ഖുര്‍ആന്‍ കൊണ്ട് പ്രതിരോധിക്കുമ്പോള്‍ സംഭവിക്കുന്നത്
അഹമ്മദ് ശരീഫ്
‘കുറച്ച് ഖുര്‍ആന്‍ ഈ നാട്ടില്‍ വിതരണം ചെയ്തതാണോ പ്രശ്‌നം’ – സ്വയം പ്രതിരോധത്തിനായി മന്ത്രി കെ ടി ജലീല്‍ ഉയര്‍ത്തിയ ചോദ്യം ഗൗരവമേറിയൊരു കേസിനെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ചു വിടുന്ന കാഴ്ച്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരോപണങ്ങള്‍ ഖുര്‍ആന്റെ പേരിലാവുകയും മതം വര്‍ഗീയതക്കും സാമൂഹിക ധ്രുവീകരണത്തിനും കാരണമാവുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്. സംസ്ഥാന സര്‍ക്കാരും മുഖ്യപ്രതിപക്ഷവും സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാന്‍ മതരാഷ്ട്രീയം ഉപയോഗിക്കുന്ന ബി ജെ പിയും എല്ലാം ‘ഖുര്‍ആന്‍’ ആണ് കവചമായും ആയുധമായും ഉപയോഗിക്കുന്നത്.
സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചത്, ‘ഖുര്‍ആനെ അവഹേളിക്കുകയാണോ’ എന്നാണ്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ഖുര്‍ആന്‍ വിരുദ്ധ പ്രക്ഷോഭമാണെന്നു കൂടി പറഞ്ഞു കോടിയേരി. ജലീല്‍ ആകുമ്പോള്‍ ഖുര്‍ആന്‍ ആയാലും തൊട്ടുകൂടാ എന്ന രീതിയിലേക്ക് ലീഗ് മാറുന്നുവെന്ന് പിണറായി ആരോപിക്കുമ്പോള്‍ ഖുര്‍ആനെയാണ് അദ്ദേഹവും കരുവാക്കി മുന്നോട്ടുവയ്ക്കുന്നത്. ഖുര്‍ആനെ കവചമാക്കി ഇക്കൂട്ടര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ വീണുകിട്ടിയ അവസരമായി ഉപയോഗിക്കുകയാണ് ബിജെപിയും സംഘപരിവാര്‍ സംഘടനകളും. സ്വര്‍ണക്കടത്തോ കേസുകളോ നിയമമോ ഒന്നുമല്ല, ഖുര്‍ആന്‍ വിതരണവും ജലീല്‍ എന്ന ‘മുസ്‌ലിം’ സമുദായക്കാരനുമാണ് ബിജെപി ആരോപണങ്ങളിലെ കേന്ദ്രവിഷയം. കേസ് തീര്‍ന്നാലും ജലീല്‍ നിരപരാധിത്വം തെളിയിച്ചാലും ഇപ്പോഴുണ്ടാക്കി വച്ചിരിക്കുന്ന സാഹചര്യങ്ങളുടെ മുതലെടുപ്പുകള്‍ തീരില്ല എന്നതാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.
