കുടുംബ ബന്ധങ്ങള്‍ വീണ്ടെടുക്കാം
അനസ് മുഹമ്മദ്
സാമൂഹിക വ്യവസ്ഥയില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂര്‍ണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഇടപഴക്കവും കൂടിക്കാഴ്ചയും സന്തോഷവും കുളിര്‍മയും ഉണ്ടാക്കുമ്പോഴാണ് കുടുംബം യഥാര്‍ഥത്തില്‍ സമ്പൂര്‍ണമാകുക. മനുഷ്യനെ കുടുംബവുമായി ബന്ധിപ്പിച്ച് പരിചയപ്പെടുത്തിയതും കുടുംബ ബന്ധങ്ങളെ അങ്ങേയറ്റം ആദരിക്കണമെന്ന് നിര്‍ദേശിച്ചതും പരമകാരുണികനായ സ്രഷ്ടാവ് തന്നെയാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും സംരക്ഷണവും പുരോഗതിയും ഉദ്ദേശിച്ചാണ് ഇത്തരമൊരു സംവിധാനം സ്രഷ്ടാവ് ഏര്‍പ്പെടുത്തിയത്. അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് ഇണകളെ സൃഷ്ടിച്ചതും സ്‌നേഹവും കരുണയും ആവോളം നല്‍കി ഒന്നിപ്പിച്ചതുമൊക്കെ.
കുടുംബ ജീവിതത്തിന്റെ വീണ്ടെടുപ്പ് സാംസ്‌കാരികവും ധാര്‍മികവും ആത്മീയവുമായ ഒരാവശ്യമാണ്. ഇണകളും തുണകളും മനസ്സ് വെച്ചാല്‍ മാറ്റം തീര്‍ച്ചയാണ്. കാരണം മനുഷ്യന്‍ പൊതുവെ നല്ലവനാണ്. ഉപദേശിച്ചാല്‍ ഫലം ചെയ്യും. ഉപദേശം ഗുണകാംക്ഷയോടെയായിരിക്കണം. ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ വിജയ വീഥിയിലേക്ക് കൂട്ടായ ശ്രമങ്ങളിലൂടെ മടങ്ങുവാന്‍ നാമോരോരുത്തരും സന്നദ്ധമാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.