21 Saturday
December 2024
2024 December 21
1446 Joumada II 19

ഇ എ ജബ്ബാര്‍ എം എം അക്ബര്‍ സംവാദം

ഖാദര്‍ പാലാഴി

യാദൃച്ഛികതാ വാദികളും ദൈവ വാദികളും സംവാദം നടത്തുന്നതിലെ നിരര്‍ഥകതയെ കുറിച്ചാണ് ആദ്യം സംവാദം വേണ്ടതെന്ന് തോന്നുന്നു. ദൈവവാദികള്‍ പറയുന്ന ദൈവം, വെളിപാട്, പരലോകം, പുനര്‍ജന്മം, സ്വര്‍ഗം, നരകം തുടങ്ങിയവയെല്ലാം വിശ്വാസങ്ങളാണ്. വിശ്വാസം എന്നത് ആ വാക്ക് സൂചിപ്പിക്കും പോലെ അന്ധമാണ്. അഥവാ ഭൗതിക ശാസ്ത്രത്തിന്റെ ഏതെങ്കിലും പരീക്ഷണ നിരീക്ഷണ മാര്‍ഗങ്ങളിലൂടെ ഒരു വിശ്വാസവും തെളിയിക്കാനാവില്ല. തെളിയിക്കാനാകാത്തത് കൊണ്ടാണല്ലോ അതിനെ വിശ്വാസം എന്ന് പറയുന്നത് തന്നെ.
സൂര്യന്‍ ഉണ്ടെന്നതും ഹൈഡ്രജന്റെ രണ്ട് കണികകളും ഓക്‌സിജന്റെ ഒരു കണികയും ചേര്‍ന്നാണ് ഒരു ജലതന്മാത്രയുണ്ടാവുന്നതെന്നതും ലണ്ടന്‍ നഗരമുണ്ടെന്നതും നാം വിശ്വസിക്കുകയല്ല. പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള ബോധ്യങ്ങളാണ്. യാദൃച്ഛിക വാദികള്‍ പ്രപഞ്ചത്തിലെ ഏതേത് കാര്യങ്ങളും പദാര്‍ഥ നിബദ്ധമാണെന്ന് പറയുന്നവരും എല്ലാം പരീക്ഷണ നിരീക്ഷണ വിധേയമാണെന്ന് ആണയിടുന്നവരുമാണ്. ദൈവവാദികളും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുകയും പുതിയ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
നൊബേല്‍ ജേതാക്കളുള്‍പ്പെടെ നിരവധി ശാസ്ത്രജ്ഞര്‍ ദൈവ വിശ്വാസികളാണ്. എന്നാലവര്‍ ഈ പ്രപഞ്ചത്തിന്റെയും ജീവജാലങ്ങളുടെയും അത്ഭുതകരവും സങ്കീര്‍ണവുമായ സംവിധാനത്തിന് പിറകില്‍ ഒരു ഇന്ദ്രീയാതീത ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നു. യാദൃച്ഛികവാദികളാവട്ടെ ഒരു ശക്തിയും ബുദ്ധിയും പ്രവര്‍ത്തിച്ചിട്ടല്ല ഈ അണ്ഡകഠാഹങ്ങളുണ്ടായതെന്നും പദാര്‍ഥത്തിന്റെ ആകസ്മികവും യാദൃച്ഛികവുമായ ചലനങ്ങളും വികാസവും വഴിയാണ് ഭൗതിക പ്രപഞ്ചമുണ്ടായതെന്നും ഏതോ പ്രത്യേകാവസ്ഥയിലുത്ഭവിച്ച അമിനോ ആസിഡിന്റേയും ന്യൂക്ലിക് ആസിഡിന്റേയും കൂടിച്ചേരലുകളിലൂടെ ജീവാണു രൂപപ്പെട്ടുവെന്നും പരിണാമ പ്രക്രിയയിലൂടെ ഇന്നത്തെ ജൈവവൈവിധ്യമുണ്ടായെന്നും പറയുന്നു.
ചില ദൈവവാദികള്‍ പ്രപഞ്ചവികാസ സിദ്ധാന്തവും പരിണാമവും അംഗീകരിക്കുന്നതോടൊപ്പം എല്ലാറ്റിനും പിറകില്‍ ഒരു ‘ഇന്റലിജന്റ് ഡിസൈനര്‍’ ഉണ്ട് എന്ന് വിശ്വസിക്കുന്നവരാണ്. ഇങ്ങനെ തീര്‍ത്തും വിപരീതമായ രണ്ട് വീക്ഷണങ്ങളുള്ളവര്‍ തമ്മില്‍ നടത്തുന്ന സംവാദം ഒരു കാലത്തും ഒരു തീര്‍പ്പിലെത്തുന്നതല്ല, എത്തേണ്ടതുമല്ല. എന്നാല്‍ ലോകത്തെ എല്ലാ യാദൃച്ഛികവാദികളും ചില കാര്യങ്ങളില്‍ അഭിപ്രായാന്തരമുള്ളവരാണ്. പ്രപഞ്ചത്തെക്കുറിച്ചും പരിണാമത്തെ കുറിച്ചുമൊക്കെ അനേകം സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. യാദൃച്ഛിക വാദികള്‍ക്കിടയിലുള്ളതിനേക്കാള്‍ കടുത്ത അഭിപ്രായ വ്യത്യാസമാണ് ദൈവവാദികള്‍ക്കിടയിലുള്ളത്. സംവാദം പിന്നെയും സാധ്യമാകുക യാദൃച്ഛിക വാദികള്‍ തമ്മിലും ദൈവവാദികള്‍ തമ്മിലുമാണ്.
ഇ എ ജബ്ബാറിന്റെ വെല്ലുവിളി ഏറ്റെടുത്ത് എം എം അക്ബറും റഫീഖ് സലഫിയും മുജാഹിദ് ബാലുശേരിയും സംവാദത്തിന് തയ്യാറായ പശ്ചാത്തലത്തിലാണ് ഇത്രയും എഴുതിയത്. ആധുനിക ശാസ്ത്രത്തിന്റെ ഏതെങ്കിലുമൊരു കണ്ടെത്തലുകളിലേക്ക് ഖുര്‍ആനില്‍ സൂചനയുണ്ടെങ്കില്‍ താന്‍ ഇസ്‌ലാം സ്വീകരിക്കുമെന്നാണ് ജബ്ബാറിന്റെ വെല്ലുവിളി. രണ്ട് പക്ഷവും ചെയ്യുന്നത് അബദ്ധമാണ്. മാറ്റവും തിരുത്തുമായി മുന്നോട്ട് പോകുന്ന ശാസ്ത്രവുമായി ഖുര്‍ആന്റെ ഏതെങ്കിലും പരാമര്‍ശത്തെ താരതമ്യപ്പെടുത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്.
നിലവിലുള്ള ഏതെങ്കിലും ശാസ്ത്ര അറിവുകള്‍ വെച്ച് സ്ഥാപിക്കപ്പെട്ട് ജബ്ബാര്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ശാസ്ത്രം തിരുത്തിപ്പറയുമ്പോള്‍ ജബ്ബാറിന് തിരിച്ച് പോകേണ്ടി വരും. നിലവിലുള്ള ശാസ്ത്രീയ അറിവുമായി ഖുര്‍ആനെ കൂട്ടിക്കെട്ടാന്‍ നോക്കുന്ന എം എം അക്ബറിനും ടീമിനും ശാസ്ത്രം മാറ്റിപ്പറഞ്ഞാല്‍ മാളത്തിലൊളിക്കുകയോ യാദൃച്ഛിക വാദത്തിലേക്ക് പോകേണ്ടി വരികയോ ചെയ്യേണ്ടി വരും.
എല്ലാം കൗതുകത്തോടെ നോക്കി നില്‍ക്കുന്ന ഖുര്‍ആന്‍ അവിടെത്തന്നെയുണ്ടാവുകയും ചെയ്യും. കാരണം ഖുര്‍ആന്റെ ദൗത്യം ശാസ്ത്രം പറയലല്ല. മറിച്ച്, ഏകദൈവത്വ പ്രബോധനമാണ്. അതിനാല്‍ ഇരുകൂട്ടരോടും പറയുന്നു, ദൈവവാദത്തിനും യാദൃച്ഛികവാദ ആശയങ്ങള്‍ക്കും നേര്‍ വിപരീതമാണ് നടക്കാന്‍ പോകുന്ന സംവാദം.

Back to Top