8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഖുര്‍ആനിനോട് അടുക്കുക

കേവല പാരായണത്തിനായുള്ള അക്ഷരങ്ങളല്ല ഖുര്‍ആന്‍. ശരീരങ്ങളിലൂടെ ഒഴുകുന്ന, മനസ്സുകളെ ജീവിപ്പിക്കുന്ന, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ജീവനാണത്. മരിച്ചു കിടക്കുന്നവയെ അത് ജീവിപ്പിക്കുന്നു. ജനങ്ങള്‍ക്കിടയിലൂടെ അതുമായി നടക്കുന്നവരുടെ മുന്നിലും പിന്നിലും ഇടത്തും വലത്തും അത് പ്രകാശം വ്യാപിപ്പിക്കുന്നു. കേവലം നാവു കൊണ്ടു മാത്രം പാരായണം ചെയ്യുന്നവന്‍റെ തൊലിയെ അത് വിറകൊള്ളിക്കുയോ കണ്ണുകളെ ഈറനണിയിക്കുകയോ ഇല്ല. പ്രതിഫലം ആഗ്രഹിച്ച് പാരായണം ചെയ്യുന്നത് നല്ലത് തന്നെ. എന്നാല്‍ ഖുര്‍ആനിന്‍റെ വാക്കുകള്‍ക്കൊപ്പം സഞ്ചരിച്ച് പാരായണം ചെയ്യുന്നവന്‍ ഒരുപടി കൂടി ഉയരത്തിലാണ്. ഉപയോഗിച്ചിരിക്കുന്ന വാക്കുകളും അവയെ ഘടിപ്പിച്ചിരിക്കുന്ന രീതിയും അവനെ അത്ഭുതപ്പെടുത്തും. ആ വാക്കുകളുടെ ഉടമയുടെ മഹത്വത്തെ കുറിച്ചവന്‍ ചിന്തിക്കും.
“നിനക്ക് നാം നല്‍കി. നിന്നെ കാക്കാന്‍ നാം തന്നെ മതി. നിന്നെ നാം സൃഷ്ടിച്ചു. ഒടുവില്‍ ഭൂമിയുടെയും അതിലുള്ളതഖിലത്തിന്‍റെയും അവകാശിയാകുന്നത് നാം തന്നെയാകുന്നു. നിനക്ക് നാം ദിവ്യബോധനം നല്‍കി.ٹഭൂമിയെ നാം വിസ്തൃതമാക്കി. നാം എത്ര നന്നായി വിതാനിക്കുന്നവന്‍. ഞാന്‍ എന്നില്‍ നിന്നുള്ള സ്നേഹം നിന്നില്‍ ചൊരിഞ്ഞു. എന്‍റെ മേല്‍നോട്ടത്തില്‍ നീ വളര്‍ത്തപ്പെടാന്‍ വേണ്ട സൗകര്യമൊരുക്കി” എന്നെല്ലാം പാരായണം ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ മഹത്വം അവന്‍റെ ഹൃദയത്തില്‍ ചേക്കേറും. ശോഭിക്കുന്ന ആ ഹൃദയത്തെ സംബന്ധിച്ചടത്തോളം ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും നാഥനിലേക്ക് ആനയിക്കുന്നതായിരിക്കും. അശ്രദ്ധമായ ഹൃദയമേ, എത്ര കഷ്ടം! അത്തരം ഹൃദയം അതിന്‍റെ ഉടമയുടെ ഉള്ളില്‍ ചലനമുണ്ടാക്കുകയോ അല്ലാഹുവിനെ കണ്‍മുന്നില്‍ കണ്ടുകൊണ്ട് ആരാധനകളര്‍പ്പിക്കാന്‍ സാധിക്കുന്ന തലത്തിലേക്ക് അവനെ ഉയര്‍ത്തുകയോ ചെയ്യുന്നില്ല.
നല്ല ഉണര്‍ച്ചയില്‍ മറ്റെല്ലാ ജീവിത തിരക്കുകളില്‍ നിന്നും മനസ്സിനെ മോചിപ്പിച്ച് തന്‍റെ നാഥനുമായി തനിച്ചാവാന്‍ ശ്രമിക്കുന്നതും അല്ലാത്തതും തമ്മില്‍ വലിയ അന്തരമുണ്ട്. അവന്‍ തന്‍റെ സ്രഷ്ടാവിന്‍റെ സാമീപ്യം നേടുകയും അവനോട് സംവദിക്കുകയും ചെയ്യുന്നു. ജീവിതത്തിന്‍റെ തിരക്കുകള്‍ വീണ്ടും അവനെ അശ്രദ്ധനാക്കുമ്പോള്‍ നാഥന്‍റെ വാക്കുകളിലൂടെയും അക്ഷരങ്ങളിലൂടെയും അവനിലേക്ക് മടങ്ങുന്നു. ഓരോ ദിവസവും വിശ്വാസത്തിന്‍റെ വൃക്ഷത്തെയവന്‍ പ്രകീര്‍ത്തനങ്ങളാലും ഖുര്‍ആന്‍ കൊണ്ടും പ്രാര്‍ഥനകളാലും നനക്കേണ്ടതുണ്ട്. ദീര്‍ഘിച്ച പരിശ്രമം കൊണ്ടല്ലാതെ അത് സാധ്യമല്ല. അല്ലാഹുവിന്‍റെ അനുഗ്രഹം ലഭിച്ചവരാണ് ആ അവസ്ഥയിലൂടെ കടന്നു പോകുന്നത്. “സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ നാം തീര്‍ച്ചയായും സജ്ജനങ്ങളിലുള്‍പ്പെടുത്തും” (അന്‍കബൂത്ത് 9) എന്ന ദൈവിക വചനത്തിന്‍റെ താല്‍പര്യം ഒരുപക്ഷേ അതായിരിക്കാം.
സല്‍മാന്‍ നിലമ്പൂര്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x