റമദാനും മനുഷ്യരും
പരിശുദ്ധ റമദാനിന്‍റെ ദിനരാത്രങ്ങളിലേക്ക് നാം പ്രവേശിച്ചു കഴിഞ്ഞു. പുണ്യങ്ങള്‍ നേടിയെടുക്കാനായി മാത്സര്യബുദ്ധിയോടെ മനുഷ്യര്‍ മത്സരിക്കുന്ന മാസം. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് ഈ മാസത്തിലാണ്. ദൗര്‍ഭാഗ്യകരമെന്നോണം പരിശുദ്ധിയുടെ ഈ മാസം തിന്മകളുടെ സീസണാക്കി പലരും മാറ്റുന്നു എന്നതാണ് സത്യം. അതിനുള്ള ഒരുക്കം ഭക്ഷണ പാനീയങ്ങള്‍ ഒരുക്കുന്നതില്‍ മാത്രമായി ചുരുങ്ങി. റമദാന്‍ വ്രതം അവസാനിക്കുമ്പോള്‍ ആമാശയ സംബന്ധിയായ രോഗങ്ങള്‍, പ്രമേഹം, ബ്ലഡ് പ്രഷര്‍ വര്‍ധനവ്, തൂക്കം ക്രമാതീതമായി കൂടുക തുടങ്ങിയ രോഗങ്ങള്‍ വാങ്ങി കൂട്ടാന്‍ മാത്രമുള്ള ഒന്നായി ഇതിനെ കണ്ട് തുടങ്ങി. റമദാന്‍ മാസം അതിന്‍റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ മറന്നു പോയവര്‍ക്ക് ഇത്തവണ കൊറോണ ഒരു ഉണര്‍ത്തു പാട്ടാണ് എന്നു മനസ്സിലാക്കാം. കൊറോണ നമ്മെ അല്ലാഹുവിന്‍റെ ഭവനങ്ങളില്‍ നിന്ന് അകറ്റി നമ്മുടെ ഭവനങ്ങള്‍ തന്നെ സംസ്കരിച്ച് ആരാധനാ യോഗ്യമാക്കാന്‍ പഠിപ്പിച്ചു. നമ്മുടെ മുന്‍ഗണനാക്രമങ്ങളെ തീരുമാനിക്കാനും പഴയ മനുഷ്യത്വത്തിന്‍റെ പാഠങ്ങള്‍ പൊടിതട്ടിയെടുക്കാനും പഠിപ്പിച്ചു. അങ്ങനെയാണ് കൊറോണ കാലത്ത് നോമ്പ് അനുഷ്ഠിക്കാന്‍ നമുക്ക് അവസരം കൈ വന്നതും. ഇതൊരു പ്രയാസമോ പരീക്ഷണമോ അല്ല, മറിച്ച് നാഥനിലേക്ക് കൂടുതല്‍ അടുത്ത് സല്‍വൃത്തരാവാനുള്ള അവസരമാണ്.
-ശാക്കിര്‍ അലി