8 Friday
August 2025
2025 August 8
1447 Safar 13

വിശ്വാസിയുടെ റമദാന്‍

കനത്ത പ്രതിസന്ധിയിലേക്കാണ് ഈ വര്‍ഷം റമദാന്‍ കടന്നു വന്നത്. ആശങ്കകള്‍ക്കിടെ കടന്നുവന്ന റമദാനിനെ ഇരുകൈയും നീട്ടിയാണ് മുസ്ലിം സമൂഹം എതിരേറ്റത്. ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി കൊറോണയെ നേരിടാനായി വിവിധ തലത്തിലുള്ള നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുകയാണ്.
വിശ്വാസി സമൂഹത്തിന് റമദാന്‍ നല്‍കുന്ന ആത്മവിശുദ്ധിയും സന്തോഷവും ചെറിയ കാര്യമല്ല. ആത്മസംസ്കരണത്തിനും പാപമോചനത്തിനും ദൈവത്തോട് കൂടുതല്‍ അടുക്കാന്‍ വേണ്ടിയാണ് അവര്‍ ഈ മാസത്തെ വിനിയോഗിക്കാറുള്ളത്. അതില്‍ വലിയ അളവില്‍ സ്വാധീനം ചെലുത്തുന്ന ഒന്നാണ് മസ്ജിദുകള്‍. അഞ്ച് നേരം പള്ളിയില്‍ ജമാഅത്തായി നമസ്കരിച്ചും ഖുര്‍ആന്‍ പാരായണം ചെയ്തും തറാവീഹ് നമസ്കാരങ്ങളില്‍ ഏര്‍പ്പെട്ടും അവസാനത്തെ ദിനരാത്രങ്ങളില്‍ പള്ളികളില്‍ ഭജനമിരുന്നും ഇഫ്താര്‍ സംഗമങ്ങള്‍ നടത്തിയും ഫിത്ര്‍ സകാത്ത് വിതരണം ചെയ്തും റമദാന്‍ മാസത്തെ വിശ്വാസി സമൂഹം വിശുദ്ധിയുടെയും സഹാനുഭൂതിയുടെയും ആഘോഷമാക്കി മാറ്റും.
എന്നാല്‍ ഇത്തവണ ആ മസ്ജിദുകളെല്ലാം അടച്ചിടണമെന്ന നിര്‍ദേശം തെല്ലൊന്നുമല്ല വിശ്വാസികളെ വേദനിപ്പിച്ചത്.
എങ്കിലും മതം പഠിപ്പിച്ച മാതൃകകളും നിര്‍ദേശങ്ങളും മാനദണ്ഡമാക്കി വിശുദ്ധ മാസത്തെ പുണ്യങ്ങള്‍ തേടിപ്പിടിക്കുന്നതില്‍ അമാന്തം കാട്ടാതെ വര്‍ധിത ശക്തിയോടെ മുന്നോട്ടു പോകുകയാണ് ചെയ്തത്. വീടുകളില്‍ ജമാഅത്തായി നമസ്കരിച്ചും ധാനധര്‍മങ്ങള്‍ നല്‍കിയും കുടുംബബന്ധങ്ങളും അയല്‍വാസി ബന്ധങ്ങളും ശക്തിപ്പെടുത്തിയും മുന്നേറുകയാണവര്‍. ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള മാനസിക കരുത്ത് തങ്ങള്‍ക്ക് നല്‍കി കരുത്തേകാനും ഈ ഭൂമുഖത്തു നിന്നും മാരകമായ പകര്‍ച്ചവ്യാധികളെ തുടച്ചുനീക്കാനും അവര്‍ വിശുദ്ധ റമദാനില്‍ പ്രപഞ്ചനാഥനോട് പ്രാര്‍ഥിക്കുന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രയാസമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാനും പ്രവര്‍ത്തിക്കാനും അവര്‍ റമദാനിനെ ഉപയോഗപ്പെടുത്തുന്നു. വിശക്കുന്നവന്‍റെ വേദന അറിയുന്നതിലൂടെ നാട്ടിലെ വിശപ്പകറ്റാനും അവര്‍ നേതൃത്വം നല്‍കുന്നു. ആവശ്യക്കാരായ ആളുകള്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ നല്‍കിയും അശരണരെയും അഗഥികളെയും സഹായിച്ചും പുണ്യമാസത്തെ പ്രതിസന്ധി കാലത്തും ആഹ്ലാദചിത്തരായി ആത്മവിശ്വാസത്തോടെ മുന്നോട്ടു കൊണ്ടുപോകുകയാണ് ലോകത്താകമാനമുള്ള മുസ്ലിം സമൂഹം. റമദാനിന്‍റെ പകലിരവുകളില്‍ നിനച്ചിരിക്കാതെ ഉദാത്ത മാതൃക കാണിക്കുന്നവരാകാന്‍ വേണ്ടി പ്രയത്നിക്കുകയാണവര്‍.
-അബ്ദുന്നസീര്‍

Back to Top