കാലബോധം ഇസ്ലാമിക സൗന്ദര്യം
സദറുദ്ദീന്‍ വാഴക്കാട് എഴുതിയ കവര്‍സ്റ്റോറി കാലിക പ്രസക്തി കൊണ്ടും വീക്ഷണ വൈവിധ്യത കൊണ്ടും ഇസ്ലാമിക വായനയുടെ വേറിട്ട അനുഭവമായി. പൂന്തോട്ടം പോലെ മനോഹരവും ആകാശം പോലെ വിശാലവും മഞ്ഞു തുള്ളിപോലെ നിര്‍മലവുമായ ഈ ജീവിത ദര്‍ശനത്തെ തൊട്ടറിയുകയാണ് വേണ്ടതെന്നും ഈ അനുഭവ ബോധത്തിനു പൂര്‍ണമായൊരു പ്രവേശന സാധ്യത ഇസ്ലാം നല്‍കിയിട്ടുണ്ടെന്നും ഖുര്‍ആനിക വര്‍ണനകള്‍ കൊണ്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഭൗതികതയുടെ കുടുസ്സിനെ ആത്മീയതയുടെ പശിമ കൊണ്ട് മാത്രമേ വിശാലമാക്കാന്‍ സാധിക്കൂ എന്നും ഇതിലെ ഏറ്റവും വലിയ പ്രായോഗികത വേദസൂക്തങ്ങളെയും പ്രവാചക പാഠങ്ങളെയും ദൈവകേന്ദ്രീകൃതമായും മനുഷ്യോന്മുഖമായും വായിക്കപ്പെടുക എന്നതിലാണെന്നും ലേഖകന്‍ പറയുന്നു, ഇസ്ലാമിക ദര്‍ശനം ദൈവം മനുഷ്യന് വേണ്ടി രൂപപ്പെടുത്തിയതാണെന്ന കൃത്യമായ അടിസ്ഥാന തത്വം ‘മറിച്ചല്ല’ മുറുകെ പിടിക്കേണ്ടതാണെന്നും, ആചാര പ്രാധാന്യതക്കപ്പുറം സരളവും ലളിതവുമായ വിശ്വാസ സംഹിത എന്ന നിലയിലാണ് ഇസ്ലാം മികച്ചു നില്‍ക്കുന്നെതെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.
നോമ്പെടുക്കാന്‍ കഴിയാത്തവന്‍റെ പ്രായശ്ചിത്തം ദരിദ്രര്‍ക്ക് അന്നം നല്‍കലാണ് എന്നതിലൂടെ അതിന്‍റെ മാനുഷികത പ്രകടമാണെന്നും വിമോചകരായ പ്രവാചകന്മാരിലൂടെ പൂര്‍ത്തിയായതും വിവേകികളായ പണ്ഡിതന്മാരിലൂടെ വികാസം പ്രാപിച്ചതുമായ ഈ ദര്‍ശന നിയന്ത്രണം ചൂഷകരായ പുരോഹിതന്‍മാരിലേക്ക് മാറുമ്പോള്‍ വികലവും വികൃതവുമായി മാറുന്നു എന്ന് കൂടെ വ്യക്തമാക്കുന്നു.
അക്ഷരങ്ങളെ ആശയത്തിലേക്കും അവയെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്കും പരാവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ മാത്രമേ കാലത്തോടും ഈ അവസ്ഥകളോടുമുള്ള പ്രതികരണ ശേഷി സാധ്യമാകൂ. അങ്ങിനെ വരുമ്പോള്‍ ഏവര്‍ക്കും പ്രവേശന സാധ്യമായ അരുവികളൊഴുകുന്ന ആരാമമായി ഇസ്ലാം നിലനില്‍ക്കും, ദീനില്‍ നിങ്ങള്‍ക്കു യാതൊരു ക്ലിഷ്ടതയും ഉണ്ടാക്കിയിട്ടില്ല (ഖുര്‍ആന്‍ 27:78) എന്ന വേദപാഠം സര്‍വോന്മുഖമാണെന്നും പ്രവാചക പാഠങ്ങളിലൂടെ വിശദീകരിക്കുന്ന ലേഖനം വിഷയ സമീപനം കൊണ്ടും അവതരണ രീതി കൊണ്ടും മികച്ച വായനാനുഭവമായിരുന്നു.
സി അസ്ലാം മാറഞ്ചേരി