ഭൂതകാലത്തില്‍ കുടുങ്ങരുത്
ഹനീന്‍ അബ്ദുല്ല
ഭൂതകാലത്തില്‍ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ ആളുകളെ നമുക്കു ചുറ്റും കാണാനൊക്കും. തന്റെ ഭൂതകാലത്തിന്റെ മാറാപ്പും പേറി ഒട്ടും മുന്നോട്ടു സഞ്ചരിക്കാനാകാതെ ഉഴറുന്നവരാണതിലേറെയും. ദു:ഖത്തിന് ഭൂതകാലത്തെ തിരിച്ചു കൊണ്ടുവരാനോ വ്യഥ നിമിത്തം അതില്‍ മാറ്റം വരുത്താനോ സാധ്യമല്ല. വീണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ ഒരു പ്രയാസവും പുനര്‍ജനിക്കുന്ന പ്രശ്‌നമില്ല. ഭൂതകാലത്തിന്റെ പേടിസ്വപ്‌നത്തില്‍, നഷ്ടപ്പെട്ടതിന്റെ തണലില്‍ നാം ഒരിക്കലും ജീവിക്കരുത്. കഴിഞ്ഞകാലത്തിന്റെ മിഥ്യാബോധത്തില്‍ നിന്ന് സ്വയം പുറത്തുകടക്കുക. വര്‍ത്തമാന കാലത്തെ ചെറുതായി കാണുന്നതും ഭൂതകാലത്തില്‍ അഭിരമിക്കുന്നതുമാണ് നമ്മുടെ ബലഹീനത. അലസതയെ കുറിച്ച് നാം ബോധവാന്മാരല്ല. അതേയവസരം പഴയതിനെ ഓര്‍ത്ത് കണ്ണീരൊഴുക്കുകയും ചെയ്യുന്നു. മനുഷ്യരും ജിന്ന് വര്‍ഗവും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാലും ഭൂതകാലത്തെ തിരിച്ച് കൊണ്ടുവരിക സാധ്യമല്ല. കാരണം അതാണ് യഥാര്‍ഥമായ അസാധ്യം എന്ന് പറയുന്നത്. ഭാവിയെ മുന്നില്‍ കാണുകയും അത് ശോഭനമാക്കാന്‍ ആവശ്യമായ വഴി തേടുകയുമാണ് നാം ചെയ്യേണ്ടത്. അപ്പോഴാണ് ജീവിതത്തിന് അര്‍ഥം കൈവരിക. മുന്നോട്ട് നീങ്ങലാണ് ജീവിതത്തിന്റെ നിയമം. പിന്തിരിഞ്ഞു നോക്കി നേരം കളയുന്നതില്‍ ഒട്ടും അര്‍ഥമില്ല തന്നെ.