21 Saturday
December 2024
2024 December 21
1446 Joumada II 19

സ്ത്രീധന നിരോധന നിയമം വിജയിക്കാത്തതിന് ആരാണ് ഉത്തരവാദി?

ഫൈസല്‍ മലപ്പുറം

1961-ലാണ് ‘സ്ത്രീധന നിരോധന നിയമം’ നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവുമില്ല! എന്നാല്‍ സ്ത്രീധന നിരോധന നിയമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം! പകരം സ്ത്രീധനം കൊടുത്തു വിവാഹം നടത്തിയ ശേഷം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍, വിവാഹമോചനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തില്‍ ‘സ്ത്രീധനം ചോദിച്ചു’ എന്നോ ‘വാങ്ങി’ എന്നോ ഒക്കെയുള്ള കേസുകള്‍ കൂടി ഭര്‍ത്താവിനോ അയാളുടെ വീട്ടുകാര്‍ക്കോ എതിരെ കൊടുക്കുന്നതാണ് കണ്ടു വരുന്നത്! എന്തുകൊണ്ടാണ് വിവാഹത്തിന് മുന്‍പ് തന്നെ ഇത്തരത്തില്‍ സ്ത്രീധനം ചോദിക്കുന്നവര്‍ക്കെതിരെ കേസ് കൊടുക്കാത്തത് എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
പെണ്‍കുട്ടിയെ പഠിപ്പിച്ച് ജോലിക്കാരിയാക്കുന്നതിനേക്കാള്‍ അവളെ ഒരുവന്റെ കൈയില്‍ പിടിച്ചേല്‍പ്പിച്ച് ‘കടമ’ തീര്‍ക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ തന്നെയാണ് നമുക്കു ചുറ്റുമുളളവരില്‍ ഭൂരിഭാഗം പേരും. ചോദിക്കുന്ന പൊന്ന് കൊടുത്തോ അതിനേക്കാള്‍ ഒരല്‍പം കൂടുതല്‍ കൊടുത്തോ തന്നെ മകളെ കെട്ടിച്ചയക്കണം. ഇതാണ് കേരളത്തിലെ സാധാരണ മധ്യവര്‍ഗ കുടുംബത്തിന്റെ രീതി. സ്ത്രീകള്‍ക്കെതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ സ്ത്രീധനത്തിന് ചെറുതല്ലാത്ത ഒരു പങ്ക് ഉണ്ട്.
സ്ത്രീധനം എന്ന വിപത്ത് പാടെ ഇല്ലാതാക്കാന്‍ മാതാപിതാക്കളും പെണ്‍കുട്ടികളുമടങ്ങുന്ന സമൂഹം കൂടി ശ്രദ്ധവയ്ക്കണം. സ്ത്രീധനം ചോദിച്ചുവരുന്ന ഒരാള്‍ക്ക് മകളെ വിവാഹം ചെയ്തു കൊടുക്കില്ല എന്ന് രക്ഷിതാക്കളും അങ്ങനെ ഒരാളുടെ കൂടെ ജീവിക്കാന്‍- അയാള്‍ തന്റെ കാമുകനാണെങ്കില്‍ പോലും- തയ്യാറല്ല എന്ന് പെണ്‍കുട്ടികളും പറയാന്‍ ധൈര്യം കാണിച്ചാല്‍ ഒരു പരിധി വരെ ഇത് ഇല്ലാതാക്കാനാവും.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും മാത്രമല്ല കുറ്റകരം, സ്ത്രീധനം ആവശ്യപ്പെടുന്നതോ താല്പര്യങ്ങള്‍ വിജ്ഞാപനം ചെയ്യുന്നതോ പോലും സ്ത്രീധന നിരോധന നിയമ പ്രകാരം ശിക്ഷാര്‍ഹമാണ്. സ്ത്രീധനം വാങ്ങുന്നതിനോ കൊടുക്കുന്നതിനോ വേണ്ടിയുള്ള കരാറുകള്‍ അസാധുവാണ്. അഥവാ കൊടുത്താല്‍ തന്നെ അത് ഭര്‍ത്താവോ ബന്ധുക്കളോ വധുവിന്റെ (ഭാര്യയുടെ) പേരിലുള്ള നിക്ഷേപമായി സൂക്ഷിക്കണം. അവള്‍ ചോദിക്കുമ്പോള്‍ തിരിച്ചുകൊടുക്കുകയും വേണം. യഥാര്‍ത്ഥത്തില്‍ സ്ത്രീധനത്തുക കൈവശം വന്നതിന് ശേഷം മൂന്ന് മാസത്തിനകം അത് വധുവിന്റെ പേരിലേയ്ക്ക് മാറ്റിയിരിക്കണം.
സ്ത്രീധനമെന്നതു കൊണ്ട് ഈ നിയമത്തില്‍ ഉദ്ദേശിക്കുന്നത് -വിവാഹ ബന്ധത്തിലേര്‍പ്പെടുന്ന വധൂവരന്മാരുടെ രക്ഷകര്‍ത്താക്കള്‍ പരസ്പരം നേരിട്ടോ മറ്റൊരാള്‍ മുഖേനയോ വിവാഹത്തിനു മുന്‍പോ ശേഷമോ വിവാഹത്തോടനുബന്ധിച്ച് കൊടുക്കുന്നതോ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ വിലപിടിപ്പുള്ള വസ്തുക്കള്‍, ഉറപ്പുകള്‍ എന്നിവയെയാണ്. എന്നാല്‍ മുസ്‌ലിം വ്യക്തിനിയമപ്രകാരമുള്ള ഇഷ്ടദാനങ്ങള്‍, മഹര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുകയില്ല.
വിവാഹത്തിനോ അതിനു ശേഷമോ രക്ഷകര്‍ത്താക്കളോ ബന്ധുക്കളോ സ്വമേധയായോ സന്തോഷത്തോടുകൂടിയോ നല്‍കുന്ന പരമ്പരാഗതമായ ഉപഹാരങ്ങള്‍ സ്ത്രീധനത്തില്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ ഭാവിയില്‍ അതേ ചൊല്ലി ഒരു പ്രശ്‌നമുണ്ടാകാതിരിക്കാനായി, വധുവിനും വരനും ലഭിക്കുന്ന വസ്തുക്കളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി രണ്ടു പേരുടേയും ഒപ്പുകളോടു കൂടി സൂക്ഷിക്കാന്‍ 1985-ലെ സ്ത്രീധന നിരോധന നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സമൂഹത്തിലെ ഒരു വിഭാഗത്തിന് സ്റ്റാറ്റസ് കാണിക്കാനുള്ള ഒരുപാധിയാണ് സ്ത്രീധനം. അത്തരക്കാര്‍ കാരണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടക്കാന്‍ സ്ത്രീധനം ‘ഡിമാന്റ്’ ചെയ്തില്ലെങ്കിലും കൊടുക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാവുന്നു. ഇത്തരം ദുരാചാരങ്ങളൊന്നും നിയമം കൊണ്ട് മാത്രം തടുക്കാനാവില്ലെന്ന് ഈ നിയമത്തിന്റെ പരാജയത്തില്‍ നിന്നും മനസിലാക്കാം. അതിനു സമൂഹം കൂടി മനസു വയ്ക്കണം. കുറഞ്ഞപക്ഷം കൊടുക്കുന്ന സ്വത്തുകള്‍ ഈ നിയമത്തില്‍ പറയും പ്രകാരം കൊടുത്താല്‍ ഭാവിയില്‍ അതിന്റെ പേരില്‍ വിഷമിക്കാതിരിക്കുകയെങ്കിലും ചെയ്യാം.

Back to Top