നജീബ് എവിടെ?
മുഹമ്മദ് മുഹ്‌സിന്‍
മുഹമ്മദ് നജീബ് എന്ന പേര് സമൂഹ മധ്യത്തില്‍ മുഴങ്ങിക്കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാലു വര്‍ഷം പിന്നിട്ടു. മകനെ അന്വേഷിച്ചുള്ള അവന്റെ മാതാവിന്റെ യാത്രകള്‍ക്കും അത്ര തന്നെ വയസായി. പൊടുന്നനെ ഒരു ദിവസം അപ്രത്യക്ഷമായതാണ് നജീബ്. അതിനു മുന്‍പ് അന്‍പതോളം എ ബി വി പിക്കാരുടെ മര്‍ദനത്തിന് അവന്‍ ഇരയായിട്ടുണ്ട്. നജീബിനെ കാണാതായതു മുതലുള്ള പൊലീസ് ഭാവങ്ങള്‍ ഈ തിരോധാനത്തിനു പിന്നില്‍ നിഗൂഢമായ പദ്ധതികള്‍ ഉണ്ട് എന്ന് അടിവരയിടുന്നതായിരുന്നു.
ഒരിക്കല്‍ പോലും അക്രമിച്ചു എന്ന് പറയപ്പെടുന്നവരെ ആരും ചോദ്യം ചെയ്തിട്ടില്ല. ദല്‍ഹി പോലീസ് മുതല്‍ സി ബി ഐ വരെ കേസില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ആര്‍ക്കും ഇന്നുവരെ നജീബിനെ കണ്ടെത്താനോ ഒരു വിവരമെങ്കിലും നല്‍കാനോ കഴിഞ്ഞിട്ടില്ല. ആദ്യം മുതല്‍ സംഘപരിവാര്‍ പറയുന്ന കാരണം നജീബ് ഐ എസ് ഐ എസിലേക്ക് പോയിട്ടുണ്ട് എന്നതാണ്. ഇപ്പോഴും അവര്‍ പറയുന്നത് അത് തന്നെയാണ്. ആ വാര്‍ത്ത കൊടുത്തതിനു നജീബിന്റെ മാതാവ് ഫാത്തിമ ടൈംസ് ഓഫ് ഇന്ത്യ, ടൈംസ് നൗ, സീ ന്യൂസ് ചാനലുകള്‍ക്കെതിരെ കേസ് നല്‍കിയിരുന്നു.
വിഷയത്തില്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിച്ചതിനു ജെ എന്‍ യു അധികാരികള്‍ക്കും വിമര്‍ശനം കേട്ടിരുന്നു. ഒരു മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് അവര്‍ കാര്യങ്ങളെ കൈകാര്യം ചെയ്തത്. മകനെ കണ്ടെത്താന്‍ മാതാവ് മുട്ടാത്ത വാതിലുകള്‍ കുറവാണ്. എല്ലായിടത്തു നിന്നും അവര്‍ക്ക് നിരാശ മാത്രമായിരുന്നു ബാക്കി. തന്റെ മകനെ കാണാതായി എന്നതിനെക്കാള്‍ ആ മാതാവിനെ വിഷമിപ്പിച്ചത് തന്റെ മകന്‍ ഒരു മാനസിക രോഗിയും തീവ്രവാദിയുമാണ് എന്ന കണ്ടെത്തലാകാം.
ജെ എന്‍ യു അടുത്ത കാലത്തായി സംഘപരിവാര്‍ നോട്ടമിട്ട സ്ഥലമാണ്. 2016-ല്‍ കുപ്രസിദ്ധമായ കനയ്യ കുമാര്‍ കേസ് നമുക്ക് സുപരിചിതമാണ്. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത രാജദ്രോഹമാണു അന്ന് ദല്‍ഹി പോലീസ് അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത്. ലോകം മുഴുവന്‍ അപലപിച്ച സംഭവമായി അത് മാറിയിരുന്നു. അടുത്ത കാലത്ത് പൗരത്വ പ്രക്ഷോഭത്തിന്റെ പേരില്‍ മുന്‍ ജെ എന്‍ യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നജീബ് എവിടെ എന്ന ചോദ്യത്തിനും നാല് വര്‍ഷം പഴക്കമുണ്ട്. ചോദ്യം കേള്‍ക്കേണ്ട ഭരണകൂടം കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് ഇതിലെ ദുരന്തം. കാണാതായ ആരെയും ബന്ധിപ്പിക്കാനുള്ള വഴിയായി അവര്‍ ഐ എസിനെ കാണുന്നു. അതോടെ ആ കേസ് അവസാനിക്കുന്നു. കേരളത്തില്‍ നിന്നും അങ്ങനെ പലരെയും കാണാതായിട്ടുണ്ട്. അവരെയും ആ പട്ടികയില്‍ ചേര്‍ത്തിരുന്നു. രണ്ടു കാര്യം അതിലൂടെ സംഘപരിവാര്‍ സാധിച്ചെടുത്തു. ഒന്ന്, കാണാതായ വ്യക്തി ഒരു ഭീകരനാണ്. മറ്റൊന്ന് ഒരു വിഭാഗത്തിന് ആഗോള ഭീകരരുമായി നല്ല ബന്ധമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ പിന്നെ നടക്കാന്‍ പ്രയാസമാണ്.
ഒരു മാതാവ് തന്റെ മകനെ അന്വേഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷമായി എന്നതിനേക്കാള്‍ ഉചിതം ഇന്ത്യയിലെ പ്രശസ്തമായ കലാലയത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ കാണാതായിട്ട് നാല് വര്‍ഷം കഴിഞ്ഞു എന്ന് പറയലാണ്. ഫാസിസ്റ്റ് ഭീകരത നമ്മുടെ കലാലയങ്ങളെ വിഴുങ്ങിയാല്‍ എങ്ങനെയിരിക്കും എന്നതിന്റെ തെളിവ് കൂടിയാണ് നജീബ്.
മറവി ഒരു അനുഗ്രഹം കൂടിയാണ്. നജീബ് എവിടെ എന്ന് ചോദിക്കാന്‍ പിന്നെ ആളുകള്‍ കുറഞ്ഞു വന്നു. രാജ്യത്തെ വലിയ അന്വേഷണ ഏജന്‍സിയും കേസ് അടച്ചപ്പോള്‍ ആ മാതാവിന്റെ മുന്നില്‍ ശ്യൂനത മാത്രമായി ബാക്കി. നജീബ് എവിടെ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്ന കാലം വരേക്കും ഈ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ട്.