പൗരത്വ ഭീതി എന്നൊഴിയും?
അന്‍സാര്‍ മുഹമ്മദ്
പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പാസാക്കിയിട്ട് 9 മാസമായി. മനുഷ്യാവകാശപ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഇതിനെതിരെയുള്ള പ്രക്ഷോഭവും ആരംഭിച്ചിരുന്നു. കേന്ദ്ര സര്‍വകലാശാലകളില്‍ ആരംഭിച്ച പ്രക്ഷോഭം 2020 ജനുവരി മുതല്‍ ഡല്‍ഹിയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും പ്രധാന തെരുവോരങ്ങളിലും കാമ്പസുകളിലും സജീവമായി. സംഘര്‍ഷം മൂര്‍ഛിച്ച് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ പൊലിസ് നടത്തിയ വര്‍ഗ്ഗീയ കലാപം വരെയെത്തി കാര്യങ്ങള്‍. പൗരത്വ പ്രക്ഷോഭം അടിച്ചൊതുക്കാനെന്ന പേരിലാണ് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആസൂത്രിതമായ മുസ്‌ലിംവേട്ട അരങ്ങേറിയത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പൊലിസും സംഘപരിവാര്‍ ഗുണ്ടകളും ചേര്‍ന്ന് വീടും കടകളും വാഹനങ്ങളും പള്ളികളും തല്ലിത്തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. മുസ്‌ലിം വീടുകള്‍ തെരഞ്ഞുപിടിച്ചാണ് ഇത് ചെയ്തത്. നിരവധി കുടുംബങ്ങളാണ് ഇവിടെ നിന്നും കൂട്ടപ്പലായനം ചെയ്തത്. നൂറുകണക്കിന് പേര്‍ പൊലിസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടു. അതിലേറെ പേര്‍ക്ക് പരുക്കേറ്റു.
2020 മാര്‍ച്ചോടെ രാജ്യത്തും കോവിഡ് വ്യാപകമായിട്ടും കേന്ദ്രസര്‍ക്കാരിന്റെ പ്രധാനശ്രദ്ധ പൗരത്വ സമരക്കാര്‍ തന്നെയായിരുന്നു. വിവിധ ക്യാംപസുകളിലും നഗരങ്ങളിലും പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരെ ഓരോന്നായി അറസ്റ്റു ചെയ്ത് ജയിലിലടക്കുകയാണ് ഭരണകൂടം ചെയ്തത്. ആ മനുഷ്യവേട്ട ആഭ്യന്തര വകുപ്പ് ഇപ്പോഴും തുടരുകയാണ്. വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥി നേതാക്കളെയും പൗരത്വ ബില്ലിനെ എതിര്‍ത്തും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചും സംസാരിക്കുന്നവരെയെല്ലാം കള്ളക്കേസും രാജ്യദ്രോഹക്കുറ്റവും യു എ പി എയും ചുമത്തി ജയിലിലടക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളും ചുമത്തി പ്രക്ഷോഭകരെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെയെല്ലാം ഘട്ടം ഘട്ടമായി അറസ്റ്റ് ചെയ്തും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും നിശബ്ദമാക്കാമെന്നാണ് കേന്ദ്രവും അതിന് കീഴിലെ പൊലിസ് സംവിധാനങ്ങളുമെല്ലാം ധരിച്ചുവെച്ചിരിക്കുന്നത് എന്നാണ് ഇതില്‍ നിന്നും നമുക്ക് മനസ്സിലാവുക