സീറോ അക്കാദമിക വര്‍ഷം വന്നാല്‍
ഇംതിയാസ് അഹമ്മദ്
കോവിഡ് മൂലം അരക്ഷിതാവസ്ഥയിലായ വിദ്യാര്‍ഥികളെ ഞെട്ടിക്കുന്നതാണ് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറും മുഖ്യമന്ത്രിയും പരാമര്‍ശിച്ച സീറോ അക്കാദമിക വര്‍ഷം. ഈ അധ്യയന വര്‍ഷം പഠനമില്ലാത്ത വര്‍ഷമായി കണക്കാക്കുകയും അടുത്ത വര്‍ഷം ഇതേ ക്ലാസ്സില്‍ പഠനം തുടരുകയും ചെയ്യുന്ന രീതിയാണ് സീറോ അക്കാദമിക വര്‍ഷം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ ഗീര്‍വാണങ്ങള്‍ക്കുമപ്പുറം രാജ്യത്തെ കോവിഡ് രോഗികള്‍ കാല്‍ കോടിയോടടുത്ത് എത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടുമെന്ന മട്ടിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
അമേരിക്കയില്‍ ടെന്നിസിയിലും ജോര്‍ജിയയിലും സ്‌കൂളുകള്‍ പുനരാരംഭിച്ചശേഷം ജൂലൈ അവസാനത്തെ രണ്ടാഴ്ചയില്‍ 97,000 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഈ ഒരു പശ്ചാത്തലത്തിലാവാം സീറോ അക്കാദമിക് വര്‍ഷം നേരിടേണ്ടിവരും എന്ന് സര്‍ക്കാരുകള്‍ ആദ്യ സൂചന നല്‍കുന്നത്. ഓരോ വിദ്യാര്‍ഥിക്കും ഒരു വര്‍ഷം പഠനകാലത്തും പിന്നീട് സര്‍വീസില്‍ വരികയാണെങ്കില്‍ അപ്പോഴും നഷ്ടമാവുമെന്നതാണ് സീറോ വര്‍ഷത്തിന്റെ പ്രത്യക്ഷ ഫലം. ഇതിനേക്കാള്‍ വലിയ പ്രശ്‌നങ്ങളാണ് ഒരു വര്‍ഷം മുഴുവന്‍ വീടുകളില്‍ അടച്ചിടപ്പെടുന്ന കുട്ടികള്‍ നേരിടുന്ന വൈകാരിക, ആരോഗ്യ പ്രശ്‌നങ്ങള്‍. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളെയാണ് ഇത് തീവ്രമായി ബാധിക്കുക.
പ്രത്യേക എഡ്യുക്കേറ്റര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും നിരന്തര ഇടപെടല്‍ മൂലം ഒരുവിധം പരിപാലിക്കപ്പെട്ടു പോന്നിരുന്ന ഇത്തരം കുട്ടികള്‍ അശിക്ഷിതരായ രക്ഷിതാക്കളുടെ മാത്രം മേല്‍നോട്ടത്തില്‍ ഒരു വര്‍ഷം മുഴുവന്‍ കഴിയേണ്ടി വരുന്നത് അവരെ എങ്ങനെയൊക്കെ ബാധിക്കുകയെന്നത് പ്രവചനാതീതമാണ്. ഒരു വര്‍ഷത്തിലേറെ വീടുകളില്‍ അടച്ചിരിക്കേണ്ടിവരികയാണ് നമ്മുടെ കുട്ടികള്‍ എങ്കില്‍ അത്തരം ഒരു സ്ഥിതിവിശേഷം നേരിടാനുള്ള ആസൂത്രണം ഉടന്‍ ആരംഭിക്കേണ്ടിയിരിക്കുന്നു.
കേരളത്തിലെ ബഹുഭൂരിപക്ഷം അണുകുടുംബങ്ങളിലെ വിദ്യാര്‍ഥികളെയാവും ഈ അടച്ചിരിപ്പ് ഏറ്റവും ബാധിക്കാന്‍ പോകുന്നത്. പലപ്പോഴും കുട്ടികള്‍ തനിച്ച് പകല്‍ മുഴുവന്‍ വീട്ടിലിരിക്കേണ്ട അവസ്ഥയും സൃഷ്ടിക്കപ്പെടുന്നുണ്ട്. രക്ഷിതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ ബന്ധം ഇല്ലാത്ത കുടുംബങ്ങളിലെ കുട്ടികളില്‍ ഈ അടച്ചിരിപ്പ് വലിയ വൈകാരിക ആഘാതത്തിനു കാരണമാകും. കുട്ടികളുടെ സാമൂഹ്യ വത്കരണത്തെയും ആരോഗ്യ പരിപാലനത്തിനെയും ഇത് സാരമായി ബാധിക്കും. ജൂലായ് 18ലെ കണക്കുപ്രകാരം 66 വിദ്യാര്‍ഥികളാണ് കോവിഡ് കാലത്ത് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. ലോക്ഡൗണ്‍ സാഹചര്യം സൃഷ്ടിച്ച തൊഴില്‍നഷ്ടം പല കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത തകര്‍ത്തിരിക്കുകയാണ്.