നാം നമ്മളാവുക
മുഹമ്മദ് റിയാസ്
ജീവന്‍ നിലനില്‍ക്കാന്‍ എല്ലാ സാധ്യതകളുമുള്ള ഈ ഭൂഗോളത്തില്‍ 700 കോടിയിലധികം ജനങ്ങള്‍ ഉള്ളതില്‍ അതില്‍ ഒരാളാണല്ലോ നാം ഓരോരുത്തരും. അതിനാല്‍ ഈ അതുനിഗൂഢതകള്‍ നിറഞ്ഞ പ്രാപഞ്ചിക വിസ്മയത്തിന്‍റെ ഒരു ഭാഗമാണ് നമ്മളും എന്നതില്‍ സന്തോഷിക്കാം. എന്നാല്‍ ഈ പ്രപഞ്ചത്തില്‍ തന്‍റെ സാന്നിധ്യം തെളിയിക്കപ്പെടേണ്ടത് എങ്ങനെ? തനിക്കുള്ള സ്ഥാനം എന്താണ്? പ്രാധാന്യം എന്താണ്? എത്ര നാള്‍ താന്‍ ഇവിടെ ഉണ്ടാകും അതിനിടയില്‍ തനിക്ക് ചെയ്യാനായ് എന്തെല്ലാം. ഒട്ടേറെ ചോദ്യങ്ങള്‍ ചിന്തകള്‍ മനുഷ്യന്‍റെയുള്ളില്‍ പൊട്ടിവിടരുന്നത് സ്വാഭാവികം. ചിന്തകളെയും ബോധത്തെയും മാറ്റിവെച്ചുകൊണ്ട് വ്യക്തിത്വരൂപീകരണം സാധ്യമല്ല. സ്വത്വബോധത്തില്‍ നിന്നാണ് വ്യക്തിത്വം രൂപപ്പെടുന്നത്. താന്‍ എന്താണ്? തന്‍റെ ധര്‍മ്മം/ദൗത്യം എന്താണ്? താന്‍ അര്‍ഹിക്കുന്നത് എന്താണ്? ലോകനന്മയ്ക്കായി തനിയ്ക്ക് എന്തെല്ലാം ചെയ്യാന്‍ സാധിയ്ക്കും? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെയാണ് ഒരു വ്യക്തിയില്‍ അന്തരീകമായ മാറ്റങ്ങള്‍ നടക്കുന്നതും മാനസികരൂപന്തരം പ്രാപിക്കുന്നതും. അസ്തിത്വബോധത്തിലേയ്ക്ക് ഇറങ്ങി ചിന്തിക്കുമ്പോഴാണ് മനുഷ്യന്‍ അവനവനെ അറിയുന്നത്, അറിഞ്ഞു ജീവിക്കാന്‍ തുടങ്ങുന്നത്. അത് മുതലാണ് ജീവിതം ഏറ്റവും ആസ്വാദ്യകരമായി പരിണമിക്കുന്നതും.