വീരേന്ദ്രകുമാര്‍ എവിടെയാണത് പറഞ്ഞത്?
ശംസുദ്ദീന്‍ പാലക്കോട്
”രാഷ്ട്ര വിഭജനത്തെ എതിര്‍ത്ത രണ്ടേ രണ്ട് മതപണ്ഡിതന്മാര്‍ മൗലാനാ അബുല്‍കലാം ആസാദും സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയും ആയിരുന്നെന്ന് പലതവണ തുറന്നു പറഞ്ഞു” – ‘വിട ചൊല്ലിയത് ബഹുമുഖ പ്രതിഭ’ എന്ന പേരില്‍ ഒ അബ്ദുറഹിമാന്‍ യശശ്ശരീരനായ എം പി വീരേന്ദ്രകുമാറിനെപ്പറ്റി മാധ്യമത്തില്‍ (30/5/2020) എഴുതിയ ലേഖനത്തിന്റെ അവസാന ഭാഗത്തുള്ള ഒരു വാചകമാണിത്.
ഈ വാചകം തികച്ചും തെറ്റിദ്ധാരണാജനകമാണ് എന്ന് പറയാതെ വയ്യ. കാരണം വീരേന്ദ്രകുമാര്‍ എഴുതിയതും പ്രസംഗിച്ചതുമായ ഏതാണ്ടെല്ലാ കാര്യങ്ങളും വ്യക്തമാണ്. വ്യക്തതയുള്ളതാണ്. മൗദൂദി ഇന്ത്യാവിഭജനത്തെ എതിര്‍ത്ത മതപണ്ഡിതനാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ എപ്പോള്‍ എന്ന് വ്യക്തമാക്കാന്‍ ചെറിയ കാര്യങ്ങള്‍ പോലും വിശദീകരിച്ച് എഴുതുന്ന ഒ അബ്ദുറഹിമാന്‍ എന്തിന് മടിച്ചു?
മൗദൂദിയുടെ ‘ഖുതുബാത്തും’ ‘ത്വാത്വിക വിശകലനവും’ ഇപ്പോഴും വിപണിയില്‍ ലഭ്യമാണെന്നിരിക്കെ മൗദൂദി എന്തിന് വേണ്ടി നിലകൊണ്ടു എന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഒരു മതരാഷ്ട്ര സംസ്ഥാപനമായിരുന്നു മൗദൂദിയുടെ ആദര്‍ശ ലക്ഷ്യവും സ്വപ്‌നവും എന്ന് വ്യക്തമാക്കുന്ന നൂറുകണക്കിന് തെളിവുകള്‍ ഉദ്ധരിക്കാന്‍ കഴിയും. അങ്ങനെ തലക്കകത്ത് മുഴുവന്‍ ഒരു മതരാഷ്ട്രം (തിയോ ഡെമോക്രസി എന്ന് ജമാഅത്ത് ഭാഷ്യം) കൊണ്ടുനടന്ന മൗദൂദിയെ തികച്ചും മതേതര ജനാധിപത്യചേരിയില്‍ നിലയുറപ്പിച്ച യഥാര്‍ഥ മതപണ്ഡിതനും കോണ്‍ഗ്രസ് നേതാവും സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയുമായ അബുല്‍ കലാം ആസാദിനോട് ചേര്‍ത്തു പറയുന്നത് ഒരു നിലക്കും ഭൂഷണമല്ല, നീതിയല്ല. മാത്രമല്ല ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ മൗദൂദി എന്തുകൊണ്ട് മതേതരവാദിയായ ആസാദിനോടൊപ്പം ഇന്ത്യയില്‍ നില്‍ക്കാതെ ‘ഇസ്‌ലാമിക ഭരണത്തിന്റെ ഒരു പിടി മണ്ണ് തേടി’ പാക്കിസ്താനില്‍ ചേക്കേറി എന്ന വൈരുധ്യത്തിനും ജമാഅത്ത് നേതാവ് ഒ അബ്ദുറഹിമാന്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ്.
ഇന്ത്യാവിഭജനത്തെ ഒരു കുറ്റമായിട്ട് പോലും കാണാത്ത ആളാണ് മൗദൂദിയെന്ന് ജമാഅത്തിന്റെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടാറുള്ള ടി മുഹമ്മദ് സാഹിബിന്റെ വരികള്‍ എതിര്‍രേഖയായി നിലനില്‍ക്കുകയും ചെയ്യുന്നു. അതിപ്രകാരം: ”എന്നാല്‍ കോണ്‍ഗ്രസ്സുകാരെ പോലെ ഇന്ത്യാവിഭജനം ഒരു പാതകമായി അദ്ദേഹം കരുതിയില്ല. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം എഴുതിയത് കാണുക: ഒരു മുസല്‍മാനെന്ന നിലയില്‍ എന്റെ വീക്ഷണത്തില്‍ ഇന്ത്യ ഒറ്റ രാഷ്ട്രമാകണമോ, പത്ത് ഖണ്ഡമായി വിഭജിക്കപ്പെടണമോ എന്ന പ്രശ്‌നത്തിന് യാതൊരു പ്രാധാന്യവുമില്ല. ഭൂഗോളമാസകലം ഒരൊറ്റ രാജ്യമാണ്. മനുഷ്യനത് ആയിരമായിരം ഖണ്ഡങ്ങളായി പകുത്ത് വെച്ചിരിക്കുന്നു. ഇതുവരെ നടന്നിട്ടുള്ള വിഭജനങ്ങള്‍ ന്യായമാണെങ്കില്‍ ഭാവിയില്‍ കൂടുതല്‍ വിഭജനം നടക്കുന്ന പക്ഷം അതെങ്ങനെ അന്യായമായി ഭവിക്കും?” (അബുല്‍ അഅ്‌ലാ, പേജ് 218, 219, ടി മുഹമ്മദ്)
മൗദൂദി ഇന്ത്യാവിഭജനത്തില്‍ യാതൊരപാകതയും കണ്ടിരുന്നില്ല എന്ന് മാത്രമല്ല വിഭജനത്തില്‍ അദ്ദേഹം സന്തോഷവാ നായിരുന്നു എന്ന് മൗദൂദിയുടെ ജീവചരിത്ര ഗ്രന്ഥമായ ‘അബുല്‍ അഅലയില്‍’ ജമാഅത്ത് ‘ബുദ്ധിജീവിയും ഗ്രന്ഥകാരനുമായ ടി മുഹമ്മദ് സാഹിബ് എഴുതിയതാണോ അതല്ല ഒ അബ്ദുറഹിമാന്‍ യാതൊരു തെളിവും സമര്‍പ്പിക്കാതെ വീരേന്ദ്രകുമാര്‍ (അദ്ദേത്തിന്റെ മരണശേഷം) പറഞ്ഞുവെന്ന് ഇപ്പോള്‍ പറയുന്നതോ ഏതാണ് ആധികാരികം?