3 Tuesday
December 2024
2024 December 3
1446 Joumada II 1

സംശയ നിഴലിലാവുന്ന കോടതികള്‍

റാഷിദ് കോഴിക്കോട്

സുപ്രീം കോടതി സ്വന്തം നിഴലിനെ വരെ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. ദുര്‍ബലമായ എതിര്‍പ്പുകള്‍ മാത്രമാണ് സുപ്രീം കോടതിയുടെ ന്യായാധിപ സംവിധാനത്തിനുള്ളില്‍ നിന്നും ഉയരുന്നത്. പൊതുതാത്പര്യ ഹര്‍ജികളിലൂടെ രാജ്യത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ ഗതി മാറ്റുകയും പുത്തന്‍ നിയമനിര്‍മാണങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷണെ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനെന്നു വിധിച്ച സുപ്രീം കോടതിയുടെ നടപടി, അതൊരു സര്‍ക്കാര്‍ അനുബന്ധ സ്ഥാപനമായി മാറി എന്ന് വീണ്ടും തെളിയിക്കുകയാണ്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഒരു ബി ജെ പി നേതാവിന്റെ ആഡംബര ഇരുചക്ര വാഹനമോടിക്കുന്ന ചിത്രത്തെക്കുറിച്ച് ചെയ്ത ട്വീറ്റും കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ക്കിടയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ത്തതില്‍ സുപ്രീം കോടതിയുടെ പങ്കും അതില്‍ത്തന്നെ കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്കും ഭാവിയില്‍ വിലയിരുത്തപ്പെടും എന്നുമുള്ള ട്വീറ്റുമാണ് ഇപ്പോള്‍ ഭൂഷണെ കുറ്റക്കാരനെന്ന് വിധിച്ച കോടതിയലക്ഷ്യക്കേസിന്റെ ആധാരം. ആയിരക്കണക്കിന് കേസുകള്‍ക്കിടയില്‍ നിന്നാണ് കഴിഞ്ഞ എട്ടു വര്‍ഷമായി നടപടികളില്ലാതിരുന്ന കേസ്, ഓണ്‍ലൈന്‍ ഹിയറിങ്ങുകള്‍ മാത്രം നടക്കുന്ന ഈ സമയത്ത് കോടതി തിടുക്കപ്പെട്ട് പൊക്കിക്കൊണ്ടുവന്നത്. കോടതിക്ക് ബാഹ്യമായ താത്പര്യങ്ങള്‍ മാത്രമാണ് ഇതിലുള്ളത് എന്നത് പകല്‍പോലെ വ്യക്തമാണ്. കോടതിയെ നമ്മളിനി എങ്ങനെ വിശ്വസിക്കാനാണ്.

Back to Top