ഐ എം എയുടെ രാജ്യവ്യാപക സമരം ആയൂര്‍വേദ ചികിത്സക്കെതിരെയുള്ള സംസ്‌കാരം ഊട്ടിയുറപ്പിക്കാന്‍
എ ഇഖ്ബാല്‍, ആലപ്പുഴ
ഐ എം എയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന രാജ്യവ്യാപക സമരം രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ശസ്ത്രക്രിയ നടത്താന്‍ തങ്ങള്‍ക്കു മാത്രമേ സാധ്യമാകൂ എന്ന തരത്തിലുള്ള പ്രചരണം പൗരത്വ ബോധമുള്ള ഒരു സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുകയില്ല. ഏതുതരം ചികിത്സാ രീതി പിന്തുടരണമെന്ന് ഐ എം എ മാത്രം തീരുമാനിച്ചാല്‍ മതിയെന്ന ഹുങ്ക് വരേണ്യ വര്‍ഗ സംസ്‌കാരം ഊട്ടി ഉറപ്പിക്കാനുള്ള വികലമായ തീരുമാനമാണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നേടിയ അലോപ്പതി ബിരുദം മനുഷ്യനന്മക്കായി പ്രയോജനപ്പെടുത്താതെ വിലപേശി ശസ്ത്രക്രിയക്ക് കണക്കു പറഞ്ഞ് കാശ് വാങ്ങുന്ന ഭിഷഗ്വര വര്‍ഗത്തിന്റെ ചെയ്തികള്‍ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ സഹിച്ചുകൊള്ളണമെന്ന ജല്പനം അതിരു കടന്നതാണ്. സംഘടിത ശക്തികൊണ്ട് സര്‍ക്കാറിന്റെ ജനോപകാരപ്രദമായ പദ്ധതികളെ തകിടം മറിക്കാമെന്നുള്ള ആഗ്രഹം കടന്ന കൈയാണ്. അലോപ്പതി ചികിത്സാ സമ്പ്രദായത്തിലെ പാകപ്പിഴകള്‍ മൂലം മനുഷ്യ ജീവിതത്തിന് ഉണ്ടാകുന്ന കെടുതികള്‍ മറച്ചുവെച്ചുകൊണ്ടുള്ള പ്രചരണം അധികകാലം നിലനില്ക്കുകയില്ല. ആതുരസേവനം പുണ്യ കര്‍മമായി കാണാതെ എങ്ങനെയും പണം സമ്പാദിക്കാനാണ് ഇവരുടെ കുടില തന്ത്രങ്ങള്‍. ആയുര്‍വേദത്തെ ഇടിച്ചു താഴ്ത്തി മറ്റെല്ലാ ചികിത്സാ സമ്പ്രദായങ്ങളും മോശമാണെന്നും അലോപ്പതിയാണ് പ്രഗത്ഭം എന്നുമുള്ള ആക്രോശം നിരര്‍ഥകമാണ്. ആയുര്‍വേദ ഡോക്ടര്‍മാരും വെറ്റിനറി ഡോക്ടര്‍മാരും വ്യത്യസ്ത ശാഖകളിലാണ് പഠിച്ചുവരുന്നതെങ്കിലും അടിസ്ഥാനപരമായി ഒരേ എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് കടന്നുവരുന്നത്. ശസ്ത്രക്രിയാ രീതികള്‍ അഭ്യസനത്തിലൂടെയാണല്ലോ അലോപ്പതിക്കാരും പ്രാവര്‍ ത്തികമാക്കുന്നത്. ആയുര്‍വേദക്കാര്‍ക്കും പരിശീലനം കൊടുത്താല്‍ പ്രഗത്ഭരായവരെ കണ്ടെത്താന്‍ കഴിയും. അങ്ങനെയായാ ല്‍ ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഇവരെ ഈ സമരാഭ്യാസത്തിന് പ്രേരിപ്പിക്കുന്നത്. ഫാക്ടറി തൊഴിലാളികളെ പോലെ സംഘടനാ ബലത്തില്‍ സമരം സംഘടിപ്പിച്ച് മനുഷ്യജീവന്‍ പന്താടുന്ന സമരം നിയമം മൂലം നിരോധിക്കാന്‍ ജനഹിതം മാനിക്കുന്ന ഭരണാധികാരികള്‍ മുമ്പോട്ട് വരേണ്ടതാണ്. ഇപ്പോള്‍ സുപ്രീംകോടതിയില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഇവര്‍ക്ക് കോടതി ചുട്ട മറുപടി കൊടുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.