കുട്ടികളുടെ സ്വഭാവത്തെ എങ്ങനെ സ്വാധീനിക്കണം
അനസ് മുഹമ്മദ്
കുട്ടികള്‍ക്ക് എന്തുതരം ശിക്ഷണമാണ് നല്‍കേണ്ടത്, ഏത് രീതിയിലാണ് അവരെ വളര്‍ത്തേണ്ടത് എന്ന് കൃത്യമായി അറിഞ്ഞില്ലങ്കില്‍ വലിയ അപകടമായിരിക്കും ക്ഷണിച്ച് വരുത്തുക. ഇന്ന് കുട്ടികളെ ഏറ്റവും കുടുതല്‍ സ്വാധീനിക്കുന്നത് ഇലക്ട്രോണിക്/ഇന്റര്‍നെറ്റ് മീഡിയകളാണ്. രക്ഷിതാക്കളില്‍ നിന്നുള്ള ശരിയായ ശിക്ഷണത്തിന്റെ അഭാവത്തില്‍, ശ്ലീലമെന്നോ അശ്ലീലമെന്നോ വിവേചിച്ചറിയാതെ കുട്ടികള്‍ അതിന്റെ അടിമകളാവുക സ്വാഭാവികം. ഗര്‍ഭസ്ഥ ശിശുവായിരിക്കുമ്പോള്‍ ബാഹ്യലോകത്ത് നിന്നും കുട്ടികള്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ച് തുടങ്ങുന്നു. ഈ കാലയളവില്‍ രക്ഷിതാക്കളുടെ പെരുമാറ്റം കുട്ടിയുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുന്നു. ഗര്‍ഭവതിയായ ഭാര്യയോട് ഭര്‍ത്താവും കുടുംബാംഗങ്ങളും എത്ര സ്‌നേഹോഷ്‌മള സമീപനം സ്വീകരിക്കുന്നുവോ അത്രയും മാനസികവും ശാരീരികവുമായ കരുത്ത് നവജാത ശിശുവിനുണ്ടാവും.
സ്വഭാവത്തിലെ കാപട്യം, സംസാരത്തില്‍ കളവ് തുടങ്ങിയ വിക്രസ്സുകളൊന്നും കുട്ടികളുടെ മുമ്പില്‍ പ്രകടിപ്പിക്കരുത്. കുട്ടികളെ മതാനുഷ്‌ഠാനങ്ങള്‍, വിശിഷ്യ നമസ്‌കാരം പഠിപ്പിക്കുകയും ദിനചര്യകളില്‍ കൃത്യനിഷ്‌ഠയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതില്‍ രക്ഷിതാക്കളുടെ മാതൃക വളരെ പ്രധാനമാണ്. രക്ഷിതാക്കള്‍ നല്ല മാതൃകകള്‍ സൃഷ്ടിച്ച് കൊണ്ട് അവരെ വളര്‍ത്തുന്നതാണ് ഏറ്റവും ഫലപ്രദമായി രീതി. ദമ്പതികള്‍ പരസ്‌പരം കലഹിക്കുന്ന മാതൃകകള്‍ സൃഷ്ടിച്ച് കുട്ടികളെ വളര്‍ത്തുന്ന രക്ഷിതാക്കള്‍ അതുമൂലമുണ്ടാവുന്ന ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഗൗനിക്കാറില്ല. ഭാവിയില്‍ ഈ കുട്ടികളും അവരുടെ ദമ്പതിമാരോട് പെരുമാറാന്‍ പോവുന്നത് തങ്ങളുടെ രക്ഷിതാക്കള്‍ കാണിച്ച അതേ മാതൃകകളാണ്. രക്ഷിതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങള്‍ കുട്ടികളുടെ മുമ്പില്‍വെച്ച് വിഴുപ്പലക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തുന്നത് അത്‌കൊണ്ടാണ്.