ജസീന്തയെന്ന മാതൃക
മഖ്‌സൂദ് ഇബ്‌റാഹിം
ഭരണാധികാരികളുടെ രാഷ്ട്രീയ നിലപാടുകള്‍ എക്കാലത്തും ഓഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ആ ഓഡിറ്റ് ഭയന്നിട്ടെങ്കിലും പരമാവധി വിവേചനരഹിതമായ പാത പിന്തുടരാന്‍ അവര്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍, ഇന്ത്യയില്‍ നിലവിലുള്ള ഭരണകൂടം ഇതില്‍ നിന്ന് വ്യത്യസ്തരാണ്. അവര്‍ കൃത്യമായ പക്ഷം പിടിച്ചും അതിന് വളമേകിയുമാണ് മുന്നോട്ടു പോകുന്നത്. അവിടെയാണ് ജസീന്ത ആര്‍ഡന്‍ എന്ന ന്യൂസിലാന്റ് പ്രധാനമന്ത്രിയെ നോക്കിക്കാണേണ്ടത്.
അടുത്ത കാലത്താണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. അത് അവിടെ നടന്ന ഒരു ഭീകരാക്രമണത്തിന്റെ പേരിലും. ഒരു വലതുപക്ഷ ഭീകരവാദി മുസ്‌ലിംപള്ളിയില്‍ നടത്തിയ ഭീകരാക്രമണം നിരവധി പേരുടെ ജീവന്‍ കവര്‍ന്നു. ലോകം വിറച്ച ആ സംഭവത്തില്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ എടുത്ത ധീരമായ നിലപാടുകളാണ് അന്ന് ലോകം ഭീകരതെയെക്കള്‍ ചര്‍ച്ച ചെയ്തത്.
ന്യൂസീലന്‍ഡിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്. ഒരിക്കലും ഒരു സര്‍ക്കാരിന്റെ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയില്ല. നാലര മില്യന്‍ ജനസംഖ്യയുള്ള രാജ്യത്ത് മുസ്‌ലിം ജനസംഖ്യ 45,000 മുതല്‍ 50,000 വരെയാണ്. പൊതുബോധം എന്നത് ഇന്ന് ലോകം നേരിടുന്ന വലിയ ദുരന്തങ്ങളില്‍ ഒന്ന് മാത്രം. ഭൂരിപക്ഷത്തിന്റെ വര്‍ണം നോക്കി ശരിയും തെറ്റും നിശ്ചയിക്കുന്ന കാലത്ത് ജസീന്ത ആര്‍ഡന്‍ ഒരു മാതൃകയാകുന്നു.