21 Saturday
December 2024
2024 December 21
1446 Joumada II 19

ബര്‍മുഡയും ട്രൗസറും പഞ്ചായത്ത് തെരഞ്ഞെടുപ്പും

കെ പി എസ് ഫാറൂഖി

മതരാഷ്ട്ര പ്രസ്ഥാനമായി അറിയപ്പെടുകയും ന്യായമായ കാരണങ്ങളാല്‍ പലരും ഇപ്പോഴും അപ്രകാരം വിലയിരുത്തുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുമായി വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രാദേശിക തലത്തില്‍ ചില മതേതര, സാമുദായിക പാര്‍ട്ടികള്‍ കൈകോര്‍ക്കാന്‍ ധാരണയായ ശ്രുതി പരന്ന പശ്ചാത്തലത്തിലാണ് ബര്‍മുഡയും ട്രൗസറും പ്രസക്തമാകുന്നത്! ഒരു ചാനല്‍ ചര്‍ച്ചയില്‍ മേല്‍വിഷയം സി പി എം നേതാവ് എടുത്തിട്ടപ്പോള്‍ മുസ്ലിംലീഗ് നേതാവിന് ആ വിമര്‍ശനത്തെ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന പ്രതീതി! മുസ്ലിം ലീഗ് പ്രതിനിധിക്ക് ആകെക്കൂടി പറയാനുണ്ടായത് ഇങ്ങനെ:
നിങ്ങള്‍ സി പി എമ്മുകാര്‍ ഇക്കൂട്ടരുമായി കൂട്ടുകൂടിയാല്‍ അത് ബര്‍മുഡയും ഞങ്ങള്‍ അങ്ങനെ ചെയ്താല്‍ അത് ട്രൗസറുമാണെന്ന ഈ രിതി ശരിയല്ല. അപ്പോഴതാ വരുന്നു സിപിഎം പ്രതിനിധിയുടെ മറുപടി: ഞങ്ങള്‍ ഒരിക്കലും ആ ബര്‍മുഡ ഇട്ട് നടന്നിട്ടില്ല. നിങ്ങള്‍ ഇപ്പോള്‍ ആ ട്രൗസറുമിട്ടിട്ടാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയത് ഏതായാലും നന്നായി!
മുന്‍ കാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയെ പേജിലും സ്റ്റേജിലും ഏറ്റവുമധികം വിമര്‍ശിക്കുകയും അവരെ മതരാഷ്ട്രവാദക്കാര്‍ എന്ന പേരില്‍ തന്നെ പാര്‍ട്ടി മുഖപത്രത്തില്‍ ലേഖന പരമ്പര വരെ എഴുതി സമര്‍ഥിക്കുകയും ചെയ്ത മുസലിംലീഗിന്റെ ‘ശനിദശ’ തുടങ്ങി എന്ന് വേണമെങ്കില്‍ വിലയിരുത്താവുന്ന സൂചനകള്‍! ‘സാമുദായികതയെ എതിര്‍ത്ത ജമാഅത്തുകാര്‍’ ‘സാമുദായികപ്പാര്‍ട്ടിയായ ലീഗിന്റെ’ കോണിയില്‍ കയറി മധുര പ്രതികാരം വീട്ടുന്ന കാഴ്ചയും വരുന്ന തെരഞ്ഞെടുപ്പിലെ കൗതുകക്കാഴ്ചയാവാന്‍ സാധ്യതയുണ്ട്.
”ലീഗ് സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയാണ്. ജമാഅത്തെ ഇസ്‌ലാമി സാമുദായികതയെ എതിര്‍ത്ത പ്രസ്ഥാനമാണ്” (ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി ആരിഫലി 2006 ജൂണ്‍ 11-ന്റെ കേരളശബ്ദത്തിന് അനുവദിച്ച മുസ്‌ലിംലീഗിന്റെ പരാജയം എന്തുകൊണ്ട് എന്ന അഭിമുഖ ലേഖനത്തില്‍ പറഞ്ഞത്)
മുസ്‌ലിംലീഗിന്റെ അന്നത്തെ (2006) ദയനീയ പരാജയത്തിനു കാരണമായി ജമാഅത്ത് നേതാവ് പ്രസ്തുത അഭിമുഖത്തില്‍ മൂന്ന് കാര്യങ്ങളാണ് ഊന്നിപ്പറഞ്ഞത്.
(1) ”സമൂഹത്തില്‍ ഉയര്‍ന്നു വരുന്ന പ്രശ്‌നങ്ങളോട് ലീഗിന് നിലപാടുകള്‍ ഇല്ലെന്നത് തന്നെയാണ് പ്രധാന കാരണം. മുതലാളിത്തം, സാമ്രാജ്യത്തം തുടങ്ങിയ ജീവല്‍ പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ലീഗ് ഒളിച്ചോടുകയും അണികളുടെ വികാരം കൊണ്ട് മാത്രം മുന്നോട്ട് പോകുന്ന സംഘടനയായി മാറുകയും ചെയ്തു.”
(2) ”ലീഗ് മുതലാളിമാര്‍ക്ക് വിധേയമാകുന്നുവെന്ന വിമര്‍ശനം ജനങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാണ്. ഇടത്തരം നേതാക്കള്‍ക്ക് മുന്നോട്ട് പോകാന്‍ വഴികളില്ല.”
(3) ”സ്തുതിപാഠകരെ ഗുണകാംക്ഷികളാക്കി മാറ്റി, ഉപദേശിക്കുന്നവരെ ആക്രമിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് ലീഗ് സ്വീകരിക്കുന്നത്.” (പേജ് 16-18)
അതേ സമയം മുസ്‌ലിംലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയെ പറ്റി മതരാഷ്ട്രവാദക്കാര്‍ എന്ന് പറഞ്ഞാണ് ഇതുവരെ അകന്നു നിന്നത് എന്നതും ശ്രദ്ധേയം. പുതിയ കാലത്ത് ലീഗും ജമാഅത്തും വോട്ടിന് വേണ്ടി കൈകോര്‍ക്കുമ്പോള്‍ ജമാഅത്ത് മതരാഷ്ട്രവാദം ഉപേക്ഷിച്ചതാണോ ലീഗ് മതേതരത്വം ഉപേക്ഷിച്ചതാണോ എന്നറിയാത്ത ഒരു കണ്‍ഫ്യൂഷന്‍ ബാക്കി നില്‍ക്കുന്നു! വോട്ടടുക്കുന്നതിന് മുമ്പ് ആ കണ്‍ഫ്യൂഷന്‍ ഇരു കൂട്ടരും ക്ലിയര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. അത് ബര്‍മുഡ ധരിച്ചിട്ടായാലും കൊള്ളാം, ട്രൗസര്‍ ധരിച്ചിട്ടായാലും കൊള്ളാം!

Back to Top