വിദ്വേഷത്തിനു കാരണം മതങ്ങളോ?
നൂറ്റാണ്ടുകളായി ഇന്ത്യയില്‍ വിവിധ മതസ്ഥര്‍ ഒരുമിച്ചു കഴിയുന്നു എന്നതാണ് നമ്മുടെ ശക്തിയും അഭിമാനവും. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന വിഭാഗീയത വളരെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി വിഭാഗീയത സൃഷ്ടിക്കുന്ന സംഭവങ്ങള്‍ക്ക് രാജ്യം ഇടക്കിടെ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. സമുദായങ്ങള്‍ക്കിടയിലുള്ള ദൂരം അനുദിനം വര്‍ധിക്കുന്ന അവസ്ഥയാണിന്ന് രൂപപ്പെട്ടിരിക്കുന്നത്. അതിനനുസരിച്ച് അവരുടെ ജീവിത രീതികളും മാറുന്നു. നമ്മുടെ സുഖദുഃഖങ്ങള്‍ വ്യത്യസ്തമാകുന്നു. പരസ്പര സഹാനുഭൂതിക്കും പരോപകാര തല്‍പരതക്കുമെല്ലാം ഇത്തരത്തിലുള്ള സാമുദായിക ധ്രുവീകരണം വളരെ ആഴത്തിലുള്ള മുറിവാണ് ഏല്‍പ്പിക്കുന്നത്. ഈ വിഭാഗീയതയിലൂടെ മുന്നേറ്റം സാധ്യമല്ല. നരകതുല്യമായ അവസ്ഥയാണ് അതിലൂടെ സംജാതമാകുക. നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും വലിയ ഈ ശത്രുവിനെ കുറിച്ച അവബോധം സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. ഒരു മതവും വിദ്വേഷവും വിരോധവും പ്രചരിപ്പിക്കുന്നില്ല എന്ന അവബോധം നല്‍കേണ്ടത് മതാധ്യക്ഷന്മാരുടെ കര്‍ത്തവ്യമാണ്. ശാന്തിയുടെയും സമഭാവനയുടെയും അവബോധം സൃഷ്ടിക്കുക എന്നതും ഇവരുടെ കടമയാണ്. ഇങ്ങനെയുള്ള ആശയങ്ങള്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെടേണ്ടതുണ്ട്.
– ഷാക്കിര്‍ അലി