അകലം പാലിച്ചോളൂ, അകറ്റി നിര്‍ത്തരുത്
കുടുംബത്തിന്‍റെ പ്രയാസം കാണാന്‍ കഴിയാത്തതുകൊണ്ടാണ് പലരും പ്രവാസികളായത്. ഞങ്ങള്‍ ഇവിടെ കഷ്ടപ്പെടുന്നത് നാട്ടിലുള്ളവര്‍ കഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് വരുന്ന ഞങ്ങളുടെ പെട്ടിയിലെ അത്തറിന്‍റെ മണം മാത്രമേ നിങ്ങള്‍ ആസ്വദിക്കാറുള്ളൂ. അതിനേക്കാള്‍ കൂടുതല്‍ അതിലുള്ള ഞങ്ങളുടെ വിയര്‍പ്പിന്‍റെ മണം നിങ്ങള്‍ ശ്രദ്ധിക്കാതെ പോവുന്നു. പ്രിയമുള്ളവരേ, ഞങ്ങളിപ്പോള്‍ വല്ലാത്തൊരു പ്രയാസത്തിലാണ്. കൊറോണ കാരണത്താല്‍ നാട്ടില്‍ മരിച്ചവരേക്കാള്‍ കൂടുതലാണ് വിദേശങ്ങളില്‍ മരിച്ച മലയാളികള്‍. നാട്ടിലെത്തിയാല്‍ സമാധാനം കിട്ടുമല്ലോ എന്ന് കരുതിയാണ് വരുന്നത്. ഞങ്ങളുടെ വരവിനെ ട്രോളുന്ന വീഡിയോകള്‍ നിങ്ങള്‍ക്ക് ആനന്ദം നല്‍കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കതില്‍ സന്തോഷമേയുള്ളു. പക്ഷേ ഞങ്ങളെ ഒറ്റപ്പെടുത്തരുത്. പ്രവാസികളുടെ വിയര്‍പ്പൂറ്റിയെടുത്ത് നിങ്ങള്‍ സുഖിച്ച ദിനങ്ങള്‍ വല്ലപ്പോഴുമൊക്കെ ഒന്നയവിറക്കി നോക്കണം. കഷ്ടതകളില്‍ നിന്ന് കരകയറാന്‍ അവസാന കച്ചിത്തുരുമ്പു തേടി എത്തിപ്പെട്ട രാജ്യങ്ങളില്‍ രക്ഷയില്ലാതെ തിരികെയെത്തുന്നവരെ പരിഗണിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും ശ്രമിച്ചു കൂടേ. നിങ്ങള്‍ അകലം പാലിച്ചോളൂ, പക്ഷേ, അകറ്റി നിര്‍ത്തരുത്
റഷീദ് ഐക്കരപ്പടി