണ്ടിയുള്ള ധനവിനിയോഗം വെട്ടിക്കുറക്കുക, അതേസമയം ആരോഗ്യവിദ്യാഭ്യാസ രംഗത്തിനുള്ള ധനസഹായം വര്‍ധിപ്പിക്കുക എന്നിവയാണ് പരിഹാരം.
കൂടുതല്‍ അധികാരം സമൂഹത്തിന് നല്‍കണം. ജനക്ഷേമത്തിനായിരിക്കണം സമൂഹം മുന്‍ഗണന നല്‍കേണ്ടത്. രാഷ്ട്രീയക്കാരുടെ ആര്‍ത്തിയും അത്യാഗ്രഹവും തൃപ്തിപ്പെടുത്തുന്ന കാര്യങ്ങള്‍ക്കു കൂട്ടുനില്‍ക്കരുത്. അതു കൂടുതല്‍ ആയുധ വ്യാപാരത്തിനും സംഘര്‍ഷത്തിനും അനാവശ്യ മരണങ്ങള്‍ക്കും കാരണമാകും. ആരോഗ്യരക്ഷാ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ഉടമസ്ഥതയിലായിരിക്കണം. ഭരണകൂട ഉടമസ്ഥാവകാശമല്ല, മറിച്ച് ഒരുതരം ജനകീയ ഉടമസ്ഥാവകാശമാണത്. അതിര്‍ത്തികള്‍ക്കിടയിലെ മെഡിക്കല്‍ സ്ഥാപനങ്ങളെ സ്വതന്ത്രമാക്കാനുള്ള ശ്രമങ്ങള്‍ക്കു വേണ്ടി ലോകമെമ്പാടുമുള്ള സ്വതന്ത്രരായ ആളുകള്‍ ഒന്നിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക, അങ്ങനെയെങ്കില്‍ ഏതൊരാള്‍ക്കും ലോകത്തെവിടെയും ശരിയായ വൈദ്യസഹായം ലഭിക്കുക തന്നെ ചെയ്യും.
സ്വേച്ഛാധിപത്യത്തിനും ഏകാധിപത്യത്തിനുമെതിരെ അത്തരമൊരു ഐക്യദാര്‍ഢ്യം സൃഷ്ടിക്കാന്‍ നമുക്ക് കഴിയുന്നില്ലെങ്കില്‍, കോവിഡ്-19 നെക്കാള്‍ മാരകമായ ഒരു ദുരന്തത്തിന് ലോകം അടുത്തു തന്നെ സാക്ഷിയാവും. ഈ മഹാമാരി, ഇത്രമേല്‍ വിനാശകാരിയാണെങ്കിലും, ലോകത്തിന്‍റെ അധികാര ബലാബലത്തെ ഒറ്റയടിക്ക് മാറ്റില്ല. ആഗോള വന്‍ശക്തികള്‍ അവരുടെ അപ്രമാദിത്വം പ്രയോഗിക്കുന്നത് തുടരും.
തദ്ഫലമായി, യുദ്ധത്തിലൂടെയല്ലാതെ അധികാര അതിര്‍ത്തികള്‍ പുനര്‍നിര്‍മിക്കാനുള്ള ഒരു മാര്‍ഗവും ഉണ്ടാകില്ല, ഇത് വ്യാപകമായ മരണത്തിനും പലായനത്തിനും കാരണമാകും. നമ്മുടെ ആരോഗ്യം, വിദ്യാഭ്യാസം, സിവില്‍ സൊസൈറ്റി സംവിധാനങ്ങള്‍ എന്നിവയെ ദുര്‍ബലമാക്കുന്ന ഏകാധിപത്യത്തെയും സൈനിക വ്യാവസായിക സമുച്ചയത്തെയും നിരാകരിക്കുക എന്ന ഏകീകൃത അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന, ലോകമെമ്പാടുമുള്ള സ്വതന്ത്ര മനുഷ്യരുടെ ഒരു ഐക്യമുന്നണിക്കല്ലാതെ അത്തരമൊരു സാഹചര്യം ഉയര്‍ന്നുവരുന്നതിനെ തടയാന്‍ കഴിയില്ല.
യുദ്ധ പെരുമ്പറകള്‍ വീണ്ടും മുഴങ്ങുന്ന, ജനങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഏതൊരു സംസാരവും രാജ്യസുരക്ഷയുടെ ലംഘനവും വിഘടനവാദവുമാവുന്ന ഒരു ഘട്ടമെത്തുന്നതിനു മുമ്പ്, നിലവിലെ വൈറസ് പ്രതിസന്ധിക്കുമപ്പുറത്തേക്ക് ലോകത്തിലെ സ്വതന്ത്രരായ ആളുകള്‍ ചിന്തിക്കേണ്ടതുണ്ട്.
ഇന്ന്, ലോകത്തിലെ സ്വതന്ത്രരായ ആളുകള്‍ക്ക് പൗരന്‍മാരെ അവഗണിക്കുന്ന സര്‍ക്കാറുകളെയും ഭരണകൂടങ്ങളെയും സമാധാനപരമായി താഴെയിറക്കാന്‍ കഴിയും. പൊതുജനാരോഗ്യം സംരക്ഷിക്കാനും, മഹാമാരികളെ ചെറുക്കാനും, യുദ്ധങ്ങളെ തടുക്കാനും വേണ്ടിയുള്ള ഒരു മാനുഷിക കടമയാണത്. അത്തരം മഹത്തായ ലക്ഷ്യങ്ങളെ ലോകജനസംഖ്യയുടെ ബഹുഭൂരിപക്ഷവും പിന്തുണക്കുക തന്നെ ചെയ്യും. പ്രത്യേകിച്ച് അവരുടെ പണം സൈന്യങ്ങള്‍ക്കും കൊട്ടാരങ്ങള്‍ക്കും വേണ്ടി പാഴാക്കികളയുകയും, അതേസമയം ആശുപത്രികളും വിദ്യാലയങ്ങളും പരിപാലിക്കപ്പെടാതെ നശിപ്പിക്കപ്പെടുകയും ചെയ്യുന്നത് കണ്‍മുന്നില്‍ കാണേണ്ടി വരുമ്പോള്‍.
നാം ഇപ്പോള്‍ തന്നെ കര്‍മനിരതരായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ ഈ ഭരണകൂടങ്ങള്‍ കൂടുതല്‍ സ്വേച്ഛാധിപത്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയത്തിനിടമില്ല.

അബ്ദുര്‍റസാഖ്

Back to Top