വിസ്മരിക്കപ്പെടുന്ന നീതിനിഷേധങ്ങള്‍
അഹമ്മദ് സഫീര്‍
നീതിനിഷേധ സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ നീതി നിഷേധിക്കപ്പെടുന്നു എന്നത് അതിശയോക്തി കലര്‍ന്ന പ്രസ്താവനയല്ല. ആരെയെങ്കിലും ഒരാളെ പീഡിപ്പിച്ചേക്കണമെന്നു കരുതിയാല്‍ കരിനിയമങ്ങള്‍ ചാര്‍ത്തി വിചാരണ പോലും നീട്ടി കഷ്ടപ്പെടുത്തുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. ഒരു കുറ്റത്തിന് പ്രതികളെ പിടികൂടിയെന്നാല്‍ കുറ്റവിചാരണ നടത്തി വിധി പറയേണ്ടത് നീതിപൂര്‍വമായ നടപടിയാണ്. അതിനു പകരം വര്‍ഷങ്ങളോളം വിചാരണ പോലുമില്ലാതെ തടവില്‍ പാര്‍പ്പിക്കുന്നത് ഏറെ പ്രതിഷേധാര്‍ഹമാണ്.
അബ്ദുന്നാസര്‍ മഅ്ദനിയുടെ ബാഗ്ലൂര്‍ തടവ് വാസത്തിന് പത്ത് വര്‍ഷം തികയുകയാണ്. 2010 ആഗസ്റ്റ് പതിനേഴിനാണ് കൊല്ലം കരുനാഗപ്പള്ളി അന്‍വാറുശ്ശേരി കാമ്പസില്‍ വെച്ച് കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. നേരത്തെ കോയമ്പത്തൂര്‍ കേസില്‍ വിചാരണയുടെ പത്താം വര്‍ഷമായിരുന്നു അദ്ദേഹത്തെ സമ്പൂര്‍ണ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് ജയില്‍ മോചിതനാക്കിയത്. ആ കേസില്‍ 72 പേര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുമുണ്ട്. രണ്ട് കേസുകളിലുമായി അദ്ദേഹത്തിന്റെ തടവ് ജീവിതം രണ്ട് പതിറ്റാണ്ട് തികയാന്‍ പോവുകയാണ്.
മഅ്ദനി തന്റെ 55 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇരുപത് വര്‍ഷവും തടവ് ജീവിതത്തിലാണ് കഴിയേണ്ടി വന്നത്. ഇപ്പോഴും അത് തുടരുന്നു. ബാംഗ്ലൂര്‍ കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഇനിയും എവിടെയുമെത്തിയില്ല എന്ന് മാത്രമല്ല അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കോയമ്പത്തൂര്‍ കേസില്‍ കുറ്റ വിമുക്തനായി കേരളത്തിലെത്തിയ മഅ്ദനിയെ കേരളത്തിലെ ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ നല്‍കിയ സ്വീകരണ പരിപാടികള്‍ കേരളം മറന്നിട്ടില്ല. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ മഅ്ദനി ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സുപ്രീം കോടതി പോലും ഇടപെട്ടിട്ടും വിചാരണ തടവുകാരനായി കഴിഞ്ഞ് കൂടുകയാണ് അദ്ദേഹം. ഗുരുതരമായ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന അദ്ദേഹത്തോട് സാമാന്യമാനുഷിക നീതി പോലും കാണിക്കാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടില്ല എന്നു മാത്രമല്ല കൂടുതല്‍ പീഡിപ്പിക്കാനാണ് ശ്രമിച്ചത്. വിചാരണ നടക്കുന്ന എല്ലാ ദിവസങ്ങളിലും കോടതിയില്‍ ഹാജറാകാന്‍ നിര്‍ബന്ധിച്ചും മതിയായ ചികിത്സ ലഭ്യമാക്കാതെയും മറ്റും.
ഇതൊരു മഅ്ദനിക്കു മാത്രം സംഭവിക്കുന്നതല്ല. അനേകം ചെറുപ്പക്കാര്‍, കുറ്റം തെളിഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷം മാത്രം ശിക്ഷയനുഭവിക്കേണ്ടവര്‍ എട്ടും പത്തും വര്‍ഷങ്ങളായി വിചാരണ പോലും നിഷേധിക്കപ്പെട്ടവരായി വിവിധ ജയിലുകളില്‍ കിടപ്പുണ്ട്. ഈ അനീതിക്കെതിരെ ഇപ്പോഴും നിശബ്ദരും നിസ്സംഗരുമാണ് നമ്മില്‍ പലരും. ജനാധിപത്യ ഇന്ത്യയില്‍ ഇന്നും ഇത് ആവര്‍ത്തിക്കപ്പെടുന്നു എന്നത് ഗൗരവമായി തന്നെ കാണേണ്ടതുണ്ട്. ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയേ തീരൂ.`