ബാല്യം പൂക്കട്ടെ
മുഹമ്മദ് ഷഫീഖ്
കേള്‍വിയെക്കാള്‍ പതിന്മടങ്ങ് സ്വാധീനമുണ്ട് കാഴ്ചയ്ക്ക്. സ്വാഭാവികമായും കാഴ്ചകളുടെ അതിപ്രസരമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ് കുഞ്ഞുങ്ങള്‍. കുട്ടിയുടെ ഡിജിറ്റല്‍ ലോകത്തെ പെര്‍ഫോമന്‍സ് മറ്റുള്ളവരുമായി പങ്കുവെച്ച് ആത്മരതി കൊള്ളുന്ന രക്ഷിതാക്കള്‍ ഏറെയുണ്ട്. എന്നാല്‍, അത് സാധാരണമായ ഒരു പ്രതിഭാസമാണെന്നും ചെറുപ്പകാലത്തെ കുഞ്ഞുങ്ങളുടെ ഗ്രാഹ്യ ശക്തി അത്രയ്ക്ക് കഴിവുറ്റതാണെന്നും മനസ്സിലാക്കുകയാണ് വേണ്ടത്.
കുട്ടികളുടെ എനര്‍ജിയും ജീവിതവും എങ്ങോട്ട് ഒഴുകണം, ഏത് തരം ചിന്തകളിലൂടെ വളരണം ഇതൊക്കെ തീരുമാനിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. സദാസമയവും പഠിക്കാന്‍ പറഞ്ഞുകൊണ്ടിരിക്കാതെ ചില നിമിഷങ്ങള്‍ അവര്‍ക്ക് അവരെയും മറ്റുള്ളവരെയും അറിയാനും പ്രകൃതിയും ചുറ്റുപാടുകളുമായി ഇടപഴകാനും സമയം നല്‍കണം. അവരുടെ ജീവിതത്തെയും വ്യക്തിത്വത്തെയും നിര്‍ണ്ണയിക്കുന്നതില്‍ ഇതൊന്നുമല്ലാത്ത വേറെയും ഘടകങ്ങള്‍ ഉണ്ട്. അവിടെയാണ് മാതാപിതാക്കള്‍ തങ്ങള്‍ സാന്നിധ്യം ഉറപ്പവരുത്തേണ്ടത്. കുഞ്ഞിനെ സഹായിക്കുകയേ വേണ്ടതുള്ളൂ. അവര്‍ സ്വയം പഠിക്കട്ടെ. ചുറ്റുപാടുകളെയും ആളുകളെയും അവരുടെ മുന്നില്‍ വരുന്ന സാഹചര്യങ്ങളെയുമെല്ലാം. അതിലൂടെ മാത്രമേ സെല്‍ഫ് എക്‌സ്‌പ്ലോറിങ് നടക്കുകയുള്ളൂ. ഇതെല്ലാം കുഞ്ഞുങ്ങളെ ഭാവിയില്‍ വ്യത്യസ്തമായൊരു വ്യക്തിത്വത്തിന് ഉടമകളാക്കും.