നടപ്പിലാകുമ്പോഴേ നിയമംകൊണ്ട് കാര്യമുള്ളൂ
മുനീര്‍ മുഹമ്മദ്
പോക്‌സോ ഭീകരമായ നിയമം തന്നെയാണ്. ഭീകരവാദികളെ പോലെ കേസില്‍ വിധി വരുംവരെ തടവില്‍ കഴിയണം. ഒരിക്കല്‍ ജയിലില്‍ കയറിയാല്‍ പിന്നെ പുറംലോകം കാണില്ല. ഇപ്പോള്‍ ഈ നിയമം ഉണ്ടായിട്ടുപോലും നാട്ടില്‍ കുട്ടികള്‍ക്ക് രക്ഷയില്ല. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണം അടിക്കടി പെരുകുമ്പോഴും ഇവയില്‍ നാലിലൊന്ന് കേസുകളില്‍ പോലും പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നില്ലെന്നാണ് വിവരം.
2012-ല്‍ നിയമം നിലവില്‍ വന്ന ശേഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌ത കേസുകളില്‍ 20 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയതെന്നാണ് വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച കണക്കുകള്‍ തെളിയിക്കുന്നത്. പോക്‌സോ ആക്‌ട് 2012 അഥവാ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്ന നിയമം 2012 എന്നാണ് ഈ നിയമത്തിന്റെ പേര്. നിയമവിരുദ്ധമായി ലൈംഗിക കൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുക അല്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കുക, വേശ്യാവൃത്തിക്കോ മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി കുട്ടികളെ ചൂഷണം ചെയ്യുക, അശ്ലീല വസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിനും അവ അനുകരിക്കുന്നതിനും കുട്ടികളെ ഉപയോഗിക്കുക മുതലായ കുറ്റകൃത്യങ്ങളെല്ലാം തടയുന്നതിനു വേണ്ടിയാണ് ഇത്തരം ഒരു നിയമം സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയ്‌ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും. വകുപ്പ് അഞ്ച് അനുസരിച്ച് ഗൗരവകരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്‌ക്കും വിധേയനാവുകയാണ്.
തിരുവനന്തപുരത്തു വകുപ്പ് അഞ്ച് പ്രകാരം രജിസ്റ്റര്‍ ചെയ്‌ത 16 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ട് കേസുകളില്‍ മാത്രമാണ് പ്രതികള്‍ക്ക് ശിക്ഷ കിട്ടിയത്. വകുപ്പ് ഏഴ് പ്രകാരം രജിസ്റ്റര്‍ ചെയ്‌ത 20 കേസുകളില്‍ വിചാരണ പൂര്‍ത്തിയായപ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് നാലു കേസുകളില്‍ മാത്രം. കോഴിക്കോട് ജില്ലയില്‍ പോക്‌സോ കോടതി നിലവില്‍ വന്ന 2016-ന് ശേഷം വിവിധ വകുപ്പുകളിലായി 239 കേസുകളില്‍ വിചരണ പൂര്‍ത്തിയാക്കിയപ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ട് 22 കേസുകളില്‍ മാത്രമാണ്. ബാക്കി 217 കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ടു. വയനാട്ടിലാകട്ടെ വകുപ്പ് അഞ്ച് പ്രകാരം രജിസ്റ്റര്‍ ചെയ്‌ത 94 കേസുകളില്‍ ശിക്ഷിക്കപ്പെട്ടത് 20 കേസുകളില്‍ മാത്രമാണ്.
വിചാരണ ഘട്ടത്തില്‍ ഇരകളും സാക്ഷികളും കൂറുമാറുന്നതാണ് പല കേസുകളിലും പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ പ്രധാന കാരണം. പോക്‌സോ കേസുകളിലെ പ്രതികള്‍ പലപ്പോഴും ബന്ധുക്കളോ അയല്‍വാസികളോ ആകുമെന്നതിനാല്‍ കേസ് ഒത്തുതീര്‍പ്പാക്കാനായി നടത്തുന്ന സമ്മര്‍ദ്ദമാണ് പലപ്പോഴും കൂറുമാറ്റത്തിലേക്ക് നയിക്കുന്നത്. കേരളത്തില്‍ എന്താണു സംഭവിക്കുന്നതെന്നു മനസിലാക്കാന്‍ പ്രയാസമാണ്. ഏറ്റവും ഒടുവില്‍ പാലത്തായി കേസില്‍ അന്വേഷണ ഏജന്‍സി തന്നെ പ്രതിക്ക് സുരക്ഷ സമ്മാനിക്കുന്നതാണു കണ്ടത്. നിയമമുണ്ടായിട്ടു മാത്രം കാര്യമില്ല. അത് നടപ്പിലാക്കാനുള്ള ആര്‍ജവം കൂടി വേണം. പാലത്തായി കേസില്‍ സര്‍ക്കാറും സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.
