21 Saturday
December 2024
2024 December 21
1446 Joumada II 19

സ്വത്വബോധവും സ്വത്വരാഷ്ട്രീയ നിര്‍മിതിയും

ഹുസൈന്‍ എറിയാട്

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയും യു ഡി എഫും തമ്മിലുള്ള രാഷട്രീയ സഖ്യം വലിയൊരു ചര്‍ച്ചയ്ക്ക് വേദിയായിരിക്കുകയാണല്ലോ,  ഈ സഖ്യത്തെ ഏതു രീതിയിലാണ് നമ്മള്‍ സംവദിക്കേണ്ടത് എന്നത് ഒരു വലിയ വിഷയമാണ്. ലോകത്തിലെ ഏറ്റവും വലിയ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലെ മതേതര ചേരിതന്നെ പകച്ചു നില്‍ക്കുകയാണ്, എങ്ങിനെ ഇതിനൊരു ബദല്‍ കെട്ടിപ്പടുക്കണം എന്ന വിഷയത്തില്‍.  ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിപോലും തങ്ങളുടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ ഉപേക്ഷിച്ച് എന്തിനും തയ്യാറായി അവര്‍ നില്‍ക്കുന്നു.
കോണ്‍ഗ്രസ്സിലെ സമുന്നതരായ നേതാക്കള്‍ രണ്ട് തട്ടിലാണ്.  മൃദുഹിന്ദുത്വത്തെകൊണ്ട് നേരിടണമെന്ന് ഒരു കൂട്ടര്‍.  അത് ആത്മഹത്യാപരമെന്ന് ശശിതരൂര്‍ അടക്കമുള്ള നേതാക്കള്‍.  വ്യക്തമായ കാഴ്ചപ്പൊടും പദ്ധതിയും ഇല്ലാതെ വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ മതേതര ചേരിക്ക് കരുത്ത് പകരാന്‍ ന്യൂനപക്ഷ ദളിത് മുന്നേറ്റങ്ങള്‍ക്ക് കഴിഞ്ഞില്ല എങ്കില്‍ പിന്നെ ഒരു തിരിച്ചു നടത്തം അസാധ്യമായിത്തീരും.  അങ്ങിനെ ഭാവിയില്‍ എന്തും സംഭവിക്കാം തങ്ങളുടെ അസ്തിത്വവും ഐഡന്റിറ്റിയും നഷ്ടപ്പെട്ട് മറ്റൊരു റോഹിങ്ക്യന്‍ ജനതയായി തീരാന്‍ വിധിക്കപ്പെട്ടവരായി തീര്‍ന്നേക്കാം നമ്മള്‍.
ഇന്ത്യയിലെ വലിയൊരു രാഷ്ട്രീയ പ്രബുദ്ധത അവകാശപ്പെടുന്ന കേരളത്തില്‍ കുറേക്കൂടി ഗൗരവമായിട്ടായിരിക്കണം ഈ വിഷയത്തെ നമ്മള്‍ നോക്കി കാണേണ്ടത്.  സംഘ്പരിവാറിന്റെ ഈ മതരാഷ്ട്രവാദത്തിന് സ്വത്വരാഷട്രീയത്തിന്റെ പുതിയ ഒരു വേര്‍ഷനാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ലക്ഷ്യം. എങ്കില്‍, വലിയൊരു ധ്രുവീകരണമാണ് നമ്മെ കാത്തിരിക്കുന്നത്.
ഭാവിയിലേക്ക് സമുദായത്തിന്റെ പല പ്രശ്‌നങ്ങളും അവതരിപ്പിക്കുന്നതില്‍ ലീഗിന്റെ പരിമിതിയെ ജമാഅത്ത് ഇസ്ലാമി നന്നായി മനസ്സിലാക്കിയിരിക്കുന്നു. ലീഗും ലീഗിന്റെ പരിമിതികളെ തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നു. അതാണ് ലീഗിനേയും ഈ ബന്ധത്തിന് പ്രേരിപ്പിക്കാന്‍ കാരണം. കുറച്ച് നാളുകള്‍ക്ക് മുന്‍പ് ലീഗിന്റെ അഞ്ചാംമന്ത്രി സ്ഥാനത്തിന്റെ ചര്‍ച്ച വന്നപ്പോള്‍ എതിര്‍പ്പുയര്‍ന്നത് കോണ്‍ഗ്രസ്സിന്റെ മതേതര ചേരിയില്‍ നിന്നാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രം ലീഗ് മനസ്സിലാക്കി തുടങ്ങിയ സന്ദര്‍ഭമായിരുന്നു അത്.  ആ പൊളിറ്റിക്കല്‍ ഇമേജിന് തീര്‍ത്തും അവഗണിക്കാനും കഴിയില്ല. ഇങ്ങിനെയുള്ള ഒരുപാട് പ്രശ്‌നങ്ങളെ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ടു വേണം കേരള രാഷ്ട്രീയ പരിസരത്തുനിന്ന് ഇതിനെ വിലയിരുത്താന്‍.
ഊഷ്മള മായ ആ പഴയ മതസാഹോദര്യത്തില്‍ നിന്നാണ് ലീഗിന്റെ പിറവി.  പേരില്‍ മുസ്ലിം എന്നുവച്ചുകൊണ്ടുതന്നെ ആത്മാര്‍ത്ഥമായ മതേതര മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടാണ് ആ സാഹചര്യത്തില്‍ ലീഗ് വളര്‍ന്നു വന്നതും കേരളത്തിലെ പ്രബലമായ മതേതര മുന്നേറ്റത്തിന്റെ ഭാഗമായതും. ഒരു ബഹുമതസമൂഹത്തില്‍ ന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനമായ ലീഗിന്റെ പല മതനിരപേക്ഷമൂല്യങ്ങളേയും തങ്ങളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി ഏകപക്ഷീയമായി ചോദ്യം ചെയ്തു.
പൊതുസമൂഹത്തിന്റെ വിലകുറഞ്ഞ കൈയ്യടിയും തങ്ങളുടെ മാധ്യമത്തിന്റെ സര്‍ക്കുലേഷനും മുന്നില്‍കണ്ടുകൊണ്ടു തന്നെ ഇരയ്‌ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരനുവേണ്ടി ഓടുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് അവര്‍ പയറ്റിയത്. മൂല്യാധിഷ്ടിത രാഷ്ട്രീയം എന്ന വിളിപ്പേരില്‍ മതനിരപേക്ഷ രാഷ്ട്രീയ മുന്നേറ്റത്തിന്റെ കടയ്ക്കലാണ് ഇവര്‍ അറിഞ്ഞോ അറിയാതെയോ കത്തിവെച്ചത്. സ്വത്വരാഷ്ട്രീയത്തിന്റെ അപകടം പിടിച്ച വേലിക്കെട്ടുകളില്‍ നിന്ന് പുറത്തുവന്ന സ്വത്വബോധത്തിന്റെ ആത്മാഭിമാനത്താല്‍ മൂല്യങ്ങള്‍ മുറുകെ പിടിച്ച് മതനിരപേക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നടത്തുന്നതാണ് ന്യൂനപക്ഷ രാഷ്ട്രീയത്തിന് കരണീയം. അതിന്റെ മാതൃകകളാണ് പൂര്‍വ്വകാല മുസ്ലിം സമൂഹത്തിലെ നവോത്ഥാനനായകരുടെ ഇടപെടലുകള്‍. ആ മാതൃകകള്‍ എന്ന് തിരിച്ചുകൊണ്ടുവരുവാന്‍ കഴിയുമോ. അന്ന് ഒരു മാറ്റം നമുക്ക് പ്രതീക്ഷിക്കാം.

Back to Top