24 Friday
October 2025
2025 October 24
1447 Joumada I 2

വികാരമല്ല വിവേകമാണ് വേണ്ടത്

മുഫീദ് അബ്ദുല്ല

ഏറ്റവും എളുപ്പം മുറിവേല്പിക്കപ്പെടാവുന്ന ഒന്നായി മതവികാരം മാറിയിരിക്കുന്നു. ആത്മാവറിഞ്ഞ് സ്‌നേഹിക്കുകയും പിന്‍പറ്റുകയും മാതൃക സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പ്രവാചക സ്‌നേഹം എന്ന് മനസ്സിലാക്കുന്നതിനു പകരം വൈകാരികമായി ഇഷ്ടപ്പെടുന്നതിലേക്ക് സമുദായം മാറിയതോടെയാണ് മതവികാരം എത്രയും പെട്ടെന്ന് വ്രണപ്പെടുന്ന ഒന്നായത്. ഈ അവസരം മുസ്‌ലിം വിരുദ്ധത ഉള്ളില്‍ കൊണ്ടു നടക്കുന്നവര്‍ മുതലാക്കുന്നുമുണ്ട്. ഇത്തരം സംഭവങ്ങളിലെ അവസാന സംഭവമാണ് ബാംഗ്ലൂരിലേത്.
ദേശീയ മാധ്യമങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അതില്‍ രസകരമായ കാര്യം അവിടെ എവിടെയും വിഷയം തുടങ്ങിവെച്ചയാളോ പ്രവാചക നിന്ദയോ കടന്നുവന്നില്ല എന്നതാണ്. ഇപ്പോള്‍ ചര്‍ച്ചയുടെ മര്‍മം ‘ഇസ്‌ലാമിക തീവ്രവാദം’ എന്നതിലേക്ക് ഒതുങ്ങിയിരിക്കുന്നു. ലോകാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിസ് ഇന്ത്യയിലും അതിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു എന്നതാണ് വലതു പക്ഷം ഊന്നി പറയാന്‍ ശ്രമിച്ചത്. അതുതന്നെയാണ് ശത്രുപക്ഷവും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ തന്നെ വലിയ പട്ടണങ്ങളില്‍ ഒന്നാണ് ബാംഗ്ലൂര്‍. അതുകൊണ്ട് തന്നെ ‘ഇന്ത്യയില്‍ ഇസ്‌ലാമിക തീവ്രവാദം’ എന്ന് ലോക മാധ്യമങ്ങള്‍ക്കും വിളിച്ചു പറയാന്‍ അധികം സമയം വേണ്ടി വന്നില്ല.
കോണ്‍ഗ്രസ് എം എല്‍ എ യുടെ ബന്ധു ചെയ്തത് തെറ്റായ കാര്യമാണ്. അതിനെതിരെ പ്രതികരിക്കല്‍ മത വിശ്വാസികളുടെയും മതേതര വിശ്വാസികളുടെയും ബാധ്യതയാണ്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ജനാധിപത്യമാണ് അതിനുള്ള വഴി. ആ വഴിയിലൂടെ പ്രതികരിക്കുന്നതില്‍ തെറ്റ് പറ്റിയിട്ടുണ്ട്. കര്‍ണാടക ഭരിക്കുന്നത് ഫാസിസ്റ്റ് സര്‍ക്കാരാണ്. ബ്രിട്ടീഷ്‌കാരെ ശത്രുവായി കണ്ട ടിപ്പുവിനെ അവരുടെ കൂടി ശത്രുവായി കാണുന്നവരാണ് ഭരണ രംഗത്ത്. ഇന്ന് നടന്നത് പോലുള്ള കാര്യങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നു. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഇസ്‌ലാം അനുമതി നല്‍കിയിട്ടില്ല. ഇസ്‌ലാം പ്രതികരണത്തിലും മാന്യത ആവശ്യപ്പെടുന്നുണ്ടെന്ന് ഇത്തരം പ്രതിഷേധക്കാര്‍ മറന്നുപോകുന്നു.

Back to Top