സാമൂഹ്യപരിവര്‍ത്തനം ചില ചിന്തകള്‍
ഇബ്‌റാഹീം ശംനാട്
പല കാരണങ്ങളാല്‍ ഭൂമിയില്‍ മനുഷ്യജീവിതം ദുസ്സഹമായികൊണ്ടിരിക്കുകയാണ്.ഒരു ഭാഗത്ത് രോഗവും പട്ടിണിയും നിരക്ഷരതയും തജ്ജന്യമായുണ്ടാകുന്ന മറ്റ് അവസ്ഥകളുമെല്ലാം മനുഷ്യസമൂഹത്തെ വേട്ടയാടുകയാണ്. പാവപ്പെട്ടവര്‍ ഏറെ പ്രയാസപ്പെടുന്ന ഇന്നത്തെ ഉദാര നവലോക വ്യവസ്ഥക്ക് സമൂലമായ പരിവര്‍ത്തനം ഉണ്ടായാല്‍ മാത്രമേ അഭിമാനബോധത്തോടെ ഭൂമിയില്‍ ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ക്ഷേമകാര്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭരണകൂടങ്ങള്‍ ഉള്‍വലിഞ്ഞിരിക്കുന്നു. ജനവിരുദ്ധ, കര്‍ഷക വിരുദ്ധ നിലപാടുകളാണ് സര്‍ക്കാറുകള്‍ സ്വീകരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യരംഗം, മറ്റ് പൊതുകാര്യ സ്ഥാപനങ്ങളെല്ലാം കുത്തകകള്‍ക്ക് തീറെഴുതികൊടുക്കുന്നു. ധാര്‍മ്മികാധപ്പതനവും പാരമ്യതയിലാണ്.
വ്യക്തി ജീവിതത്തിലെ ഈ ദുരവസ്ഥകള്‍ക്ക് പുറമെ നാം വസിക്കുന്ന പ്രകൃതിയും ഉന്മൂലന ഭീഷണി നേരിടുകയാണ്. ആഗോളതാപനം, പരിസ്ഥിതി പ്രശ്‌നങ്ങള്‍, വനനശീകരണം, പ്ലാസ്റ്റിക് തുടങ്ങിയ സങ്കീര്‍ണമായ അവസ്ഥകള്‍ക്കും നാം സാക്ഷ്യം വഹിക്കുകയാണ്. കാലം മുന്നോട്ട് കുതിക്കുമ്പോള്‍ ദുരന്തങ്ങളില്‍ നിന്ന് കൂടുതല്‍ ദുരന്തങ്ങളിലേക്ക് നീങ്ങുന്ന അവസ്ഥയാണ് കാണുന്നത്. ഈ അവസ്ഥക്ക് എങ്ങനെ മാറ്റം വരുമെന്ന് ചോദിച്ചാല്‍ വ്യക്തി കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ നേരിയ മാറ്റമെങ്കിലും ഉണ്ടാവൂ എന്നാണുത്തരം. വ്യക്തികളെ ശാക്തീകരിക്കുകയും സാമൂഹ്യാവസ്ഥകളെ കുറിച്ചുള്ള ബോധവത്കരണവുമാണ് പ്രധാനം.
ശിരസ്സ്, ഹൃദയം, ഇരു കരങ്ങള്‍ എന്നിവയാണ് വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങള്‍. ശിരസ്സ് എന്നത് അറിവ്, വിജ്ഞാനം എന്നിവയെയും ഹൃദയം കൊണ്ട് ഉദ്ദേശിക്കുന്നത് ധാര്‍മിക ബോധത്തേയും ഇച്ഛാ മനോഭാവത്തേയും ഇരു കരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് വിവിധ തൊഴില്‍ നൈപുണ്യത്തേയുമാണ്. ഒരു വ്യക്തിയുടെ ഈ മൂന്ന് ഘടകങ്ങളെ കേന്ദ്രീകരിച്ച് കൊണ്ടുള്ള പ്രവര്‍ത്തന പരിശീലനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയാല്‍ അത് നമ്മില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് കളമൊരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഈ മൂന്ന് ഘടകങ്ങളുടെ ശരിയായ രൂപത്തിലുള്ള പരിശീലനമാണ് വിദ്യാഭ്യാസം എന്ന് പറയുന്നത്. അതോടൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണ നിലവാരത്തിലും വ്യക്തികളുടെ ഉന്നത വിദ്യാഭ്യാസത്തിലും മാറ്റങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. വ്യക്തമായ ദിശാബോധവും വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും ഉണ്ടാവേണ്ടതാണ്. ഇതിന്റെ ഫലമായി സമൂഹത്തില്‍ രൂപപ്പെടുക ബഹുമുഖ പ്രതിഭകളുള്ള വ്യക്തിത്വങ്ങളായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരം വ്യക്തികള്‍ സമൂഹത്തിന് ഭാരമല്ല, മറിച്ച് അനുഗ്രഹമാണ്.
മനുഷ്യ സാമൂഹ്യാവസ്ഥയില്‍ മാറ്റം ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും ആ മാറ്റത്തിന്റെ ആദ്യ പ്രക്രിയ ആരംഭിക്കേണ്ടത് വ്യക്തികളില്‍ നിന്നാണ്. വ്യക്തികളുടെ മാറ്റമാണ് സാമൂഹ്യപരിവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. ഒരു രാഷ്ട്രം അതിന്റെ ജനസമൂഹത്തെ ശക്തവും സമ്പൂര്‍ണവുമായ വ്യക്തിത്വങ്ങളാക്കി വളര്‍ത്തി എടുക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍, സ്രഷ്ടാവിന്റെ സഹായത്താല്‍ അവര്‍ക്ക് ശോഭനമായ ഒരു ഭാവി കൈവരിക്കാന്‍ കഴിയും. തദ്വാരാ അവര്‍ക്ക് അവരുടെ മതത്തേയും വിശ്വാസത്തേയും ഉന്നതിയിലേക്കത്തെിക്കാനും സംരക്ഷിക്കാനും സാധിക്കും.
ഒരു ജനത അതിന്റെ വ്യക്തികളെ വളര്‍ത്തുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ആ രാജ്യം അധപ്പതനത്തിനും നശീകരണത്തിനും വിധേയമായിത്തീരും. മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തില്‍ നിന്ന് പ ഠിക്കേണ്ട പാഠവും ഇതാണ്. മറുവശത്ത് മനുഷ്യന്‍ ഒരു സാമൂഹ്യ ജീവി എന്ന നിലയില്‍ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ശക്തമായ ആശയ സമരങ്ങളും കൂട്ടായ പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. അതിന്റെ ഭാഗമായി വ്യാപകമായ ബോധവത്കരണ കാമ്പയിനുകള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, പെറ്റിഷന്‍ സമര്‍പ്പിക്കല്‍, പൊതു താല്‍പര്യ ഹര്‍ജി തയ്യാറാക്കല്‍, ഒപ്പ് ശേഖരണം, ആവശ്യമായ ഫണ്ട് സമാഹരണം തുടങ്ങിയ സാമൂഹ്യ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ശക്തിപ്പെടുമ്പോള്‍ മാത്രമേ സാമൂഹ്യ പരിവര്‍ത്തനം യാഥാര്‍ഥ്യമാവുകയുള്ളൂ. ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെ അതിനുള്ള കളമൊരുങ്ങുകയാണ്.