മനസും ആരോഗ്യവും
മുഹമ്മദ് മുസ്തഫ
മനുഷ്യന്റെ ആരോഗ്യം അവന്റെ മനസുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. പൊതുവെ ഇക്കാലത്ത് രോഗങ്ങള്‍ കൂടിവരുന്നതിനുള്ള ഒരു കാരണമായി മാനസിക സംഘര്‍ഷങ്ങളുടെ ആധിക്യത്തെയും വിലയിരുത്താറുണ്ട്. മനസ്സില്‍ നാം കൊണ്ടുനടക്കുന്ന അസ്വസ്ഥതകളാണ് ഇത്തരം രോഗങ്ങള്‍ അധികരിക്കാനും ശക്തി പ്രാപിക്കാനും കാരണമായേക്കാവുന്നതില്‍ പ്രധാനപ്പെട്ട ഒന്ന്. ആരോഗ്യപൂര്‍ണമായ ശരീരം നമുക്ക് വേണമെങ്കില്‍ അതിന് മനസ്സമാധാനം അത്യാവശ്യമാണ്. ശാന്തതയും സ്വസ്ഥതയുമുള്ള ആത്മാവിനാണ് ആരോഗ്യമുണ്ടാവുക.
ഭൗതികതക്ക് മാത്രം പ്രാധാന്യം നല്‍കുന്ന സമകാലിക ജീവിതരീതികളാണ് നമ്മുടെ വികാരങ്ങളെ നശിപ്പിക്കുകയും ഭൗതികതക്ക് വേണ്ടിയും അതിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുമുള്ള മാത്സര്യ ബുദ്ധി നമ്മില്‍ ആളിക്കത്തിക്കുകയും ചെയ്തത്. നമ്മുടെ മാനസിക അസ്വാസ്ഥ്യങ്ങളും അശാന്തതയും വര്‍ധിക്കാനുള്ള പ്രധാന കാരണം ഇതൊക്കെത്തന്നെയാണ്. അതിനെല്ലാം പുറമെ മറ്റു ചില പ്രധാന കാരണങ്ങളും അതിന്റെ പിന്നിലുണ്ട്.
അതിലൊന്നാണ് അസൂയ. സ്വന്തം ശരീരത്തെക്കാളും മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുന്നതിലേക്ക് അത് ജനങ്ങളെ കൊണ്ടെത്തിച്ചു. വലിയൊരു പ്രതിസന്ധിയാണ് അത് ഉണ്ടാക്കിത്തീര്‍ക്കുന്നത്. എല്ലാവരുടെയും കണ്ണുകള്‍ മറ്റുള്ളവരിലേക്ക് മാത്രമാണ് നീളുന്നത്. എന്നാല്‍ നമ്മുടെ അവസ്ഥയെന്താണ്? മറ്റുള്ളവര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹം നോക്കി മനസ്സ് അസ്വസ്ഥമാക്കിയും ക്ഷീണിപ്പിച്ചും ആയുസ്സിനെ നശിപ്പിച്ച് കളയുന്നത് എന്തൊരു കഷ്ടമാണ്. അല്ലാഹു സംവിധാനിച്ച അനേകം അനുഗ്രഹങ്ങളെ എന്തുകൊണ്ട് മറന്നു പോകുന്നു?
അസൂയ ഒരാളുടെ ജീവിതത്തെ കീഴ്‌പ്പോട്ട് വലിച്ചുകൊണ്ടിരിക്കും. അപരന് സൗകര്യമോ സമ്പത്തോ കൂടുന്നത് തന്റെ മനസ്സിനെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ അതാണ് അസൂയ. തന്റെ ഉന്നമനത്തിന് സ്വയം അധ്വാനിക്കുക എന്നതു മാത്രമാണ് പോംവഴി. അപരന്റെ സൗകര്യങ്ങളില്‍ മനംനൊന്തിരിക്കുന്നത് നെഗറ്റീവ് ചിന്താഗതിയാണ്. അത് നമ്മില്‍ ഉണ്ടാവുന്നത് നാം ശ്രദ്ധിക്കേണ്ടതാണ്.
ജീവിതത്തിന് കൃത്യമായ ഒരു ലക്ഷ്യമില്ലാതിരിക്കുമ്പോഴാണ് ആത്മ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന തോന്നല്‍ അനുഭവപ്പെടുന്നത്. തനിക്ക് പ്രാഗല്‍ഭ്യവും വൈദഗ്ധ്യവും ഇല്ലാത്ത മേഖലകളില്‍ അനാവശ്യമായി ഇടപെടുമ്പോഴും യാതൊരു ഉപകാരമോ ഉപദ്രവമോ ഇല്ലാത്ത ജീവിതമാണ് എന്റേതെന്ന ചിന്ത വരുമ്പോഴുമൊക്കെയാണ് സ്വയം നഷ്ടപ്പെട്ടെന്ന തോന്നലുകള്‍ നമ്മെ നിരന്തരം അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ആത്മ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമായേക്കാവുന്ന എല്ലാ പ്രവര്‍ത്തികളിലും ഇടപെട്ട് അവസാനം അസ്വസ്ഥനാകുന്നത് കൊണ്ടോ വിഷമിക്കുന്നത് കൊണ്ടോ യാതൊരു പ്രയോചനവുമില്ല. ആത്മവിശ്വാസം തിരിച്ചു പിടക്കുകയും മനസ്സിന് ശാന്തിയും സമാധാനവും സദാ കൈവരിക്കാനാകുന്ന പ്രവൃത്തികളില്‍ വ്യാപൃതരാകുകയും ചെയ്യുകയെന്നതാണ്.
ജീവിതത്തിന് കൃത്യവും വ്യക്തവുമായ ലക്ഷ്യങ്ങളുള്ള ആളുകളില്‍ പത്തില്‍ ഏഴ് പേരും അവരുടെ ജീവിതത്തില്‍ സന്തുഷ്ടരാണെന്നതാണ് പുതിയ പഠനങ്ങള്‍. അതേസമയം തന്നെ ജീവിത ലക്ഷ്യമില്ലാത്ത പത്തില്‍ ഏഴ് പേരും തങ്ങളുടെ ജീവിതം കൊണ്ട് അസംതൃപ്തരുമാണ്.
ജീവിതത്തില്‍ സഹിഷ്ണുത, സ്‌നേഹം, ശുഭചിന്ത തുടങ്ങിയവ മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം ഇവയെല്ലാം പെരുമാറ്റ രീതികളുടെയും സ്വഭാവ വൈശിഷ്ട്യങ്ങളുടെയും അടിസ്ഥാന ഘടകങ്ങളാണ്. അവയുടെ അഭാവമാണ് ഇന്ന് നാം കാണുന്ന പോലെയുള്ള പരസ്പര സനേഹബന്ധങ്ങളിലെ പിരിമുറുക്കങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളും.
ആ മൂല്യങ്ങളെ ആര്‍ജിച്ചെടുക്കാനുള്ള ബോധ പൂര്‍വമായ ശ്രമങ്ങള്‍ നമ്മില്‍ നിന്നുണ്ടാവേണ്ടതുണ്ട്. പലപ്പോഴും ദൈവത്തിന്റെ ശക്തിയെ സംബന്ധിച്ച് ബോധമില്ലായ്മയും നമ്മുടെ മാനസിക സംഘര്‍ഷങ്ങള്‍ അധികരിക്കുന്നതിന് കാരണമാകുന്നുണ്ട്. അവനിലുള്ള അടിയുറച്ച വിശ്വാസം സമ്മാനിക്കുന്ന നിര്‍ഭയത്വത്തിന്റെ അഭാവം മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴി വെക്കുന്നുണ്ട്. അവനിലുള്ള വിശ്വാസത്തെ മുറുകെപ്പുണരുകയും അവന്റെ കല്പനകള്‍ ശിരസാവഹിക്കുകയും ചെയ്യുന്ന ഒരാളില്‍ മാനസിക സംഘര്‍ഷത്തിന് വലിയ അയവുണ്ടായേക്കും. വിശ്വാസം നല്കുന്ന നിര്‍ഭയത്വത്തിനായാകട്ടെ നമ്മുടെ പരിശ്രമം.