വ്യക്തിത്വത്തിന്റെ ഉയര്‍ച്ച
ഹനീഫ് മുഹമ്മദ്
ഒരു വ്യക്തിത്വത്തിന്റെ മേന്മ നിര്‍ണയിക്കുന്നത് മനോഭാവം കൊണ്ടാണ്. താനൊരു നല്ല വ്യക്തിയാണ്, താന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം വളരെ ശരിയാണ്, താന്‍ വിമര്‍ശനാതീതനാണ് എന്ന ചിന്ത നമ്മില്‍ മുളക്കുന്നത് നമ്മിലെ അറിവിന്റെയും ബോധത്തിന്റെയും അപര്യാപ്തത മൂലമാണ്. ആത്മബോധം വന്ന ഒരാള്‍ക്ക് മാത്രമേ തന്നിലെ പോരായ്മകളെക്കുറിച്ചു ബോധം ഉണ്ടാവൂ. പലവിധ അബദ്ധധാരണകള്‍ നമ്മെ കുഞ്ഞിലേ കയ്യടക്കി വെച്ചിട്ടുണ്ടാവും. അതില്‍ നിന്നൊക്കെ സ്വയം തിരിച്ചറിവിലൂടെ മാറാന്‍ ശ്രമിക്കണം. നമുക്ക് സമൂഹത്തിലെയോ അല്ലെങ്കില്‍ മറ്റുള്ള മനുഷ്യരിലെയോ അഴുക്കും ജീര്‍ണതയും കണ്ടെത്താന്‍ എളുപ്പം സാധിക്കുന്നു. അന്യന്റെ കുറവുകളെക്കാള്‍ ഗുണങ്ങള്‍ കണ്ടെത്താന്‍ മനസ്സ് കാണിക്കണം, മനുഷ്യരിലെ നന്മയെ തിരിച്ചറിഞ്ഞു സ്‌നേഹിക്കാനും കഴിയണം. എല്ലാവരെയും സ്‌നേഹിക്കാന്‍ സാധിക്കണം എന്നൊന്നുമില്ല, അവര്‍ക്ക് നമ്മോടുള്ള സമീപനവും വലിയൊരു ഘടകമാണ്. ബന്ധങ്ങള്‍ നഷ്ടപ്പെടുന്നതിനും ശിഥിലമാക്കപ്പെടുന്നതിനും നാം ഹേതുവാകരുത്. ജീവിതം പോലും നമ്മോട് തിരിച്ച് പ്രതികരിക്കുന്നത് നമ്മുടെ ആന്തരീക മനസ്ഥിതിയെ ആധാരപ്പെടുത്തിയാണ്. ജീവിതത്തെ അതിന്റെ ഉത്തുംഗതയില്‍ ചെന്ന് ആസ്വദിക്കാന്‍ യോഗ്യത നേടുന്നത് ഒരാളുടെ മനോഭാവം അതിനൊത്തത് ആവുമ്പോള്‍ മാത്രമാണ്.