8 Tuesday
July 2025
2025 July 8
1447 Mouharrem 12

യോഗിയുടെ പൊലീസും ഹഥ്‌റാസും

റാഷിദ് അബ്ദുല്ല

ബലാത്സംഗങ്ങളും ജാതിവെറിയും കൊണ്ട് കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ് യോഗിയുടെ ഉത്തര്‍ പ്രദേശ്. ഏറ്റവുമൊടുവില്‍ ഹഥ്‌റസിലെത്തി നില്ക്കുന്നു ഈ പരമ്പര. അക്രമികള്‍ക്കെതിരെ നടപടിയില്ലെന്നു മാത്രമല്ല, അങ്ങനെയൊന്ന് നടന്നിട്ടേയില്ല എന്നു വരുത്തിത്തീര്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് പൊലീസും സര്‍ക്കാര്‍ സംവിധാനങ്ങളും. ഹിന്ദുത്വ വക്താക്കളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെ അടിച്ചമര്‍ത്തുന്നതിനോ പ്രതികാരം തീര്‍ക്കാനോ ഉള്ള അധികാര പ്രകടനമായാണ് ബലാത്സംഗത്തെ കാണുന്നത്.
സവര്‍ക്കറുടെ രചനകളില്‍ പോലും ഒരു രാഷ്ട്രീയ ഉപകരണം എന്ന നിലക്ക് ബലാത്സംഗത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചതായി കാണാം. പിന്നെ അതിന്റെ പിന്‍ഗാമികളില്‍ നിന്ന് മറ്റൊന്ന് പ്രതീക്ഷിക്കുന്നതില്‍ ന്യായമില്ലല്ലോ! ബലാല്‍സംഗത്തെ ന്യായീകരിക്കുന്ന നിലപാട്, സ്ത്രീകളെ കുറിച്ചുള്ള ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും പ്രതിലോമപരമായ സാമൂഹിക വീക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളെ താഴ്ന്നവരും പുരുഷന്‍മാരെ ഉയര്‍ന്നവരുമായാണ് ആര്‍ എസ് എസ് കണക്കാക്കുന്നത്. സ്ത്രീകളെ കേവലം ഹിന്ദു രാഷ്ട്രത്തിന്റെ ഉപകരണങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് കാണുന്നത്.
പുരുഷന്‍മാര്‍ വിധിക്കുന്ന ശിക്ഷകളെ സ്ത്രീകള്‍ ചെറുത്തു നില്‍ക്കുന്നത് ആര്‍ എസ് എസ് നിരോധിച്ചിരിക്കുന്നു. വിവാഹ സമ്പ്രദായത്തിനകത്തും പുറത്തുമുള്ള ശിക്ഷകള്‍ സ്ത്രീകള്‍ അംഗീകരിക്കേണ്ടതുണ്ട്. സ്ത്രീകളുടെ വ്യതിചലന പ്രവണതകളെ നിയന്ത്രിക്കുകയും ആവശ്യമെങ്കില്‍ അവര്‍ക്കെതിരെ അക്രമം ഉപയോഗിക്കാനും അവരെ ഉപേക്ഷിക്കാനും അധികാരമുള്ളവരായി പുരുഷന്മാര്‍ കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഹിന്ദുത്വ വക്താക്കളുടെ ബലാത്സംഗത്തിന് അനുകൂലമായ നിലപാടും സ്ത്രീകളുമായി ബന്ധപ്പെട്ട കാഴ്ചപ്പാടും കണക്കിലെടുക്കുമ്പോള്‍ അവര്‍ ബലാത്സംഗികളെ പിന്തുണച്ചുകൊണ്ട് രംഗത്തുവരുന്നതില്‍ അതിശയിക്കാനൊന്നുമില്ല.
ബലാത്സംഗ കേസിലെ പ്രതികളെ പിന്തുണച്ച് സവര്‍ണ ജാതിക്കാരുടെ പൊതുയോഗം കൊവിഡ് ആണെങ്കിലും അല്ലെങ്കിലും പൊലീസും യു പി സര്‍ക്കാറും അനുവദിക്കുകയും അതേസമയം ഗ്രാമത്തിലേക്ക് മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്ക് പോലും പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന യോഗി ആരുടെ കൂടെയാണെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും
ആസൂത്രിത കലാപങ്ങള്‍, വംശഹത്യകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, ശാരീരിക കയ്യേറ്റങ്ങള്‍ തുടങ്ങി 2014-ല്‍ സംഘപരിവാര്‍ ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തിലെത്തിയതിന് ശേഷം ദളിത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ നടന്ന എണ്ണമറ്റ അതിക്രമങ്ങളില്‍ രാജ്യത്തെ ഭരണകൂടം അക്രമികള്‍ക്കൊപ്പമായിരുന്നു. അവരുടെ രാഷ്ട്രീയത്തോടൊപ്പമായിരുന്നു. അങ്ങേയറ്റം ക്രൂരമായ ഹാത്രാസ് സംഭവത്തില്‍ ദേശവ്യാപകമായി പ്രതിഷേധങ്ങളുയരുന്നതിനിടയിലും ഇരകളെ വീണ്ടും അപമാനിക്കുകയും പ്രതികള്‍ക്ക് വേണ്ടി സംഘടിക്കുകയും ചെയ്യുന്നവരുടെ കൈയ്യിലാണ് രാജ്യാധികാരം എന്നത് സമൂഹ മനസ്സാക്ഷിയെ വീണ്ടും ഭയപ്പെടുത്തുകയാണ്.

Back to Top