മാസ്‌ക് ധരിക്കാന്‍ എന്താണിത്ര മടി
അബ്‌ദുല്ല കോഴിക്കോട്
കോവിഡ് മഹാമാരി ദിനംപ്രതി ശക്തിയാര്‍ജിക്കുകയാണ്. എന്നാല്‍ നമുക്ക് മുന്‍പുണ്ടായിരുന്നത്ര ജാഗ്രത ഇപ്പോഴുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. വേണ്ടത്ര സുരക്ഷാ നടപടികള്‍ സ്വീകരിക്കാത്തതിന്റെ പേരില്‍ ദിനംപ്രതി അയ്യായിരത്തിലധികം പേര്‍ ശിക്ഷാനടപടികള്‍ക്ക് വിധേയമാകുന്നുണ്ട്. കോവിഡ് ശക്തമാകുമ്പോള്‍ പോലും വേണ്ടത്ര ശ്രദ്ധ നല്‌കാന്‍ ആളുകള്‍ വിമുഖരാവുകയാണ്.
ഒരു വശത്ത് കണ്ടെയ്‌ന്‍മെന്റ് സോണുകളും ട്രിപ്പിള്‍ ലോക്‌ഡൗണും ഉള്‍പ്പെടെ നിശ്ചയിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോഴാണ് പൊതുജനങ്ങളുടെ ജാഗ്രതയില്‍ അയവ് വരുന്നതായി ആരോഗ്യപ്രവര്‍ത്തകരുടെ പരാതി. മാസ്‌ക് ഉപയോഗം, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും അടിസ്ഥാനപരമായി പാലിക്കേണ്ട കാര്യമാണെന്ന് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതല്‍ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരമായി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോവിഡ് അനിയന്ത്രിതമായി വ്യാപിക്കുമ്പോഴും മാസ്‌ക് ഉപയോഗിക്കാന്‍ ബോധവല്‍ക്കരിക്കേണ്ടി വരുന്നതിന്റെ നിസ്സഹായാവസ്ഥയെക്കുറിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ സംസാരിച്ചത്.
ഇപ്പോഴും മൂക്കും വായും മൂടുന്ന തരത്തില്‍ മാസ്‌ക്ക് ഉപയോഗിക്കാന്‍ പലര്‍ക്കും മടിയാണ്. പോലീസുകാരുടെ കണ്ണില്‍ പെടുന്ന ആളുകള്‍ക്കെതിരെയാണ് കേസുകള്‍. ആരോഗ്യപ്രവര്‍ത്തകരും അധികൃതരും ഈ വായിട്ടലക്കുന്നതെല്ലാം നമ്മുടെ കൂടി നന്മക്കാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.